ഗുളികരൂപത്തിൽ വിറ്റിരുന്ന കെച്ചപ്പ്; ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട സോസായി മാറിയ കഥ

പിസ്സ, ബർഗർ തുടങ്ങി ഒരു വിധം എല്ലാ ജങ്ക് ഫുഡുകൾക്കുമൊപ്പം സെെഡ് ഡിഷായി പ്രചാരം നേടിയ ഒന്നാണ് കെച്ചപ്പ്. എന്നാൽ ഒരു കാലത്ത് ഈ കെച്ചപ്പ് മരുന്നായിരുന്നുവെന്ന് എത്ര പേർക്കറിയാം. അങ്ങനെയൊരു ചരിത്രം കൂടി കെച്ചപ്പിനുണ്ട്. 1830-കളിൽ, ഈ വിഭവം ദഹനക്കേട് പോലുള്ള ചില രോഗങ്ങൾ ഭേദമാക്കുന്നതിന് ഉപയോഗിച്ചിരുന്നു.
ഏഷ്യൻ ഫിഷ് സോസിൽ നിന്നാണ് കെച്ചപ്പ് ഉത്ഭവിച്ചത്. വിദേശയാത്ര ചെയ്തിരുന്ന യൂറോപ്യൻ വ്യാപാരികളാണ് കെച്ചപ്പ് നാട്ടിലേക്ക് കൊണ്ടുവന്നത്. ബിയറും ആൻചോവി മത്സ്യവും ചേർന്ന ഫിഷ്സോസാണ് കെച്ചപ്പിന്റെ ആദ്യ രൂപമായി കണക്കാക്കുന്നത്.
1812-ൽ, ശാസ്ത്രജ്ഞനായ ജെയിംസ് മീഡ് ആണ് ആദ്യമായി തക്കാളി അടിസ്ഥാനമാക്കിയുള്ള കെച്ചപ്പ് കണ്ടുപിടിച്ചത്. അക്കാലത്ത്, മിക്ക അമേരിക്കക്കാരും യൂറോപ്യൻമാരും തക്കാളി കഴിച്ചിരുന്നില്ല, കാരണം അവയ്ക്ക് വിഷമുള്ള നൈറ്റ്ഷെയ്ഡ് പഴങ്ങളോട് സാമ്യമുണ്ടായിരുന്നു. അത് കഴിച്ചാൽ അസുഖം വരുമെന്ന് അവർ കരുതി. 1830-കളിൽ ഈ ചിന്താഗതിക്ക് മാറ്റം വന്നു.
1834-ൽ ഡോ. ജോൺ കുക്ക് ബെന്നറ്റാണ് കെച്ചപ്പ് മരുന്നായി വിൽക്കാമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. വയറിളക്കം, മഞ്ഞപ്പിത്തം, ദഹനക്കേട് എന്നിവയ്ക്കുള്ള മരുന്നായി കെച്ചപ്പ് വിൽക്കാൻ തുടങ്ങി. തക്കാളി ഗുളികകൾ എന്ന രൂപത്തിൽ വീര്യം കൂടിയ കെച്ചപ്പ് ഗുളികൾ ഇതോടെ വിപണിയിൽ സ്ഥാനം പിടിച്ചു.
അധികം വൈകാതെ മറ്റ് കമ്പനികളും അവരുടെ സ്വന്തം പതിപ്പിലുള്ള കെച്ചപ്പ് ഗുളികകൾ നിർമിക്കാൻ തുടങ്ങി.
എങ്കിലും, കെച്ചപ്പ് മരുന്നായി വിറ്റഴിക്കപ്പെട്ട കാലം വളരെ ചുരുങ്ങിയതായിരുന്നു. 1850 ആയപ്പോഴേക്കും, ചില കമ്പനികൾ വയറിളക്കാനുള്ള മരുന്നുകൾ തക്കാളി ഗുളികകൾ എന്ന പേരിൽ വിറ്റഴിച്ചത് കെച്ചപ്പ് ഗുളികകളുടെ ആവശ്യകത കുത്തനെ ഇടിയാൻ കാരണമായി.
തക്കാളിയുടെ ഉല്പാദനം കുറവും ഉപഭോഗം കൂടുതലുമായപ്പോൾ കമ്പനികൾ ചീഞ്ഞ തക്കാളിയുടെ പൾപ്പും ഉപയോഗിച്ചു തുടങ്ങി. കെച്ചപ്പ് കേടുവരാതിരിക്കാനായി ബോറിക് ആസിഡ്, ഫോർമാലിൻ, സാലിസിലിക് ആസിഡ്, ബെൻസോയിക് ആസിഡ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കളും നിർമാതാക്കൾ ചേർക്കാൻ തുടങ്ങി. ചീഞ്ഞ പൾപ്പ് കുപ്പിയിലാക്കുന്നതിന് മുമ്പ് അരിച്ചെടുക്കുമ്പോൾ അതിന് ചുവപ്പ് നിറം നഷ്ടപ്പെട്ടുപോകും. ഇത് തടയാനായി കൽക്കരി ടാർ ചേർക്കുമായിരുന്നു.
1876-ൽ ഹെൻറി ജെ. ഹൈൻസാണ് വിഷരഹിതമായ കെച്ചപ്പ് കണ്ടുപിടിച്ചത്. നന്നായി പഴുത്ത ചുവന്ന തക്കാളികളായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. അവയിൽ കൂടുതൽ പെക്റ്റിൻ അടങ്ങിയിരുന്നു. പെക്റ്റിന്റെ സവിശേഷത കാരണം, കെച്ചപ്പിന്റെ കാലാവധി നീട്ടാൻ അധിക രാസവസ്തുക്കൾ ചേർക്കേണ്ട ആവശ്യം വന്നില്ല. കൂടാതെ, ഹൈൻസിന്റെ കെച്ചപ്പിൽ കൂടുതൽ വിനാഗിരിയും പഞ്ചസാരയും അടങ്ങിയിരുന്നു. രാസ സംരക്ഷകവസ്തുക്കൾ ഇല്ലാത്ത ഈ കെച്ചപ്പ്, അമേരിക്കയിലും യൂറോപ്പിലുടനീളവും പ്രചാരം നേടി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the fascinating, little-known history of ketchup. Once a medicine for ailments, it evolved from an Asian fish sauce to the world`s favorite condiment.