അമ്മാവനെ വിവാഹം കഴിക്കുന്ന രീതി കേരളത്തിലില്ല, അന്ന് രാധിക പറഞ്ഞത് എനിക്ക് മനസ്സിലായില്ല; കീർത്തി സുരേഷ്

തെലുങ്ക് സിനിമയിലെ തന്റെ അനുഭവങ്ങളും അവിടത്തെ ചില ആചാരങ്ങളെയുംകുറിച്ച് നടി രാധിക ആപ്തെ നടത്തിയ പരാമർശം അടുത്തിടെ വലിയ ചർച്ചയായിരുന്നു. തെലുങ്ക് സിനിമയിൽ അഭിനയിക്കുമ്പോൾ അമ്മാവനെ വിവാഹം കഴിക്കേണ്ട കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിവന്നതിനെക്കുറിച്ചായിരുന്നു രാധികയുടെ തുറന്നുപറച്ചിൽ. ഇതേക്കുറിച്ച് സംസാരിക്കുമ്പോൾ രാധികയ്ക്കൊപ്പം ഉണ്ടായിരുന്ന നടി കീർത്തി സുരേഷ് പ്രതികരിക്കാതിരുന്നത് വിവാദമായിരുന്നു. തെന്നിന്ത്യൻ സിനിമയുടെ പ്രതിനിധിയായ കീർത്തി അപ്പോൾ ഇടപെട്ട് കാര്യങ്ങൾ വിശദീകരിക്കേണ്ടിയിരുന്നുവെന്ന വിമർശനവും ഉയർന്നു. ഇപ്പോഴിതാ, അന്ന് പ്രതികരിക്കാതിരുന്നതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
തന്റെ പുതിയ ചിത്രമായ 'സത്യവാൻ സാവിത്രി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കീർത്തിക്ക് ഇതുസംബന്ധിച്ച ചോദ്യം നേരിടേണ്ടിവന്നത്. രാധികയുമായുള്ള സംഭാഷണത്തിൽ തെന്നിന്ത്യൻ വിവാഹരീതികളെക്കുറിച്ച് സംസാരിച്ച രീതി അൽപം പരിഹാസം കലർന്നതായിരുന്നുവെന്നും അന്ന് ഇവിടുത്തെ സിനിമയുടെ പ്രതിനിധിയായ കീർത്തി ഇടപെട്ട് കാര്യങ്ങൾ വിശദീകരിക്കേണ്ടിയിരുന്നുവെന്നും മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടി. എന്നാൽ, രാധിക പറഞ്ഞത് ആദ്യം തനിക്ക് മനസ്സിലായിരുന്നില്ലെന്നാണ് കീർത്തിയുടെ വിശദീകരണം.
''ഞാൻ അത് വിശദീകരിച്ചിരുന്നല്ലോ. സത്യത്തിൽ, അവർ ആദ്യം പറഞ്ഞത് എനിക്ക് മനസ്സിലായില്ല. അമ്മാവനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടിവന്നു എന്നു പറഞ്ഞപ്പോൾ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് പിടികിട്ടിയില്ല. പിന്നീട് മാത്രമാണ് അവർ സംസ്കാരത്തെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായത്. ആ രീതിയെക്കുറിച്ച് അവർക്ക് അറിയില്ലല്ലോ. അതുകൊണ്ടാണ് തെന്നിന്ത്യയിലെ ചില ഭാഗങ്ങളിൽ അങ്ങനെയൊരു ആചാരമുണ്ടെന്ന് ഞാൻ പറഞ്ഞത്'', കീർത്തി വ്യക്തമാക്കി.
തമിഴിലും തെലുങ്കിലും മാത്രമാണ് ഇത്തരം വിവാഹരീതികൾ നിലവിലുള്ളതെന്നും കേരളത്തിൽ അങ്ങനെയില്ലെന്നും കീർത്തി പറഞ്ഞിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ ഓർമിപ്പിച്ചു. ''അതെ, ഞാൻ സംസ്കാരത്തെക്കുറിച്ചാണ് സംസാരിച്ചത്. കേരളത്തിൽ ഈ രീതി നിലവിലില്ല. മറ്റൊരു സംസ്കാരത്തെയും ഞാൻ ഒരിക്കലും താഴ്ത്തിക്കെട്ടില്ല. ഒരാൾക്ക് നമ്മുടെ സംസ്കാരത്തെക്കുറിച്ച് അറിയില്ലെങ്കിൽ അത് വിശദീകരിച്ചുകൊടുക്കാം. എന്നാൽ, ഇതാണ് നമ്മുടെ പാരമ്പര്യമെന്നും അതിനെക്കുറിച്ച് സംസാരിക്കരുതെന്നും മറ്റൊരാളെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിയില്ല. തമിഴ്നാട്ടിലും ആന്ധ്രയിലും ഇത്തരം വിവാഹരീതികളുണ്ടെന്നും കർണാടകയിലെ കാര്യത്തിൽ എനിക്ക് വ്യക്തതയില്ലെന്നും ഞാൻ പറഞ്ഞു. ഒരു വിവരം എന്ന നിലയിലാണ് അതേക്കുറിച്ച് സംസാരിച്ചത്'', കീർത്തി വിശദീകരിച്ചു.
നെറ്റ്ഫ്ളിക്സ് വെബ് സീരീസായ 'അക്ക'യുടെ പ്രമോഷനിടെ സൂം നൽകിയ അഭിമുഖത്തിലാണ് തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെക്കുറിച്ച് രാധിക സംസാരിച്ചത്. ഒരു തെലുങ്ക് ചിത്രത്തിൽ അമ്മാവനെ വിവാഹം കഴിക്കേണ്ട കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിവന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ അനുഭവമെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ആ കഥാപാത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും രാധിക പറഞ്ഞു. ഇതു കേട്ട കീർത്തി ആദ്യം അമ്പരക്കുകയും പിന്നീട് ചിരിക്കുകയും ചെയ്തു. തുടർന്ന്, ''തമിഴ്, തെലുങ്ക് മേഖലകളിൽ അമ്മാവനെ വിവാഹം കഴിക്കുന്ന രീതി നിലവിലുണ്ട്'' എന്ന് വിശദീകരിക്കുകയും ചെയ്തു.
എന്നാൽ, പ്രായത്തിൽ ഏറെ മുതിർന്ന നടനുമായി പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടിവന്നതും അതിനു പിന്നിലെ പുരുഷാധിപത്യപരമായ സാഹചര്യവുമാണ് തന്നെ അസ്വസ്ഥയാക്കിയതെന്ന് രാധിക വ്യക്തമാക്കി. ചിത്രത്തിന്റെ പേര് താരം വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും 2014ൽ ബോയപതി ശ്രീനു സംവിധാനം ചെയ്ത 'ലെജൻഡ്' എന്ന ചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണയായിരുന്നു നായകൻ. രാധിക അവതരിപ്പിച്ച കഥാപാത്രം അമ്മാവനെ വിവാഹം കഴിക്കുന്നതല്ല, മറിച്ച് ബാവയുമായി (അമ്മയുടെ സഹോദരനോ അച്ഛന്റെ സഹോദരിയുടെ മകനോ) പ്രണയത്തിലാകുന്നതാണ് കഥാസന്ദർഭം. തെലുങ്ക്, തമിഴ് മേഖലകളിൽ നിലനിന്നിരുന്ന ഒരു വിവാഹരീതിയാണിത്.
അതേസമയം, പ്രവീൺ എസ്. വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സത്യവാൻ സാവിത്രി' നവംബർ 20ന് തിയേറ്ററുകളിലെത്തും. മിഷ്കിനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi