രാത്രികളിലെ ഏറ്റവും മോശം രാത്രി, റോഡിലിരുന്ന് അലറിവിളിച്ചു; സെയ്ഫിന് കുത്തേറ്റ സംഭവം ഓർത്തെടുത്ത് കരീന

വർഷങ്ങൾക്കുശേഷം കരൺ ജോഹറിന്റെ ജനപ്രിയ ചാറ്റ് ഷോയായ 'കോഫി വിത്ത് കരൺ' വേദിയിൽ ഒരുമിച്ചെത്തുകയാണ് ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരുടെയും തമാശകളും നർമസംഭാഷണങ്ങളും നിറഞ്ഞതായിരിക്കും എപ്പിസോഡെന്ന സൂചന നേരത്തേ പുറത്തുവന്ന പ്രമോകളിലുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം വീട്ടിൽവെച്ച് സെയ്ഫിന് കുത്തേറ്റ സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഇരുവരും വൈകാരികമായാണ് പ്രതികരിച്ചത്. സെയ്ഫിന് കുത്തേറ്റ രാത്രിയുടെ ഭീതിപ്പെടുത്തുന്ന ഓർമകളാണ് ഇരുവരും ഷോയിൽ പങ്കുവെച്ചത്.
“ആ സംഭവത്തിന്റെ ആഘാതത്തിൽ ആറുമാസത്തോളം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അന്നത്തെ രാത്രി പരിഭ്രാന്തിയിലായിരുന്നു. ഞാൻ റോഡിലിരുന്ന് അലറിവിളിക്കുകയായിരുന്നു. നിൽക്കൂ, നിൽക്കൂ എന്നായിരുന്നു വിളിച്ചുപറഞ്ഞത്. ഒരു സിനിമയിലെ രംഗം പോലെയായിരുന്നു അത്” കരീന വെളിപ്പെടുത്തി.
“ആ രാത്രി എന്റെ ജീവിതത്തിലെ ഏറ്റവും മോശം രാത്രിയായിരുന്നു. രാത്രികളിലെ തന്നെ ഏറ്റവും മോശം രാത്രി.” സെയ്ഫ് പറഞ്ഞു. ഗുരുതരമായ പരിക്കുകളുണ്ടായിട്ടും സാഹചര്യങ്ങളെ ശാന്തതയോടെ നേരിടേണ്ടിവന്നതിനെക്കുറിച്ചും താരം സംസാരിച്ചു. കുട്ടികൾക്ക് മുന്നിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നതെന്നും അദ്ദേഹം ഓർത്തെടുത്തു. ആ പ്രയാസകരമായ സമയത്ത് കുടുംബാംഗങ്ങളിൽനിന്നും പ്രിയപ്പെട്ടവരിൽനിന്നും ലഭിച്ച പിന്തുണയെക്കുറിച്ചും താരദമ്പതികൾ സംസാരിച്ചു.
2025 ജനുവരി 16-നാണ് ബാന്ദ്രയിലെ സെയ്ഫിന്റെയും കരീനയുടെയും ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയ ആൾ വീട്ടുജോലിക്കാരിയുമായി ഏറ്റുമുട്ടിയത്. ഇവരെ രക്ഷിക്കാനെത്തിയ സെയ്ഫും അക്രമിയും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ സെയ്ഫിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റു. തുടർന്ന് ഓട്ടോറിക്ഷയിലാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ജനുവരി 21-ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തിനുപിന്നാലെ മുംബൈ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് വിചാരണ ആരംഭിച്ചത്.
അതേസമയം തന്റെ ജനപ്രിയ ചാറ്റ് ഷോയായ 'കോഫി വിത്ത് കരൺ' അവസാനിപ്പിക്കുകയാണെന്ന് കരൺ ജോഹർ കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. സൽമാൻ ഖാനായിരുന്നു പുതിയ സീസണിലെ ആദ്യ അതിഥി. നവംബർ നാലിന് സംപ്രേഷണം ചെയ്യുന്ന നാലാം എപ്പിസോഡിലാണ് സെയ്ഫും കരീനയും എത്തുന്നത്. രാത്രി ഏഴുമുതൽ ജിയോഹോട്ട്സ്റ്റാറിലെ പീക്കോക്ക് ഹബ്ബിൽ എപ്പിസോഡ് കാണാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi