നഴ്സിങ് ഏറ്റവും ലൈംഗികവൽക്കരിക്കപ്പെട്ട തൊഴിലെന്ന് കങ്കണാ റണാവത്ത്

കങ്കണാ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പീരിയഡ് ക്രൈം ത്രില്ലർ ‘ഭാരത് ഭാഗ്യ വിധാത’. 2008-ലെ 26/11 മുംബൈ ഭീകരാക്രമണങ്ങളിൽ ലക്ഷ്യമിട്ട കാമാ ആശുപത്രിയിലെ ഒരു നഴ്സിന്റെ വേഷമാണ് ചിത്രത്തിൽ കങ്കണ ചെയ്യുന്നത്. ഭീകരാക്രമണങ്ങൾക്കിടയിലും ആശുപത്രി പ്രവർത്തനക്ഷമമാക്കാനും രോഗികളെ സുരക്ഷിതരാക്കാനും നഴ്സുമാരുടെ സംഭാവന എത്രത്തോളം വിലപ്പെട്ടതായിരുന്നു എന്ന് ചിത്രം കാണിക്കുന്നു. നഴ്സിങ് എളുപ്പമുള്ളൊരു തൊഴിലല്ലെന്നും ശമ്പള ഘടന മുതൽ യൂണിഫോം വരെ നിരവധി പരിഷ്കാരങ്ങൾ ആവശ്യമാണെന്നുമാണ് കങ്കണ പറയുന്നത്.
"അവരുടെ ജീവിതത്തെക്കാൾ, ജനങ്ങൾ അവരോട് പെരുമാറുന്ന രീതിയിൽ മാറ്റം വരണം. ഇത് ഏറ്റവും ലൈംഗികവൽക്കരിക്കപ്പെട്ട (sexualised) തൊഴിലാണ്. ആളുകൾ ഹാലോവീന് നഴ്സായി വേഷമിടുകയും അവരെപ്പറ്റി തമാശ പറയുകയും ചെയ്യുന്നു. അവർക്ക് വളരെ കുറഞ്ഞ ശമ്പളമാണ് കിട്ടുന്നത്. അമിതമായ ജോലിഭാരമുണ്ട്, ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നു" കങ്കണ പറഞ്ഞു.
"ഞങ്ങളുടെ ചിത്രത്തിൽ രണ്ട് പേർ നഴ്സിനെ നോക്കി 'സമയം കിട്ടിയാൽ കുറച്ച് സംസാരിക്കാം' എന്ന് പറയുന്ന ഒരു സംഭാഷണമുണ്ടായിരുന്നു. സമയപരിമിതി കാരണം ആ ഡയലോഗ് ഉൾപ്പെടുത്താനായില്ല. പക്ഷെ അതൊരു യാഥാർഥ്യമാണ്. നമ്മൾ നഴ്സുമാർക്ക് അവർ അർഹിക്കുന്ന ബഹുമാനം നൽകുന്നില്ല. വാച്ച്മാൻമാരോടും ശുചീകരണ ജോലിക്കാരോടും ഇതേ സമീപനമാണ്. അവർ രോഗികളെ ശുചിയാക്കുന്നു. അതൊരു പ്രധാനജോലിയാണ്. പക്ഷെ അവരെ ശ്രദ്ധിക്കാറുണ്ടെങ്കിലും അംഗീകരിക്കാറില്ല" അവർ എഎൻഐയോട് പറഞ്ഞു.
നഴ്സുമാരുടെ യൂണിഫോം കാരണം അവർ ലൈംഗികവൽകരിക്കപ്പെടുന്നുവെന്നാണ് കങ്കണ വിശ്വസിക്കുന്നത്. ഈ യൂണിഫോമിന് ഇപ്പോഴും ഒരു കോളനിവൽക്കരണത്തിന്റെ നിഴൽ ബാക്കിയുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. "നഴ്സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലഘട്ടത്തിലേതാണ്. ഡോക്ടർമാർക്ക് എന്തും ധരിക്കാം, അതിന് മുകളിൽ ഒരു കോട്ട് മാത്രമിട്ടാൽ മതി. എന്നാൽ നഴ്സുമാർക്ക് ചൂടാണെങ്കിലും തണുപ്പാണെങ്കിലും ആ പതിവ് യൂണിഫോം ഉണ്ട്. അതൊരു വിദേശ രൂപമാണ്" നടി പറഞ്ഞു. യൂണിഫോം പ്രതിനിധീകരിക്കുന്ന മൂല്യങ്ങളെ താഴ്ത്തിക്കെട്ടാനല്ല താൻ ഉദ്ദേശിക്കുന്നതെന്ന് കങ്കണ വ്യക്തത വരുത്തി.
യൂണിഫോമിൽ ഒരു പരിഷ്കാരം വേണം, അത് 'ഇന്ത്യൻവൽക്കരിക്കണം'. ഓരോ ദിവസവും ജോലിസ്ഥലത്ത് എന്ത് തരം യൂണിഫോം ധരിക്കണമെന്ന് നഴ്സുമാരുമായി കൂടിയാലോചിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പെൻ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും സഹനിർമ്മാണം ചെയ്യുന്ന ചിത്രത്തിൽ ഗിരിജ ഓക്ക്, സ്മിത ടാംബെ തുടങ്ങിയവരും അഭിനയിക്കുന്നു. മനോജ് താപഡിയായാണ് സംവിധാനം. ചിത്രം ജൂൺ 12 ന് തിയേറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kangana Ranaut highlights the systemic sexualization and poor working conditions of nurses., The actress calls for the 'Indianization' of the colonial-era nursing uniform., Her upcoming film 'Bharat Bhhagya Viddhaata' honors the role of nurses during the 26/11 Mumbai terror attacks., The film is scheduled for a theatrical release on June 12, 2026.