‘മാസങ്ങളോളം എനിക്ക് ഉറക്കമില്ലായിരുന്നു, അതെന്റെ ജോലിയെയും ബാധിച്ചു’ - കൽക്കി കൊച്ച്ലിൻ

തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി കൽക്കി കൊച്ച്ലിൻ. ഒരിക്കൽ, പ്രണയനൈരാശ്യം കാരണം മാസങ്ങളോളം താൻ അനുഭവിച്ച കടുത്ത ഉറക്കമില്ലായ്മയെയും (Insomnia) അത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്നും കൽക്കി വെളിപ്പെടുത്തി. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
മാനസികമായ വിഷമങ്ങൾ എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് കൽക്കി സംസാരിച്ചു. ഹൃദയവേദന കേവലം മാനസികം മാത്രമല്ലെന്നും അത് ശാരീരികമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നും താൻ തിരിച്ചറിഞ്ഞതായി താരം പറഞ്ഞു.
"പ്രണയനൈരാശ്യം കാരണം മാസങ്ങളോളം എനിക്ക് ഉറക്കമില്ലായ്മ ഉണ്ടായിരുന്നു. മനസും ശരീരവും എത്രത്തോളം പരസ്പരബന്ധിതമാണെന്ന് അത് എന്നെ ബോധ്യപ്പെടുത്തി. രാത്രി രണ്ടു മണിക്ക് ഞാൻ എഴുന്നേൽക്കും. പിന്നെ ഉറക്കം വരില്ല. ആ സമയം ചെലവഴിക്കാൻ ഞാൻ ഗിറ്റാർ വായിക്കുകയോ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യുമായിരുന്നു."
തുടർച്ചയായ ഉറക്കമില്ലായ്മ തന്റെ ജോലിയെയും ബാധിച്ചുവെന്ന് കൽക്കി ഓർത്തെടുത്തു. ഉറക്കമില്ലാത്ത ദിവസങ്ങളിൽ ജോലിക്ക് പോകുമ്പോൾ താൻ സ്വപ്നത്തിലാണോ അതോ യഥാർത്ഥ ലോകത്താണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഏകദേശം നാല് മാസത്തോളം ഈ സാഹചര്യം നീണ്ടുനിന്നിരുന്നു.
പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപായിരുന്നു കൽക്കിയുടെ മുൻ ഭർത്താവ്. വേർപിരിയലിന് ശേഷം ഗയ് ഹെർഷ്ബെർഗുമായി താരം പ്രണയത്തിലായി. ഇവർക്ക് സാഫോ (Sappho) എന്നൊരു മകളുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഗോൾഡ് ഫിഷ്' (Goldfish) എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് കൽക്കി അവസാനമായി അഭിനയിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kalki Koechlin discusses the physical impact of emotional trauma., Details her four-month struggle with severe insomnia., Insight into coping mechanisms like music during sleepless nights., Emphasis on the mind-body connection regarding mental health.