‘ഷൂസും ചവണയും മാവ് പരത്താനുള്ള വടിയും എന്നെ അടിക്കാനുപയോഗിച്ചു; അഭിനയത്തിലേക്ക് തള്ളിവിട്ടു'

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ വിജയിച്ച സീരിയലുകളിലൊന്നാണ് 'ക്യോം കി സാസ് ഭീ കഭീ ബഹു ഥീ'. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂർ, ഏക്ത കപൂർ എന്നിവരാണ് നിർമിച്ചത്. 2000-ൽ സംപ്രേഷണം ചെയ്തുതുടങ്ങിയ സീരിയൽ 2008-ലാണ് നിർത്തുന്നത്. അപ്പോഴേക്കും 1833 എപ്പിസോഡുകൾ പൂർത്തിയാക്കിയിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കിയ പരമ്പരയെന്ന പേരിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറുകയും ചെയ്തു.
ആ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രധാനകഥാപാത്രങ്ങൾ മുതൽ ഓരോ ചെറിയ കഥാപാത്രങ്ങൾ വരെ ആളുകൾ സ്വീകരിച്ചു. സീരിയലിൽ വില്ലൻവേഷം അവതരിപ്പിച്ച താരമാണ് ജയ ഭട്ടാചാര്യ. ജയയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിട്ടാണ് ഇന്നും അത് കരുതപ്പെടുന്നത്.
അതിനുശേഷം സീരിയലിലും സിനിമയിലും ഒട്ടേറെ കഥാപാത്രങ്ങൾ അവർ ചെയ്തു. സിർഫ് തും, ദേവ്ദാസ്, ലജ്ജ, മിമി തുടങ്ങിയ സിനിമകളിൽ ചെറിയവേഷങ്ങളിൽ അഭിനയിച്ചു. അതിനൊപ്പം കുങ്കും ഭാഗ്യ, ഇംലി, ദേവോം കെ ദേവ്-മഹാദേവ്, ഭാരത് കാ വീർപുത്ര- മഹാറാണ പ്രതാപ് തുടങ്ങിയ സീരിയലുകളും.
അഭിനയത്തിൽ മുഴുകുമ്പോഴും തന്റെ സ്വകാര്യജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് തുറന്നുപറയുകയാണ് ജയ. വേദനയും കോപവും മുറിവുകളും നിറഞ്ഞൊരു ഭൂതകാലത്തിന്റെ ഓർമകളിലാണ് അവർ ജീവിക്കുന്നത്. ഒരു പെൺകുട്ടിയായി ജനിച്ചതാണ് 'തന്റെ ഏറ്റവും വലിയ ദൗർഭാഗ്യം' എന്ന് ജയ വിശേഷിപ്പിക്കുന്നു.
''ഒരിക്കലും ആഗ്രഹിക്കാതെ വിവാഹം കഴിച്ചവരാണ് എന്റെ മാതാപിതാക്കൾ. പൂർത്തിയാകാതെ പോയ കുറേ സ്വപ്‌നങ്ങളുണ്ടായിരുന്നു അമ്മയ്ക്ക്. അച്ഛനും അമ്മയും ഒരിക്കലും ഒത്തുപോകാൻ ആഗ്രഹിച്ചിട്ടില്ല. ഞാൻ ജനിക്കുന്നതിനുമുമ്പ് തന്നെ വീട്ടിൽ പ്രശ്‌നങ്ങളായിരുന്നു. ആ സംഘർഷങ്ങളെല്ലാം എന്നിലേക്കുമെത്തി. അങ്ങനെയുള്ള ജീവിതമാണ് എന്റെ കുട്ടിക്കാലം രൂപപ്പെടുത്തിയത്. അവഗണനയും മാതാപിതാക്കളുടെ ഉപദ്രവവും ഒരുപാട് സഹിച്ചു. കിട്ടുന്നതെല്ലാം വെച്ച് അവരെന്നെ അടിച്ചിട്ടുണ്ട്. മാവ് പരത്താനുള്ള വടി, ഷൂസ്, ചവണ...അങ്ങനെയെന്തും അവർക്ക് എന്നെ അടിക്കാനുള്ള ഉപകരണങ്ങളായിരുന്നു. ഒരുപാട് അടിച്ചിട്ടുണ്ട്, അതൊക്കെയാണ് എന്നെ കഠിനഹൃദയമുള്ളവളാക്കിയത്''.
അച്ഛനാണ് തന്നെ അഭിനയത്തിലേക്ക് തിരിച്ചുവിട്ടതെന്നും ജയ പറയുന്നു. ''എന്നെ അഭിനയത്തിലേക്ക് തള്ളിവിടുകയായിരുന്നു. എനിക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ അച്ഛൻ സെറ്റിലെത്തിച്ചു. അങ്ങനെയാണ് തുടക്കം'', തന്റെ ജീവിതത്തിൽ അവർ തനിക്കായി ചെയ്തുതന്ന ഏറ്റവും നല്ല കാര്യമായി ജയ കരുതുന്നതും അതുതന്നെ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jaya Bhattacharya opens up about her traumatic childhood, parental abuse, and how she was pushed into acting against her will. A look back at the `Kyunki Saas Bhi Kabhi Bahu Thi` actress