'മകന്റെ ഭാര്യയായ ഗൗഹർ ജോലിചെയ്യുന്നതിഷ്ടമല്ല; അഞ്ചുലക്ഷം പ്രതിഫലമുള്ള ജോലി ഭാര്യ വേണ്ടെന്നുവെച്ചു'

സംഗീതസംവിധായകനും വയലിനിസ്റ്റും ഗായകനുമാണ് ഇസ്മായിൽ ദർബാർ. ലക്ഷ്മീകാന്ത്-പ്യാരേലാൽ, കല്യാൺജി ആനന്ദ്ജി, ബാപ്പി ലാഹിരി ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിൽ ബ്രേക്ക് സമ്മാനിച്ചത് 'ഹം ദിൽ ദേ ചുകേ സനം' എന്ന സിനിമയാണ്. ചാന്ദ് ചുപാ ബാദൽ, ആംഖോ കി ഗുസ്താഖിയാ, തഡപ് തഡപ്, ഹം ദിൽ ദേ ചുകേ സനം...സിനിമയിലെ ഓരോ പാട്ടുകളും ഹിറ്റായി. മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.
ദേവ്ദാസ്, ഹുസ്‌ന് തുടങ്ങിയ സിനിമകൾക്ക് സംഗീതം നൽകിയതും ഇസ്മായിൽ തന്നെ. എന്നാൽ, പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുമുണ്ട് അദ്ദേഹം. ഒരിക്കൽ എ.ആർ.റഹ്മാനെതിരെ ഇസ്മായിൽ കടുത്ത ആരോപണമുന്നയിച്ചു. 'സ്ലംഡോഗ് മില്യണയർ' എന്ന സിനിമയ്ക്ക് റഹ്മാന് ഓസ്‌കർ ലഭിച്ചിരുന്നു. അത് വിലകൊടുത്ത് വാങ്ങിയെന്നായിരുന്നു ഇസ്മായിലിന്റെ ആരോപണം.
2015-ൽ ഇസ്മായിൽ, മകനും നടനുമായ സയിദ് ദർബാർ എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു സഹസംവിധായകനെ മർദിച്ചുവെന്നതായിരുന്നു കുറ്റം. അദ്ദേഹത്തിന് പ്രതിഫലം നൽകാൻ ഇസ്മായിൽ വിസമ്മതിച്ചുവെന്നും ആരോപണമുണ്ടായി.
ഇസ്മായിൽ ദർബാറിന്റെ പുതിയ പ്രസ്താവനയും വിവാദമാവുന്നു. ഇക്കുറി മകന്റെ ഭാര്യയും നടിയുമായ ഗൗഹർ ഖാനെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് വിമർശിക്കപ്പെടുന്നത്. ഗൗഹർ ജോലി ചെയ്യുന്നതിൽ തനിക്ക് താത്പര്യമില്ലെന്നാണ് വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിൽ ഇസ്മായിൽ പറഞ്ഞത്. ഒരുചോദ്യത്തിനു മറുപടിയായി അദ്ദേഹം സംസാരിച്ചതിങ്ങനെ, ''സയിദുമായി ഗൗഹറിന് മനോഹരമായ ബന്ധമാണുള്ളതെന്ന് എനിക്കറിയാം. നല്ലൊരു അമ്മയും ആണവൾ''.
ഇതിനുപിന്നാലെ കുടുംബം നോക്കാനായി തന്റെ ഭാര്യ വലിയ ശമ്പളം കിട്ടുന്ന ജോലി വേണ്ടെന്ന് വെച്ച കാര്യവും അദ്ദേഹം പറഞ്ഞു. ''എന്റെ ഭാര്യ ആയിഷ ഷോകൾ ചെയ്ത് ഓരോ മാസവും സമ്പാദിച്ചിരുന്നത് അഞ്ചുലക്ഷം രൂപയോളമായിരുന്നു. അഭിനയിക്കാനുള്ള അവസരങ്ങളും അവളെ തേടിയെത്തിയിരുന്നു. പക്ഷേ അവളൊരിക്കലും അഭിനയിക്കണമെന്നോ പാടണമെന്നോ പറഞ്ഞിട്ടില്ല. കുടുംബത്തിൽ സാമ്പത്തികപ്രശ്‌നങ്ങളുണ്ടായപ്പോഴും, അവൾ ജോലിക്ക് പോവാമെന്ന് പറഞ്ഞിട്ടുമില്ല''.
ഇതിനുപിന്നാലെ ഇസ്മായിൽ ഗൗഹറിനെക്കുറിച്ചും സംസാരിച്ചു. ''ഒരു യാഥാസ്ഥിതികകുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. കുറച്ച് ലൈംഗികപരമായ സീനുകൾ ഒരു സിനിമയിൽ കാണുമ്പോൾ തന്നെ വീട്ടിലെല്ലാവരും മുഖംതിരിക്കും. ഞങ്ങളുടെ വീട്ടിൽ എല്ലാ ദിവസവുമുണ്ടാവുന്ന കാര്യമാണിത്.
ഗൗഹർ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. ഗൗഹറിന്റെ കീർത്തിക്കും ഖ്യാതിക്കും ഞങ്ങളും ഉത്തരവാദികളാണ്. പക്ഷേ ജോലി ചെയ്യരുതെന്ന് ഗൗഹറിനോട് പറയാൻ എനിക്ക് അവകാശമില്ല. അതിനുള്ള അവകാശം സയീദിന് മാത്രമാണ്''. പിന്നാലെ ഈ അഭിപ്രായത്തിനെതിരെ പല കോണുകളിൽനിന്നും വിമർശനങ്ങളുയർന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Music composer Ismail Darbar expresses discomfort with daughter-in-law Gauahar Khan working. He mentions his wife quit a ₹5 lakh job for family