അരിപ്പാത്രങ്ങളില്‍ നിന്ന് എസ്‌ഐപികളിലേക്ക്; ഇന്ത്യന്‍ സ്ത്രീകളുടെ സാമ്പത്തികാസൂത്രണം

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

അമ്മമാര്‍ രഹസ്യമായി പണം സൂക്ഷിക്കുന്നത് നമ്മളില്‍ പലരും ചെറുപ്പത്തില്‍ കണ്ടിട്ടുണ്ടാവും. ചിലര്‍ അടുക്കളയിലെ അരിപ്പാത്രത്തില്‍ നോട്ടുകള്‍ ഒളിപ്പിച്ചു വെച്ചു, മറ്റുചിലര്‍ അവരുടെ ഇഷ്ടപ്പെട്ട പെട്ടികളിലോ പൂട്ടിയ അലമാരകളിലോ പണം വെച്ചു. ഇവ ആധുനിക രീതിയിലുള്ള നിക്ഷേപങ്ങള്‍ ആയിരുന്നില്ല. പക്ഷേ അവ അടിസ്ഥാനപരമായ ഒരു സാമ്പത്തിക ആസൂത്രണം തന്നെയായിരുന്നു. ഇന്ന് ഇന്ത്യന്‍ സ്ത്രീകള്‍ വെറുതെ സമ്പാദിക്കുക മാത്രമല്ല ചെയ്യുന്നത്. അവര്‍ ഒരു ലക്ഷ്യത്തോടെ നിക്ഷേപിക്കുകയും ചെയ്യുന്നു.

നിക്ഷേപം നടത്തുന്ന സ്ത്രീകളുടെ എണ്ണത്തിലെ കുത്തനെയുള്ള വര്‍ദ്ധനവ് കണക്കുകളില്‍ വ്യക്തമാണ്. ഡിജിറ്റല്‍ വെല്‍ത്ത് മാനേജ്മെന്റും ലക്ഷ്യാധിഷ്ഠിത നിക്ഷേപ പ്ലാറ്റ്ഫോമുമായ ഫിന്‍എഡ്ജ് പങ്കുവെച്ച കണക്കനുസരിച്ച്, 2012-ല്‍ പുതിയ നിക്ഷേപകരില്‍ 18% മാത്രമായിരുന്നു സ്ത്രീകള്‍. ഇന്ന്, ആ കണക്ക് 42% ആയി ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം, പങ്കാളിത്തം 50% വര്‍ദ്ധിച്ചു. 2028-ഓടെ പുതിയ നിക്ഷേപകരില്‍ പകുതിയിലധികവും സ്ത്രീകളായിരിക്കുമെന്ന് വിദഗ്ദ്ധര്‍ കണക്കാക്കുന്നു. ഇതൊരു സ്ഥിതിവിവരക്കണക്കിലെ വര്‍ദ്ധനവിനെ മാത്രമല്ല ഒരു സാംസ്‌കാരികമാറ്റത്തെ തന്നെയാണ്  അടയാളപ്പെടുത്തുന്നത്.

കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍രംഗത്ത് മികവ് പുലര്‍ത്തുന്നു, അതോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും അവബോധവും കൈവരിക്കുന്നു എന്നതൊക്കെയാണ് വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഇതിന് കാരണങ്ങള്‍. വിരമിക്കലിനുശേഷമുള്ള വിശ്രമജീവിത ആസൂത്രണവും ഒരു പ്രധാന മുന്‍ഗണനയായി ഉയര്‍ന്നുവന്നിട്ടുണ്ട്. 30.82% സ്ത്രീകള്‍ പറയുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ശേഷം, അവരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത് ഇതാണെന്നാണ്.

സ്ത്രീകള്‍ നിക്ഷേപം നടത്തുമ്പോള്‍ അവര്‍ റിസ്‌ക് എടുക്കാനും തയ്യാറാണ്. സോഷ്യല്‍ മീഡിയയും നിക്ഷേപത്തില്‍ ജിജ്ഞാസയും താല്‍പ്പര്യവും സൃഷ്ടിച്ചിട്ടുണ്ട്. സ്ത്രീകള്‍ അവരുടെ സാമ്പത്തിക യാത്രകള്‍ നേരത്തെ ആരംഭിക്കുന്നു എന്നും ഡാറ്റ സൂചിപ്പിക്കുന്നു. ഒരു വനിതാ നിക്ഷേപകയുടെ ശരാശരി പ്രായം 38.7 വയസ്സാണ്, പുരുഷന്മാരുടേത് 40.3 ആണ്. ഫിന്‍എഡ്ജ് പറയുന്നതനുസരിച്ച്, 30-നും 40-നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും സജീവമായ ഗ്രൂപ്പ്. അവര്‍ കുട്ടികളുടെ വിദ്യാഭ്യാസവും വിരമിക്കല്‍ ആസൂത്രണവും ഒരുപോലെ കൊണ്ടുപോകുന്നു. ഈ നേരത്തെയുള്ള തുടക്കം കൂട്ടുപലിശയുടെ ശക്തി പ്രയോജനപ്പെടുത്താന്‍ അവരെ അനുവദിക്കുന്നു.

അരിപ്പാത്രങ്ങളില്‍ നിന്ന് എസ്‌ഐപി കളിലേക്ക് ഇന്ത്യന്‍ സ്ത്രീകളുടെ പണത്തോടുള്ള സമീപനം മാറിയിരിക്കുന്നു. ഒരുകാലത്ത് സമ്പാദ്യം ഒളിപ്പിച്ചു വെച്ചിരുന്ന സ്ഥാനത്ത് ഇന്ന് നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യുകയും, നിരീക്ഷിക്കുകയും, വ്യക്തമായ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സമ്പത്തിനെക്കുറിച്ച് മാത്രമല്ല സ്വാതന്ത്ര്യം, സുരക്ഷ, സ്വന്തം ഭാവി രൂപപ്പെടുത്താനുള്ള കഴിവ് എന്നിവയെക്കുറിച്ചാണ് ഓര്‍മിപ്പിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: indian women are increasingly investing, prioritizing retirement and children`s education. from hiding savings to sips, they are securing their financial future.