ഫോഗട്ട് മാത്രമല്ല, രാഷ്ട്രീയത്തില്‍ പയറ്റിയ താരങ്ങള്‍ നിരവധി

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുണിയയും /  ഫോട്ടോ: ANI
വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുണിയയും / ഫോട്ടോ: ANI

വിരമിക്കലിന് ശേഷം എന്തുചെയ്യും? സാധാരണയായി ഏതൊരാളും നേരിടുന്ന ചോദ്യം. സര്‍ക്കാര്‍ സര്‍വീസില്‍നിന്നും സ്വകാര്യ മേഖലയില്‍നിന്നും വിരമിക്കുമ്പോള്‍ പ്രായം 55 കടന്നിട്ടുണ്ടാകും. എന്നാല്‍, യൗവനത്തിലേ വിരമിക്കേണ്ടി വരുന്നവരാണ് കായികതാരങ്ങള്‍. വിരമിച്ചതിന് ശേഷം എന്തുചെയ്യുമെന്ന ചോദ്യം താരങ്ങളും നേരിടും. പലരും അവരുടെ കായികമേഖലയോട് അനുബന്ധിച്ച് തന്നെയായിരിക്കും പിന്നീടുള്ള കരിയര്‍ തിരഞ്ഞെടുക്കുക. പരിശീലകന്‍, അസോസിയേഷന്‍ ഭാരവാഹി, കമന്റേറ്റര്‍ എന്നിങ്ങനെയുള്ള റോളുകളിലേക്ക് എത്തും. ബിസിനസ്സിലും കൈനോക്കും. എന്നാല്‍, ഇന്ത്യന്‍ കായിക രംഗത്തുനിന്ന് വിരമിച്ച പലതാരങ്ങളും പിന്നീട് രാഷ്ട്രീയത്തിന്റെ പാതയിലെത്തിയിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരമാണ് ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെയും ബജ്‌റംഗ് പുണിയയുടെയും രാഷ്ട്രീയ പ്രവേശനം. ഹരിയാണയില്‍ നിന്നുള്ള ഇരുവരും കോണ്‍ഗ്രസിലാണ് ചേര്‍ന്നത്. 

വരുന്ന ഹരിയാണ നിയമസഭ തെരെഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി വിനേഷിനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാന്‍ എന്നതാണ് പുണിയയുടെ പുതിയ റോള്‍. ഇരുവരും മാത്രമല്ല, നിരവധി കായികതാരങ്ങള്‍ മുമ്പും രാഷ്ട്രീയത്തിലെത്തിയിട്ടുണ്ട്.

ഗൗതം ഗംഭീര്‍ / ഫോട്ടോ: ANI

ആസാദ് മുതല്‍ പഠാന്‍ വരെ
ക്രിക്കറ്റില്‍നിന്ന് രാഷ്ട്രീയത്തിന്റെ ക്രീസില്‍ ബാറ്റുവീശിയവര്‍ ഏറെയുണ്ട്. കീര്‍ത്തി ആസാദ്, ഗൗതം ഗംഭീര്‍, യൂസുഫ് പഠാന്‍ അടക്കമുള്ളവര്‍ ദേശീയ രാഷ്ട്രീയത്തിലെത്തിയിട്ടുണ്ട്. 1983 ലോകകപ്പ് ജയിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന കീര്‍ത്തി ആസാദിന്റെ അച്ഛന്‍ ബിഹാറിന്റെ മുന്‍മുഖ്യമന്ത്രിയായിരുന്നു. ബി.ജെ.പി. ടിക്കറ്റില്‍ ജയിച്ച് കീര്‍ത്തി ആസാദ്‌ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗമാണ്. ഓള്‍റൗണ്ടറായിരുന്ന യൂസുഫ് പഠാന്‍ ബംഗാളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണിപ്പോള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ പരിശീലകനും ലോകകപ്പ് ജേതാവുമായ ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ നിന്നുള്ള എം.പി.യായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍, നവ്‌ജ്യോത് സിങ് സിദ്ധു, ചേതന്‍ ചൗഹാന്‍ അടക്കമുള്ളവരും രാഷ്ട്രീയത്തിന്റെ ക്രീസില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും രാജ്യസഭയില്‍ അംഗമായിരുന്നു. രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം വഴിയാണ് സച്ചിന്‍ രാജ്യസഭയില്‍ എത്തിയത്. 

ഫുട്‌ബോളില്‍നിന്നും താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ബൈച്ചുങ് ഭൂട്ടിയ വരെ ഈ പട്ടികയില്‍ ഉള്‍പ്പെടും. തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ബൈച്ചുങ് ഇപ്പോള്‍ ഹമ്രോ സിക്കിം പാര്‍ട്ടിയുടെ സ്ഥാപകനും പ്രസിഡന്റുമാണ്. തെരെഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. ജെജെ ലാല്‍പെഖുല, കല്യാണ്‍ ചൗബെ, പ്രസൂണ്‍ ബാനര്‍ജി അടക്കമുള്ളവരും ഫുട്‌ബോളിന് ശേഷം രാഷ്ട്രീയത്തില്‍ എത്തിയവരാണ്.

രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ / ഫോട്ടോ: PTI

ടിലീപ് ടിര്‍ക്കി, പ്രഗത് സിങ്, അസ്ലം ഷേര്‍ ഖാന്‍, ജയ്പാല്‍ സിങ് മുണ്ഡ എന്നീ ഹോക്കി താരങ്ങളും രാഷ്ട്രീയത്തില്‍ പയറ്റിയിട്ടുണ്ട്. ഒളിമ്പിക് മെഡല്‍ ജേതാവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഇപ്പോള്‍ രാജസ്ഥാനിലെ മന്ത്രിയാണ്. ലണ്ടന്‍ ഒളിമ്പിക്‌സ് മെഡല്‍ ജേത്രി മേരി കോമും അത്‌ലറ്റിക് ഇതിഹാസം പി.ടി. ഉഷയും രാഷ്ട്രപതി നാമനിര്‍ദേശത്തിലൂടെ രാജ്യസഭയില്‍ എത്തിയവരാണ്. 

Content Highlights: Indian Sports Personalities in Politics