‘മക്കളെ സ്വന്തം ആസ്തികളായി കാണുന്നു’: ഇന്ത്യൻ രക്ഷിതാക്കളെ വിമർശിച്ച് ഡേറ്റിങ് ആപ്പ് സി.ഇ.ഒ

ഇന്ത്യൻ പാരന്റിങ് രീതി ലോകത്തിലെ തന്നെ ഏറ്റവും മോശം മാതൃകകളിൽ ഒന്നാണെന്ന് 'നോട്ട് ഡേറ്റിംഗ്' സഹസ്ഥാപകൻ ജസ്‌വീർ സിങ് അഭിപ്രായപ്പെടുന്നു. എക്സിലൂടെയാണ് അദ്ദേഹം തന്റെ വിമർശനങ്ങൾ പങ്കുവെച്ചത്.
ഇന്ത്യൻ പാരന്റിങ്ങിനെ ‘പ്രഷർ കുക്കർ പാരന്റിങ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ഇവിടെ മക്കളെ വളർത്തുകയല്ല, മറിച്ച് അവരിലൂടെ ഉണ്ടാകേണ്ട ‘ഫലങ്ങളെ’ ആണ് രക്ഷിതാക്കൾ ലക്ഷ്യം വെക്കുന്നത്. കുട്ടികളെ സ്വതന്ത്ര വ്യക്തിത്വമുള്ള മനുഷ്യരായി കാണുന്നതിന് പകരം സ്വന്തം ഉടമസ്ഥതയിലുള്ള ആസ്തികളായാണ് പലരും പരിഗണിക്കുന്നത്. എന്ത് പഠിക്കണം, എന്ത് ജോലി ചെയ്യണം, ആരെ വിവാഹം കഴിക്കണം എന്ന് തുടങ്ങുന്ന സകല കാര്യങ്ങളിലും രക്ഷിതാക്കൾ അധികാരം പ്രയോഗിക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യം, താൽപ്പര്യങ്ങൾ, ജിജ്ഞാസ എന്നിവയ്ക്ക് ഇവിടെ സ്ഥാനമില്ല. ‘ഞങ്ങൾ നിങ്ങളുടെ മാതാപിതാക്കളാണ്, ഞങ്ങൾക്ക് നിങ്ങളെക്കാൾ നന്നായി കാര്യങ്ങൾ അറിയാം’ എന്ന ലോജിക് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. പലപ്പോഴും കുട്ടികൾ മാതാപിതാക്കളുടെ ഒരു 'പ്രൊജക്റ്റ്' അല്ലെങ്കിൽ 'റിട്ടയർമെന്റ് പ്ലാൻ' ആയി മാറുന്നു. മാതാപിതാക്കൾക്ക് ജീവിതത്തിൽ നേടാൻ കഴിയാതെ പോയ കാര്യങ്ങൾ മക്കളിലൂടെ നേടിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്’ എന്നീ വിമർശനങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
ഇന്ത്യയിൽ ഒരു പരീക്ഷയിൽ പരാജയപ്പെടുന്നത് വലിയൊരു കുറ്റമായാണ് കാണുന്നതതെന്നും അവിടെ കുട്ടിയോടുള്ള കരുതലിനേക്കാൾ ഉപരി, സമൂഹത്തിന് മുന്നിലും ബന്ധുക്കൾക്ക് മുന്നിലും തങ്ങളുടെ അന്തസ്സ് ഇടിഞ്ഞുപോകുമോ എന്ന ഭയമാണ് മാതാപിതാക്കൾക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ചോദ്യങ്ങൾ ചോദിക്കുന്നത് അനാദരവായി കാണുന്നതിനാൽ, കുട്ടികൾ പലപ്പോഴും വൈകാരികമായി തളയ്ക്കപ്പെടുന്നു. ‘അതിരുകടന്ന ബഹുമാനം’ കുട്ടികളുടെ വായടപ്പിക്കുന്ന രീതി ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു’. ഇന്ത്യൻ മാതാപിതാക്കൾ സമൂഹത്തിന്റെ അഭിപ്രായങ്ങളെ ഭയപ്പെടുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അയൽക്കാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിനാൽ അവർ തങ്ങളുടെ ഭയം മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നു.
‘ഇത് പാരന്റിംഗ് അല്ല, മറിച്ച് മുൻതലമുറയുടെ പരാജയങ്ങൾ അടുത്ത തലമുറയിലേക്ക് ഔട്ട്സോഴ്സിംഗ് ചെയ്യുന്നതാണ്,’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ധാരാളം ആളുകൾ ഇതിനോടകം അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് കമന്റുകളുമായെത്തി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Indian parenting style slammed as `pressure cooker` method. Parents treat kids as assets, dictating careers & marriage. Explore the impact on mental health & autonomy. Click to learn more.