ഇണചേരൽ വെപ്രാളത്തിൽ ആളുമാറിപ്പോയോ? ചൊറിത്തവളയ്ക്കു പറ്റിയ അബദ്ധം

1. AI ചിത്രം 2. സന്ദീപ് ദാസിന്റെ വീഡിയോയിൽ നിന്നുള്ള ചിത്രം
1. AI ചിത്രം 2. സന്ദീപ് ദാസിന്റെ വീഡിയോയിൽ നിന്നുള്ള ചിത്രം

മഴക്കാലമെത്തുമ്പോഴേക്കും പച്ചനിറത്തിൽ നിന്ന് മഞ്ഞനിറം പൂശുന്നവരാണ് ആൺ ചൊറിത്തവളകൾ (Indian common toads). നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം കാണുന്ന ഇക്കൂട്ടർക്കിത് ഇണചേരാനുള്ള നേരമാണ്. ശരീരത്തിൽ ഹോർമോൺ വ്യത്യാസങ്ങൾ വന്ന്, പൊടുന്നനെയവർ നിറംമാറും, ഇണചേരാനുള്ള ഒരുക്കമാണ്. ഇതിനിടെ തവളകൾക്ക് ചില അബദ്ധങ്ങളൊക്കെ പറ്റാറുണ്ട്. ഇണയെ തിരിച്ചറിയാതെ  ആളുമാറിപ്പോവും. വൈൽഡ്ലൈഫ് ബയോളജിസ്റ്റായ ഡോ. സന്ദീപ് ദാസ് ഇൻസ്റ്റഗ്രാമിൽ  ഇതിന്റെയൊരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ശ്രദ്ധിക്കപ്പെടുകയാണിപ്പോൾ.

ഇണചേരാൻ തയ്യാറായിക്കഴിഞ്ഞാൽ ചൊറിത്തവളകൾ അഗ്രസീവാണ്. പെൺതവളയാണെന്ന് തെറ്റിദ്ധരിച്ച് അടുത്തുകൂടി പോവുന്ന അനങ്ങുന്ന എന്തിന്റെ മുകളിലും കയറി ആൺതവളകൾ അള്ളിപ്പിടിച്ചിരിക്കും. അതിപ്പോൾ ചത്ത തവളകളോ ആമയോ മീനോ തെങ്ങോലയോ വിറകുകഷ്ണമോ മറ്റിനത്തിൽ പെട്ട തവളകളോ ആൺതവളകളോ എന്തായാലും ശരി. രണ്ടാമതൊന്നു ചിന്തിക്കാതെ എടുത്തുചാടും. ചില സമയത്ത് പാമ്പുകളുടെ ശരീരത്തിലും ഇവർ കയറിപ്പറ്റാറുണ്ട്. ആകെക്കൂടി ഒന്നോ രണ്ടോ ആഴ്ചയേ ഇണചേരാൻ സമയമുള്ളൂ, നാട്ടിലാണെങ്കിൽ പെൺതവളകളെ കിട്ടാനുമില്ല. മത്സരം കടുക്കാൻ മറ്റൊന്നും വേണ്ടല്ലോ. ഇതിനിടെ കയറിയത് പെൺതവളയുടെ പുറത്തു തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനൊന്നും സമയമില്ല. മുമ്പിൽ കാണുന്നതൊക്കെയിവർക്ക് പെൺതവളയാണ്, അതിനെപ്പിടിച്ച് സ്വന്തമാക്കിവെക്കുകയും ചെയ്യും.

മേറ്റിങ് സീസണുകളിൽ പെൺതവളയെ ആൺതവള പുറകിൽ നിന്ന് ഇറുകെപ്പിടിച്ചിരിക്കും (Amplexus). പെൺതവള മുട്ടയിടുന്ന സമയത്ത് ബീജസങ്കലനം സാധ്യമാകുന്നതു വരെ ഈ ഇരിപ്പ് തുടരും. ചിലപ്പോൾ  ഇരിപ്പ് മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടെന്നുംവരും.

ഏഷ്യയിലെ പല പ്രദേശങ്ങളിലും കാണുന്ന ഈ ചൊറിത്തവളകളിൽ പെൺതവളകൾ വളരെ കുറവാണെന്നും അതുകൊണ്ടുതന്നെ ഇണചേരാൻ ആൺതവളകൾ കടുത്ത മത്സരം തന്നെ നേരിടുന്നുണ്ടെന്നും സന്ദീപ് ദാസ് പറയുന്നു. “മൺസൂൺ വരുന്നതിന്റെ ആദ്യസമയങ്ങളിലാണ് ഇണചേരൽ. മഴയെത്തുന്നതനുസരിച്ച് ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ ബ്രീഡിങ് കഴിയും. മുട്ട മൂന്നാലു ദിവസത്തിനുള്ളിൽ വാൽമാക്രിയുമാവും. ആൺതവളകൾ മഴ തുടങ്ങുമ്പോഴേക്കും കരച്ചിൽ തുടങ്ങും. അഗ്രസ്സീവായിട്ടുള്ള ബ്രീഡിങ് ആണ്. ഇണയെ കണ്ടെത്താനുള്ള വെപ്രാളത്തിലാണ് കിട്ടുന്ന എന്തിന്റെ മുകളിലും ഇവ കയറിപ്പറ്റുന്നത്. എന്തു വിലകൊടുത്തും ഇണചേരൽ പൂർത്തിയാക്കണം, പ്രജനനം നടത്തി കുഞ്ഞുങ്ങളെയുണ്ടാക്കണം എന്ന ഡ്രൈവിലാണ് ഇത് സംഭവിക്കുന്നത്. 2019-ൽ ഓസ്ട്രേലിയയിൽ ഒരു പെരുമ്പാമ്പിന്റെ പുറത്ത് ഇണചേരാനായി വരിവരിയായി കയറിയിരിക്കുന്ന ചൊറിത്തവളകളുടെ ചിത്രം വൈറലായിരുന്നു”-സന്ദീപ് പറഞ്ഞു.

മരണമടയുന്നവർ
ചില സമയങ്ങളിൽ ഒരു പെൺതവളയുടെ പുറത്ത് അഞ്ചോ പത്തോ ആൺതവളകൾ കയറിയിരിക്കും. പലപ്പോഴും അടിയിൽ കിടക്കുന്ന പെൺതവളകൾ ചത്തുപോവുന്ന സംഭവങ്ങളുണ്ടാവാറുണ്ട്. ചില സമയത്ത് ഇതിനിടയിൽ പെടുന്ന ആൺതവളകളും ചത്തുപോവും. ചത്തുകിടക്കുന്ന പെൺതവളകളുടെ ശരീരത്തിൽ കയറി ഇണചേരാൻ ശ്രമിക്കുന്നവരുമുണ്ട്.

ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പേയുള്ള ശീലം
ശാസ്ത്രലോകത്ത് misdirected amplexus എന്നാണ് ഇത് അറിയപ്പെടുന്നത്. തവളകളിലെ ആളുമാറിപ്പോകുന്ന സ്വഭാവം ലോകത്താകമാനമുള്ള പല വർഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഷൂ, ടെന്നീസ് ബോൾ അടക്കമുള്ളവയുമായി ഇണചേരാൻ ശ്രമിക്കുന്ന തവളകളെപ്പറ്റി അന്താരാഷ്ട്രതലത്തിൽ നടന്ന പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പെരുമാറ്റം പുരാതനകാലം മുതലേ നിലവിലുണ്ടെന്നാണ് കരുതുന്നത്. ഏകദേശം 220 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ആധുനിക തവളകളുടെ പൂർവ്വികർ പോലും ഈ സ്വഭാവം കാണിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Indian common toads exhibit aggressive mating behavior during the monsoon., The phenomenon is scientifically known as 'misdirected amplexus'., Male toads often mistake inanimate objects, other species, or dead toads for female mates due to intense competition and a skewed sex ratio., This behavior is an ancient trait dating back 220 million years., Excessive mating attempts can sometimes lead to the death of the female or other males.