വീടിനുള്ളിലെ ചൂടിനെ തണുപ്പിക്കാനും പൊടിശല്യം കുറയ്ക്കാനും ചില മാര്‍ഗങ്ങള്‍

പ്രതീകാത്മകചിത്രം | Shutterstcok
പ്രതീകാത്മകചിത്രം | Shutterstcok

സഹിക്കാനാവാത്ത ചൂടിലാണ് നമ്മുടെ നാട്. പുറത്തെ ചൂടിനെ പേടിച്ച് അകത്തിരിക്കാമെന്നു വച്ചാല്‍ അവിടെയും സ്ഥിതി അതുതന്നെ. നാട്ടിന്‍പുറത്തെ വീടുകളില്‍പോലും എ.സി.യില്ലാതെ പറ്റില്ല. ഒരു തരി പച്ചപ്പുപോലുമില്ലാത്ത ചുറ്റുവട്ടവും അശാസ്ത്രീയമായി ഇന്റര്‍ലോക്ക് ചെയ്ത മുറ്റവും ചൂടിനെ വലിച്ചെടുക്കുന്ന ടെറസുകളും... അങ്ങനെ വീടിനുള്ളില്‍ ഉരുകുകയാണ് നമ്മള്‍. കാലാവസ്ഥയ്ക്കിണങ്ങാത്ത നിര്‍മാണരീതികളാണ് ഉയരുന്ന ചൂടിന് കാരണക്കാരനായ വില്ലന്‍. പൊടിയുമായുള്ള മല്‍പ്പിടിത്തം വേറെയും. 
പൊരിയുന്ന വേനലില്‍ എരിയുന്ന വീടിന്റെ ഉള്ളം തണുപ്പിക്കാന്‍ ചില വഴികള്‍ ഇതാ...
 
 

പണിയുമ്പോള്‍ തന്നെ ശ്രദ്ധിക്കാം

  • ട്രോപ്പിക്കല്‍ കാലാവസ്ഥ അനുഭവപ്പെടുന്ന നാടാണ് നമ്മുടേത്. വീട് നിര്‍മിക്കുമ്പോള്‍തന്നെ മരങ്ങളും ചെടികളും പരമാവധി സംരക്ഷിച്ചുകൊണ്ടുള്ള പ്ലാന്‍ തയ്യാറാക്കുക. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് തെക്കുപടിഞ്ഞാറുഭാഗത്തുനിന്നാണ് ഏറ്റവും കൂടുതല്‍ ചൂട് ലഭിക്കുന്നത്. ഈ ദിക്കുകളില്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതും ഉള്ള മരങ്ങള്‍ സംരക്ഷിക്കുന്നതും വീടിനുള്ളില്‍ കുളിര്‍മ നല്‍കും. 
  • പരന്ന മേല്‍ക്കൂരയും (Flat Roof) ചരിഞ്ഞ മേല്‍ക്കൂരയും (Sloping Roof) ആണ് പൊതുവേ വീടുകളില്‍ കാണുന്നത്. ചരിഞ്ഞ മേല്‍ക്കൂരയില്‍, റൂഫിന്റെ പരപ്പളവ് കൂടിയതിനാല്‍ അത് പിടിച്ചെടുക്കുന്ന വെയിലിന്റെ അളവും കൂടുതലായിരിക്കും. സ്ലോപ്പിങ് റൂഫിന്റെ താഴെയായി വരുന്ന ത്രികോണാകൃതിയിലുള്ള ഒഴിഞ്ഞ സ്ഥലമാണ് Triangular Void. ഇവിടേക്ക് മേല്‍ക്കൂരയില്‍നിന്ന് വരുന്ന ചൂടിനെ ശരിയായ രീതിയില്‍ പുറന്തള്ളിയില്ലെങ്കില്‍ ചരിഞ്ഞ മേല്‍ക്കൂരയുള്ള വീടുകള്‍ക്ക് പരന്ന മേല്‍ക്കൂരയുള്ള വീടുകളെക്കാള്‍ ചൂട് അനുഭവപ്പെടും. അതുകൊണ്ട് ഈ ഭാഗത്ത് വെന്റിലേഷന്‍ കൊടുക്കണം.
  • പരന്ന മേല്‍ക്കൂരയില്‍ പൂന്തോട്ടമോ പച്ചക്കറിത്തോട്ടമോ വച്ചുപിടിപ്പിക്കാം. ഇതുവഴി അകത്തളങ്ങളിലെ ചൂട് കുറയ്ക്കാം. പക്ഷേ, ചോര്‍ച്ച ഒഴിവാക്കാനുള്ള സംവിധാനം ഒരുക്കാനും ശ്രദ്ധിക്കണം.
  • ചുമരുകള്‍ ടെറാകോട്ട, ഹോളോബ്രിക്‌സ്, മണ്ണ്, വെട്ടുകല്ല് എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്നത് ചൂട് കുറയ്ക്കും. ചുമരിനകത്തുതന്നെ തെര്‍മല്‍ ഇന്‍സുലേറ്റിങ് മെറ്റീരിയലുകള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. 
  • പണ്ടത്തെ വീടുകള്‍ അധികവും ഓട് മേഞ്ഞതാണ്. അതുകൊണ്ടുതന്നെ വീടിനകത്ത് എപ്പോഴും തണുപ്പുണ്ടായിരുന്നു. ഇന്ന് പലയിടത്തും പഴമ നിലനിര്‍ത്താന്‍ ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും തടികൊണ്ടുള്ള മേലാപ്പിന് പകരം കോണ്‍ക്രീറ്റ് സ്ലാബില്‍ ഓട് നിരത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ചൂട് കുറയണമെന്നില്ല. കോണ്‍ക്രീറ്റ്, ചൂടിനെ ആഗിരണം ചെയ്യും. ഫില്ലര്‍ സ്ലാബുകളില്‍ ഓട് മേയുന്നതാണ് ഉത്തമം. ട്രസ് വര്‍ക്ക് ചെയ്ത് അതിനുമുകളില്‍ ഓടിടുന്നത് വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ പറ്റിയ മാര്‍ഗമാണ്. 
  • മുകളിലെ ഭിത്തികളുടെ ഉയരം കൂട്ടി ഫോള്‍സ് സീലിങ് ചെയ്താല്‍ മുകള്‍ നിലയിലെ ചൂട് കുറയും. ഭിത്തികള്‍ക്ക് പത്തര അടി ഉയരം കൊടുത്ത് തെര്‍മോക്കോള്‍കൊണ്ട് ഒരു പാളി നല്‍കണം. അതിന് താഴെ ജിപ്‌സമുപയോഗിച്ച് ഫോള്‍സ് സീലിങ് ചെയ്യാം. ഇത് ചൂട് ഒരു പരിധിവരെ കുറയാന്‍ സഹായിക്കും.
  • നല്ല വെളിച്ചം കിട്ടുമെങ്കിലും ഗ്ലാസ് വര്‍ക്കുകള്‍ വീടിനകത്ത് ചൂട് കൂട്ടും. നടുമുറ്റം ഗ്ലാസ് കൊണ്ടുള്ള മേലാപ്പിട്ട് അടയ്ക്കുമ്പോഴും വെന്റിലേഷന്‍ നല്‍കാന്‍ മറക്കരുത്. 
  • ചുട്ടുപൊള്ളുന്ന വെയിലിനോടൊപ്പം ഹ്യുമിഡിറ്റിയും ഉള്ളതിനാല്‍ നമ്മുടെ നാട്ടില്‍ പലപ്പോഴും വിങ്ങുന്ന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വീടിനുള്ളിലെ വെന്റിലേഷന് വലിയ പ്രാധാന്യമുണ്ട്. ഇരുനില വീടുകളാണെങ്കില്‍, താഴെ നിലയില്‍നിന്ന് ചൂടുപിടിച്ച് മുകളിലേക്കുയരുന്ന വായു പുറത്തേക്ക് തള്ളാന്‍ താഴെ നിലയില്‍ വലിയ വെന്റിലേഷന്‍ സൗകര്യമൊരുക്കണം. 
  • വീടിനുള്ളില്‍ വായുസഞ്ചാരം എളുപ്പമാക്കാന്‍ ക്രോസ് വെന്റിലേഷന്‍ സഹായിക്കും. എതിര്‍ദിശകളിലുള്ള ജനാലകള്‍ തുറന്നിടുന്നത് വായുസഞ്ചാരം സുഗമമാക്കും. കോര്‍ണര്‍ വിന്‍ഡോ നല്‍കുന്നുണ്ടെങ്കില്‍ ആവശ്യമായ സണ്‍ ഷീല്‍ഡ് ഒരുക്കാന്‍ മറക്കരുത്.
  • ടെറസിന് മുകളില്‍ ഹീറ്റ് റിഫ്‌ളക്ടിങ് കോട്ടിങ് ഉപയോഗിക്കാം. പരമാവധി 5-6 വര്‍ഷം വരെ ഇത് ഈടുനില്‍ക്കും. മേല്‍ക്കൂരയില്‍ ഓടിനടിയില്‍ വിരിക്കുന്ന ഹീറ്റ് റിഫ്‌ളക്ടിങ് ഷീറ്റുകളും നല്ലതാണ്. തെര്‍മല്‍ ഇന്‍സുലേഷനിലൂടെയും വീടിനുള്ളിലെ ചൂട് കുറയ്ക്കാം. മേല്‍ക്കൂരയില്‍ ഇപ്പോക്‌സി കോട്ടിങ് നല്‍കുകയാണ് അതിന് ഏറ്റവും നല്ല വഴി. 
  • വെളുത്ത ടൈലുകള്‍, ടെറാക്കോട്ട ടൈലുകള്‍ എന്നിവ ഇടുന്നത് ചൂടില്‍നിന്ന് താത്കാലിക ആശ്വാസം നല്‍കും.   
  • കോര്‍ണര്‍ വിന്‍ഡോ നല്‍കുന്നത് വായുവിന്റെ സുഗമമായ സഞ്ചാരത്തിന് നല്ലതാണ്. വലിയ ജനല്‍ നല്‍കി അഴികളും ഗ്ലാസും ഇടാതെ മെഷ് മാത്രം നല്‍കുന്നതും കാറ്റിനെ വീട്ടിലേക്ക് ക്ഷണിക്കും. വെയില്‍ കൂടുതല്‍ അടിക്കുന്ന മുറികളില്‍ കട്ടിയുള്ള കര്‍ട്ടന്‍ നല്‍കാം. കാറ്റ് ലഭിക്കുന്ന മുറികളില്‍ കനംകുറഞ്ഞ കര്‍ട്ടനും ഇടാം.
  • നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം താഴ്ന്ന വിസ്തൃതമായ സണ്‍ഷേഡുള്ള തുറന്ന നടുമുറ്റമാണ്. ഇത് ഷീറ്റിട്ട് അടച്ചാല്‍ അസഹനീയമായ ചൂടാണ് അനുഭവപ്പെടുക. ഷീറ്റ് നിര്‍ബന്ധമാണെങ്കില്‍ വെന്റിലേഷന്‍ ധാരാളം നല്‍കണം.
  • കഴിവതും ഓപ്പണ്‍ ആയ പ്ലാന്‍ സ്വീകരിക്കുക. ഭിത്തികളുടെ എണ്ണം കുറയ്ക്കുക. ഭിത്തി കെട്ടാന്‍ സിമന്റ് ബ്ലോക്കുകള്‍ക്ക് പകരം ഇഷ്ടികയോ, വെട്ടുകല്ലോ, മണ്ണോ ഉപയോഗിക്കുക. ഭിത്തി തേക്കാതെ വിടുന്നതും ചൂട് കുറയ്ക്കാനുള്ള ഉപാധിയാണ്.  
  • ട്രെസ് വര്‍ക്ക് ചെയ്യാത്ത ടെറസ്സില്‍ തെങ്ങോല, ഇഷ്ടിക, ചിരട്ട എന്നിവ നിരത്തി ചൂട് കുറയ്ക്കാം.
  • വേനല്‍ക്കാലത്ത് വീടു പണിയുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീടിനുള്ള മരം കൊടുംചൂടില്‍ ഉണങ്ങാന്‍ അനുവദിക്കരുത്. ഇത് മരത്തില്‍ വിള്ളലും വളവുകളും ഉണ്ടാക്കാന്‍ ഇടയുണ്ട്. ചുമരുകള്‍ക്ക് പ്ലാസ്റ്ററിങ് ചെയ്യുമ്പോള്‍ നനവ് കുറയാതെ സൂക്ഷിക്കുക. വാര്‍ക്കുമ്പോള്‍ ബണ്ട് കെട്ടി വെള്ളം നിര്‍ത്തിയില്ലെങ്കില്‍ വിള്ളല്‍ വരാന്‍ സാധ്യതയുണ്ട്. ധാരാളം വെള്ളം ലഭ്യമാകും എന്ന് ഉറപ്പുവരുത്തി വീട് പണി നടത്തുക.  

പൊടിശല്യം കുറയ്ക്കാം
വേനലില്‍ വില്ലന്‍ പൊടിയാണ്. പൊടിയെ പമ്പകടത്താന്‍ ചില വഴികള്‍.

  • പൊടി അടിഞ്ഞുകൂടാന്‍ കാരണമാകുന്ന വസ്തുക്കളെ വീട്ടില്‍നിന്ന് പുറന്തള്ളുകയാണ് ആദ്യം ചെയ്യേണ്ടത്. അനാവശ്യ ഗൃഹോപകരണങ്ങള്‍, പഴയ കാര്‍പ്പെറ്റ്, ചവിട്ടി, പഴയ കര്‍ട്ടന്‍, പഴയ മെത്ത, പഴയ പേപ്പറുകള്‍ എല്ലാം ഇതിലുള്‍പ്പെടും.
  • കാര്‍പ്പെറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വര്‍ധിക്കുന്നതിന് കാരണം. അതുകൊണ്ട് വേനലില്‍ കാര്‍പ്പെറ്റ് കഴിവതും ഒഴിവാക്കണം. കാര്‍പ്പെറ്റിട്ടേ കഴിയൂ എന്നുണ്ടെങ്കില്‍, അവ ദിവസവും വൃത്തിയാക്കുക. ഇതിനായി വാക്വം ക്ലീനറുപയോഗിക്കാം.
  • ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി എല്ലായിടവും നന്നായി തുടയ്ക്കുക. പൊടിനീക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
  • ചെരിപ്പുകളും മറ്റും കഴിവതും വീടിന് പുറത്ത് ഷൂ റാക്കില്‍ വയ്ക്കാന്‍ ശ്രമിക്കുക. വീടിനകത്ത് ചെരിപ്പിട്ട് കയറാനോ ചെരിപ്പുപയോഗിക്കാനോ പാടില്ല. ചെരിപ്പുകളില്‍ പൊടി വേഗം അടിഞ്ഞുകൂടും.
  • വാഹനങ്ങള്‍ പോകുന്ന റോഡിനടുത്താണ് വീടെങ്കില്‍, ജനലുകള്‍ കഴിവതും അടച്ചിടുക. അതിരാവിലെയും രാത്രിയും ജനലുകള്‍ തുറന്നിടാം.  കര്‍ട്ടനുപയോഗിക്കാനും ശ്രദ്ധിക്കുക.
  • ഗൃഹോപകരണങ്ങള്‍ നിത്യവും  തുടയ്ക്കുക.
  • പൊടിപടലങ്ങള്‍ നീക്കംചെയ്യാന്‍ കഴിവുള്ള 'ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് അബ്സോര്‍ബ്ഷന്‍' ഉള്ള എയര്‍ കണ്ടീഷണറുകള്‍ വാങ്ങുക.
  • ബെഡ്ഷീറ്റ് മുഷിഞ്ഞിട്ടില്ലെങ്കിലും, ആഴ്ചയിലൊരിക്കല്‍ മാറ്റിവിരിക്കണം. അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ബെഡ്ഷീറ്റ് രണ്ടുദിവസത്തിലൊരിക്കല്‍ മാറ്റാം. കോട്ടന്‍ ബെഡ്ഷീറ്റുകളാണ് ആരോഗ്യകരം. കഴിയുന്നതും നേര്‍ത്ത കോട്ടന്‍ പുതപ്പുകള്‍ ഉപയോഗിക്കുക. അതില്‍ പൊടി തങ്ങുന്നത് കുറവായിരിക്കും. കട്ടിയുള്ള ബ്ലാങ്കറ്റുകളിലും കമ്പിളിപ്പുതപ്പിലും പൊടി ഏറെ തങ്ങിനില്‍ക്കും. അവ രണ്ടാഴ്ചയിലൊരിക്കല്‍ ഡ്രൈ വാഷ് ചെയ്യണം. 
  • മാസത്തിലൊരിക്കല്‍ കിടക്കകള്‍ സൂര്യപ്രകാശത്തില്‍ ഉണക്കാം.  പത്തുദിവസത്തിലൊരിക്കല്‍ തലയണയും വെയില്‍ കൊള്ളിക്കാം. 
  • സ്വീകരണമുറി എല്ലാ ദിവസവും അടിച്ചുവൃത്തിയാക്കി നനച്ചുതുടയ്ക്കാം. 
  •  ലിവിങ് റൂമിലെ കട്ടിയുള്ള കര്‍ട്ടനുകളില്‍ പൊടിയടിഞ്ഞിരിക്കും. കനംകുറഞ്ഞ നേര്‍ത്ത തുണികൊണ്ടുള്ള കര്‍ട്ടനുകളാണ് ആരോഗ്യകരം. കഴുകിയുണക്കാനും എളുപ്പമാണ്.

മഴവെള്ളം സംഭരിക്കാം

  • കുടിവെള്ളത്തിനായി വിതരണംചെയ്യുന്ന ശുദ്ധജലം പറമ്പ് നനയ്ക്കാനും വാഹനങ്ങള്‍ കഴുകാനും ഉപയോഗിക്കാതിരിക്കുക.
  • വീടുകളിലെ ടാങ്ക് നിറഞ്ഞുകവിഞ്ഞൊഴുകാതിരിക്കാന്‍ ഫ്‌ളോട്ട് വാല്‍വ് ഘടിപ്പിക്കുക.
  • അടുക്കളയില്‍ കൈവിട്ടാല്‍ താനേ അടയുന്ന തരത്തിലുള്ള ടാപ്പുകള്‍ ഉപയോഗിക്കുക.
  • പാത്രങ്ങള്‍, തുണികള്‍ തുടങ്ങിയവ കഴുകുമ്പോഴും കുളിക്കുമ്പോഴും പല്ലുതേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴുമെല്ലാം മുഴുവന്‍ നേരവും ടാപ്പ് തുറന്ന് വെള്ളം പാഴാക്കാതിരിക്കുക. ആവശ്യത്തിനുമാത്രം ടാപ്പ് തുറക്കുകയോ പാത്രത്തില്‍ വെള്ളം ശേഖരിച്ചുപയോഗിക്കുകയോ ചെയ്യാം.
  • ഉപയോഗശൂന്യമായ ജലം മണ്ണില്‍ താഴ്ന്നിറങ്ങാനനുവദിക്കുക.
  • വീടിന്റെ മുറ്റവും പരിസരവും വെള്ളമിറങ്ങാത്തവിധം കോണ്‍ക്രീറ്റ് ചെയ്യാതിരിക്കുക.
  • വലിയ വീട് നിര്‍മിക്കുന്നവര്‍ കാര്‍ പോര്‍ച്ചുകളുടെ അടിഭാഗത്ത് ആഴമുള്ള ടാങ്കുകള്‍ നിര്‍മിക്കുന്ന രീതി ഉത്തരേന്ത്യയില്‍ വ്യാപകമാണ്. ഇതില്‍ ധാരാളം വെള്ളം സംഭരിക്കാനാവും. 

പച്ചപ്പിന് പരിചരണം
കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികള്‍ നട്ടുവളര്‍ത്തുന്നതാണ് നല്ലത്. വേനലിലും പൂന്തോട്ടം മനോഹരമാക്കാന്‍ ഇത് സഹായിക്കും.

  • വേനല്‍ കടുക്കുമ്പോള്‍ ചെടികള്‍ക്ക് തണലൊരുക്കാം. ഓണ്‍ലൈനായോ ഹോര്‍ട്ടി ഡീലര്‍മാരുടെ പക്കല്‍നിന്നോ ഇത് വാങ്ങാം.
  • വേനല്‍ക്കാലത്ത് ചെടികള്‍ നനയ്ക്കാന്‍ ഏറ്റവും പറ്റിയ സമയം രാവിലെയും വൈകുന്നേരവുമാണ്. ഈ സമയം വെള്ളത്തിനും ചൂട് കുറവായിരിക്കും.
  • സ്പ്രിങ്ക്‌ളറുകള്‍ വെച്ച് നനയ്ക്കുന്നതാണ് നല്ലത്.
  • ചെടികള്‍ക്ക് ചുറ്റും വളര്‍ന്ന പുല്ലുകളും കളകളും ഇലകളുമെല്ലാം അവയുടെ ചുവട്ടില്‍ത്തന്നെ നിക്ഷേപിക്കാം. ഇത്  നനവ് നിലനിര്‍ത്താന്‍ സഹായിക്കും.
  • ഇന്‍ഡോര്‍ പ്ലാന്റുകള്‍ വേനലില്‍ വീടിനുള്ളില്‍ പച്ചപ്പ് നിറയ്ക്കും.

കടപ്പാട്
www.architecturaldigest.com
$രഞ്ജിത് നെടുങ്ങാടി
ആര്‍ക്കിടെക്ചറല്‍ ഡിസൈനര്‍

 

Content Highlights: how to cool down home during summer