'അന്ന് ഷാരൂഖാണ് അവിടെ സമൂസ വിതരണം ചെയ്തിരുന്നത്': പങ്കജ് കപൂർ

ഷാരൂഖ് ഖാൻ, പങ്കജ് കപൂർ | PTI
ഷാരൂഖ് ഖാൻ, പങ്കജ് കപൂർ | PTI

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ താരങ്ങളിലൊരാളാണ് ബോളിവുഡിലെ ബാദ്ഷാ ഷാരൂഖ് ഖാൻ. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 12,400 കോടിയിലേറെയാണ്. ഈ വർഷവും ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ (Hurun Global Rich List) അദ്ദേഹം ഇടംപിടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷവും അദ്ദേഹം ഹുറുൺ ഗ്ലോബൽ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞവർഷത്തേക്കാൾ ഷാരൂഖിന്റെ ആസ്തിയിൽ 1000-ത്തിലേറെ കോടിയുടെ ഇടിവുണ്ടായെങ്കിലും, അഭിനേതാക്കളുടെ ഇടയിൽ ഇപ്പോഴും അദ്ദേഹം സമ്പന്നനായി തുടരുന്നു.

അദ്ദേഹത്തിന്റെ പ്രശസ്തമായ വീടാണ് മന്നത്ത്. 18 കോടി രൂപയ്ക്ക് വാങ്ങിയ മന്നത്തിന്റെ ഇന്നത്തെ വില 300 കോടി രൂപയാണ്. 5 മുതൽ 13 കോടി വരെയുള്ള വാച്ചുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

എന്നാൽ, ഇതൊന്നുമല്ലാത്തൊരു തുടക്കമുണ്ടായിരുന്നു ഷാരൂഖിന്. ഒരു സിനിമാക്കഥ പോലെ അദ്ഭുതങ്ങൾ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര. ബോളിവുഡിലെത്തുന്നതിനുമുമ്പ് ഡൽഹിയിൽ നാടകങ്ങളിലും ടെലിവിഷനിലും അദ്ദേഹം ചെലവഴിച്ച നാളുകളെക്കുറിച്ച് ഓർക്കുകയാണ് നടൻ പങ്കജ് കപൂർ. ഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പ്രവർത്തിച്ച ഷാരൂഖിനെയാണ് അദ്ദേഹം ഓർക്കുന്നത്. കിൻഡിൽ കാസ്റ്റ് യൂട്യൂബ് ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുവയസ്സുള്ളപ്പോഴാണ് താൻ ഷാരൂഖിനെ ആദ്യമായി ശ്രദ്ധിച്ചതെന്നും നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ഷാരൂഖ് പതിവായി എത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. അന്നൊക്കെ നാടകവിദ്യാർഥികൾക്കും കലാകാരന്മാർക്കും സമൂസ വിൽക്കാനെത്തുമായിരുന്നു കുട്ടി ഷാരൂഖ്. ഒപ്പം എന്തെങ്കിലും ലഘുഭക്ഷണവുമുണ്ടാവും. സന്തോഷത്തോടെ ആ പരിസരങ്ങളിൽ ഓടിനടന്നിരുന്ന കുട്ടി ഇന്ത്യൻസിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പങ്കജ് പറയുന്നു.

''ഞങ്ങൾ സുഹൃത്തുക്കളെല്ലാം ചേർന്നൊരു ടീമുണ്ടാക്കി. ചിലർ നാൻ കൊണ്ടുവരും. ഇടവേളകളിൽ ഞങ്ങൾ സമൂസകൾ വാങ്ങും. സമയം കിട്ടുമ്പോൾ ഇതുംകൊണ്ട് ബാക്ക് സ്‌റ്റേജിൽ പോവും. ചായയ്‌ക്കൊപ്പം സമൂസയും നാനും കഴിക്കും. ഈ സമൂസ വിതരണം ചെയ്തിരുന്നത് ഷാരൂഖ് ആയിരുന്നു. പത്തുവയസ്സേയുള്ളൂ അവന്. അന്ന് ഷാരൂഖിന്റെ അച്ഛനാണ് അവിടെ കാന്റീൻ നടത്തിയിരുന്നത്'', മുമ്പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കജ് കപൂർ വെളിപ്പെടുത്തി.

ഷാരൂഖ് ഖാന്റെ സിനിമാജീവിതം രൂപപ്പെടാൻ കാരണവും നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയാണ്. അവിടെ ചെലവഴിച്ച ദിവസങ്ങളാണ് അദ്ദേഹത്തിന് അഭിനയത്തോടുള്ള താത്പര്യം വളർത്തിയത്. പിന്നീട് ഒരു നാടകട്രൂപ്പിൽ അദ്ദേഹം ചേരുകയും ചെയ്തു. അവിടുന്നാണ് ടെലിവിഷനിലേക്കും കാലക്രമേണ ബോളിവുഡിലേക്കുമെത്തുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Pankaj Kapur recalls SRK selling samosas at the National School of Drama as a 10-year-old. SRK's father managed the canteen where he worked during his childhood.