സ്റ്റുഡിയോ ക്ലീനിങ് മുതലുള്ള ജോലികൾ ചെയ്ത രവീണ; ഷാരൂഖിനൊപ്പമുള്ള സിനിമ നിരസിച്ചത് ഇക്കാരണത്താൽ

സംവിധായകൻ രവി ഠണ്ഡന്റെ മകളാണ് നടി രവീണ ഠണ്ഡൻ. ഖേൽ മേം ഖേൽ, നസ്രാന, മസ്ബൂർ, സിന്ദഗി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം. എങ്കിലും മകളെ സിനിമയിലേക്ക് കൊണ്ടുവരുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. രവീണയ്ക്കും ആദ്യം വലിയ താത്പര്യമുണ്ടായിരുന്നില്ല. തുടക്കത്തിൽ വന്ന അവസരങ്ങളേറെയും രവീണ ഒഴിവാക്കുകയും ചെയ്തു.

സിനിമയിൽ അഭിനയിക്കുന്നതിനുമുമ്പ് അവർ പല ജോലികളും ചെയ്തിട്ടുണ്ട്. സംവിധായകന്റെ മകളായിട്ടും ക്യാമറയ്ക്കുപിന്നിൽനിന്നാണ് രവീണ ക്യാമറയ്ക്കുമുന്നിലേക്ക് വരുന്നത്. പത്താം ക്ലാസ് പാസായ ഉടൻ തന്നെ താൻ ചെറിയ ജോലികൾ ചെയ്തിരുന്നുവെന്ന് ഒരഭിമുഖത്തിൽ രവീണ പറഞ്ഞിട്ടുണ്ട്. പരസ്യസംവിധായകനായ പ്രഹ്ലാദ് കക്കറിന്റെ സഹായിയായിട്ടാണ് തുടക്കം. അവിടെ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിലാണ്, മോഡലിങ് ചെയ്ത് പണം സമ്പാദിക്കുന്നവരെക്കുറിച്ച് അവർ മനസ്സിലാക്കുന്നത്. അതിനുള്ള അവസരങ്ങളുണ്ടെന്ന് തിരിച്ചറിയുന്നതും അപ്പോൾ തന്നെ.

''സ്റ്റുഡിയോയിലെ തറ വൃത്തിയാക്കുന്നത് മുതൽ, ഛർദ്ദിച്ച പാടുകൾ തുടച്ചുനീക്കുന്നത് വരെയുള്ള ജോലികൾ ഞാൻ ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ ഉടൻ തന്നെ ഞാൻ സംവിധായകൻ പ്രഹ്ലാദ് കക്കറിനെ സഹായിക്കാൻ തുടങ്ങി. പ്രഹ്ലാദിന്റെ സെറ്റിൽ ഏതെങ്കിലും മോഡൽ വരാതെ വരുമ്പോൾ, അദ്ദേഹം 'രവീണയെ വിളിക്കൂ' എന്ന് പറയും. മേക്കപ്പിട്ട് പോസ് ചെയ്യാൻ അദ്ദേഹം എന്നോട് ആവശ്യപ്പെടും. അപ്പോൾ ഞാൻ ചിന്തിച്ചു, 'ഇത് ചെയ്യേണ്ടി വരുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് പ്രഹ്ലാദിന് വേണ്ടി വെറുതെ വീണ്ടും വീണ്ടും ഇത് ചെയ്യുന്നത്? ഇതിൽനിന്ന് കുറച്ച് പോക്കറ്റ് മണി ഉണ്ടാക്കിക്കൂടേ?' അങ്ങനെയാണ് ഞാൻ മോഡലിങ്ങിലേക്ക് കടന്നുവരുന്നത്. ചുരുക്കത്തിൽ, യാദൃശ്ചികമായാണ് ഈ മേഖലയിൽ എത്തിയത്; ഒരു നടിയാകണമെന്ന് ആഗ്രഹിച്ചുകൊണ്ടല്ല ഞാൻ വളർന്നത്''.

പ്രഹ്ലാദ് കക്കറിനടുത്തെത്തുന്ന പലരും രവീണയ്ക്ക് സിനിമയിൽ ഭാവിയുണ്ടെന്ന് പറയാൻ തുടങ്ങി. ''ഫോട്ടോഗ്രാഫറും സംവിധായകനുമായ ശാന്തനു ഷിയോറിയാണ് എനിക്ക് ആദ്യ അവസരം നൽകുന്നത്. എന്നോടൊപ്പം ഒരു ഷൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. മോഡലുകൾ അഭിനേതാക്കളായി മാറിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഞാൻ സിനിമകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ നിരസിച്ചു. എന്നാൽ, ലക്ഷക്കണക്കിന് ആളുകൾ ഈ അവസരത്തിനായി കാത്തിരിക്കുമ്പോൾ നീ അത് നിരസിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രഹ്ലാദ് ഓർമ്മിപ്പിച്ചു''. അതിനുശേഷമാണ് 'പഥർ കെ ഫൂൽ' എന്ന ആദ്യചിത്രത്തിലേക്ക് അവരെത്തുന്നത്.

2023-ൽ എ.എൻ.ഐ.യുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെ, 'ഡർ' എന്ന ചിത്രത്തിലേക്ക് തന്നെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെന്ന് അവർ വെളിപ്പെടുത്തി. ഷാരൂഖ് ഖാൻ, സണ്ണി ഡിയോൾ, ജൂഹി ചൗള എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഇത്. എന്നാൽ, ചില രംഗങ്ങളിൽ അഭിനയിക്കുന്നതിലുള്ള അസ്വസ്ഥത കാരണം അവർ ആ അവസരം നിരസിക്കുകയായിരുന്നു. ''ഡർ എന്ന ചിത്രം ആദ്യം എന്നിലേക്കാണ് എത്തിയത്. എനിക്ക് ഒട്ടും സുഖകരമല്ലാത്ത ചില രംഗങ്ങൾ അതിലുണ്ടായിരുന്നു, അത് അശ്ലീലമായിരുന്നില്ല. സ്വിമ്മിങ് കോസ്റ്റ്യൂം ധരിക്കേണ്ടതുപോലെയുള്ള കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. അത്തരം വസ്ത്രങ്ങൾ ധരിക്കാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ അപ്പോൾത്തന്നെ വ്യക്തമാക്കി''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Raveena Tandon worked as an intern and assistant for ad director Prahlad Kakkar. She did odd jobs like cleaning studio floors before entering modeling and acting. She rejected the blockbuster movie 'Darr' due to discomfort with specific costume requirements like swimming trunks. She made her acting debut with the film 'Pathar Ke Phool'.