ലോകത്തെ കരയിച്ച, അമ്മ ഉപേക്ഷിച്ച കുട്ടിക്കുരങ്ങൻ; ആശ്വാസം കണ്ടെത്തുന്നത് ഈ പാവയിൽ

ഇന്ന് ലോകത്തിനുമുന്നിൽ ഒറ്റപ്പെടലിന്റെയും സ്നേഹം കൊതിക്കുന്ന മനസ്സിന്റെയും അതിജീവനത്തിന്റെ കുഞ്ഞുമാതൃകയാണ് പഞ്ച് എന്ന കുട്ടിക്കുരങ്ങൻ. കുറച്ചുദിവസമായി ലോകമെങ്ങുമുള്ള ഒട്ടേറെ ആളുകളുടെ സ്നേഹം നേടി കഴിയുകയാണ് പഞ്ച്. എന്നാൽ, പഞ്ച് സ്നേഹം കണ്ടെത്തുന്നതാവട്ടെ, ഒരു പാവയിലും.
2025-ൽ ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലാണ് പഞ്ചിന്റെ ജനനം. അമ്മയുടെ ചൂടുകിട്ടും മുമ്പേ അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചുപോയി. അമ്മയുടെ സ്നേഹം കിട്ടാതെയാണ് ജനിച്ചനാൾ മുതൽ അവൻ മുന്നോട്ടുപോയത്. അമ്മയുടെ അടുത്തേക്ക് ചേർന്നുനിൽക്കാൻ ശ്രമിച്ചപ്പോഴെല്ലാം തള്ളിയകറ്റുകയായിരുന്നു അവനെ. മൃഗശാലയിലെ പരിചാരകരാണ് അന്നൊക്കെ അവനെ നോക്കിയത്. ബോട്ടിലിൽ പാൽ നിറച്ചുകൊടുത്തും ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ചുകൊടുത്തും അവർ കുഞ്ഞ് പഞ്ചിനെ വളർത്തി.
എങ്കിലും ചെറുപ്രായത്തിൽ തന്നെ ഒറ്റപ്പെടലിന്റെ വേദനയറിഞ്ഞു അവൻ. സ്നേഹത്തിനുവേണ്ടി, കൂട്ടുകൂടാനായി പലപ്പോഴും വലിയ കുരങ്ങൻമാരെ തേടിച്ചെന്നു. അവരിലേറെയും അവനെ ആട്ടിയോടിച്ചു.
ഇത് മൃഗശാലയിലെ പരിചാരകർ ശ്രദ്ധിച്ചു. അവനെ ഒറ്റപ്പെടലിൽനിന്ന് രക്ഷിക്കാനായി അവർ ഒരു വഴി കണ്ടെത്തി. ഐക്കിയ ബ്രാൻഡിന്റെ ഒരു സോഫ്റ്റ് ടോയ് അവനായി വാങ്ങിനൽകി. ഒറാംഗുട്ടാന്റെ മാതൃകയിലുള്ള മനോഹരമായ പാവ.
ആദ്യമൊന്നും പഞ്ച് അതിനെ തിരിഞ്ഞുപോലും നോക്കിയില്ല. അവൻ സുരക്ഷിതത്വം കണ്ടെത്താൻ ശ്രമിച്ചതെല്ലാം മൃഗശാലയിലെ പരിചാരകരിലാണ്. പതുക്കെപ്പതുക്കെ പഞ്ച് അതിനോടടുത്തു. പിന്നീട് മുഴുവൻ സമയവും പാവയ്ക്കൊപ്പമായി. മറ്റു കുരങ്ങുകളുടെ അടുത്തേക്ക് പോകുമ്പോഴും, കളിക്കുമ്പോഴുമെല്ലാം പഞ്ചിന്റെ കൂടെ പാവയുമുണ്ടാവും. പാവയെ കെട്ടിപ്പിടിച്ചാണ് കുഞ്ഞ് പഞ്ചിന്റെ ഉറക്കം പോലും. പാവയുടെ കൈകാലുകൾ സ്വന്തം വായിലിട്ടും, അതിനുമുകളിലിരുന്നുമൊക്കെയാണ് പഞ്ച് ആശ്വാസവും സുരക്ഷയും കണ്ടെത്തുന്നത്.
വൈകാരിക സുരക്ഷിതത്വം ഈ പാവയിലൂടെ പഞ്ചിന് ലഭിക്കുന്നുണ്ടെന്നാണ് മൃഗശാലാ അധികൃതർ പറയുന്നത്. അവനെ സന്തോഷിപ്പിക്കാനായി പാവയ്ക്കും തീറ്റയിട്ടുകൊടുക്കും പരിചാരകർ. ഇപ്പോൾ ലോകമെങ്ങുമുള്ള ആരാധകർക്ക് പഞ്ചിന്റെ 'ഒറാൻ മമ്മ'യാണ് പാവ. ഐക്കിയയുടെ പാവയും പഞ്ചും വൈറലായതോടെ, പഞ്ചിനായി കൂടുതൽ ഐക്കിയ പാവകളുമായി കമ്പനി അധികൃതർ എത്തി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Abandoned at birth, a baby monkey named Punch finds solace and a mother figure in a plush toy. Discover Punch`s heartwarming story of survival and love