അടുക്കള ബജറ്റിൽ നിന്ന് വീട്ടമ്മമാർക്കും ഉണ്ടാക്കാം പേഴ്‌സണൽ ഫണ്ട്

ഒരു വീടിന്റെ സാമ്പത്തിക ഭദ്രതയുടെ യഥാർത്ഥ സൂത്രധാരൻ ആരാണെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ പറയാം; അത് ആ വീട്ടിലെ വീട്ടമ്മയാണ്. വരുമാനം ഒരു വഴിക്ക് വരുമ്പോൾ, അത് കൃത്യമായി വിഭജിച്ച്, ആവശ്യങ്ങൾ കണ്ടറിഞ്ഞ്, കുടുംബത്തെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നത് ഇവരാണ്.
എന്നാൽ, രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഈ വീട്ടമ്മമാർക്ക് മാസാമാസം സ്വന്തമായി എടുത്തുപറയാൻ ഒരു തുകയോ ഫണ്ടോ കൈകളിൽ ഉണ്ടാകാറുണ്ടോ? പലപ്പോഴും ഇല്ല എന്നതാണ് യാഥാർത്ഥ്യം. സ്വന്തം ആവശ്യങ്ങൾക്കോ അല്ലെങ്കിൽ അപ്രതീക്ഷിതമായി എന്തെങ്കിലും വാങ്ങാനോ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുമ്പോൾ അനുഭവപ്പെടുന്ന ഒരു ചെറിയ വിഷമം ഒട്ടുമിക്ക വീട്ടമ്മമാർക്കുമുണ്ട്. എന്നാൽ, വീട്ടുചെലവുകൾക്കായി കയ്യിൽ കിട്ടുന്ന തുകയിൽ നിന്ന് വളരെ സ്മാർട്ടായി ചെറിയ തുകകൾ മാറ്റിവെച്ചുകൊണ്ട് വീട്ടമ്മമാർക്കും സ്വന്തമായി ഒരു 'മന്ത് ലി സാലറി' അഥവാ പെഴ്‌സണൽ ഫണ്ട് രൂപീകരിക്കാൻ സാധിക്കും.