'രാത്രികളിൽ ചില ദുരനുഭവങ്ങളുണ്ടായി, അതിനുശേഷമാണ് വീടെന്ന ചിന്ത വന്നത്'

ഹേമ മാലിനി / PTI
ഹേമ മാലിനി / PTI

വർഷങ്ങളായി മുംബൈ ജുഹുവിലെ ഒരു ആഡംബര ബംഗ്ലാവിലാണ് ഹേമ മാലിനി താമസിക്കുന്നത്. ധർമേന്ദ്രയുമായുള്ള വിവാഹശേഷവും ഹേമ അവിടെ തന്നെയാണ് കഴിഞ്ഞിരുന്നത്. ലോണാവാലയിലെ ഫാംഹൗസിലാണ് ധർമേന്ദ്ര ആദ്യഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിച്ചിരുന്നത്. ഹേമയും മക്കളും ജുഹുവിലെ ബംഗ്ലാവിലും. ധർമേന്ദ്ര ഇടയ്ക്കിടെ ജുഹുവിലെ വീട്ടിൽ വന്നുപോവുകയായിരുന്നു.

ഡൽഹിയിലും ചെന്നൈയിലും വളർന്ന ഹേമയ്ക്ക്, അപാർട്ട്‌മെന്റുകളോട് താത്പര്യമില്ലായിരുന്നു. പച്ചപ്പുള്ള വീടുകളിൽ താമസിക്കാനായിരുന്നു ഇഷ്ടം. ചെന്നൈയിലും ഡൽഹിയിലും അങ്ങനെയുള്ള വീടുകൾ ഹേമയുടെ കുടുംബത്തിനുണ്ടായിരുന്നു. എന്നാൽ, മുംബൈയിലെ സ്ഥിതി അതായിരുന്നില്ല. തനിക്ക് ദീർഘകാലം അപാർട്ട്‌മെന്റിൽ താമസിക്കാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലായി. അതിനിടെ കടലിന് അഭിമുഖമായുള്ളൊരു അപാർട്ട്‌മെന്റ് ഹേമയ്ക്ക് വാങ്ങിക്കൊടുക്കാൻ അച്ഛൻ ശ്രമിച്ചു. പക്ഷേ ഹേമ അത് നിരസിച്ചു. പകരം ധാരാളം മരങ്ങൾ ചുറ്റിലുമുള്ള ഒരു വീട് തനിക്ക് വേണമെന്ന് അവർ അച്ഛനോട് പറഞ്ഞു.

അതിനിടെ ആദ്യചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ബാന്ദ്രയിലെ ഒരു അപാർട്ട്‌മെന്റിലും അതിനുശേഷം ഒരു ബംഗ്ലാവിലുമാണ് ഹേമ താമസിച്ചിരുന്നത്. ബംഗ്ലാവിൽ താമസിച്ചിരുന്ന കാലത്തെ ഒരു ദുരനുഭവം അവർ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.

''എല്ലാ രാത്രിയിലും ആരോ എന്നെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നുമായിരുന്നു; പലപ്പോഴും എനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുതോന്നി. ചില രാത്രികളിൽ അമ്മയ്‌ക്കൊപ്പമായിരിക്കും കിടക്കുന്നത്. അപ്പോഴും ആരോ കഴുത്തുഞെരിക്കുന്നതായി അനുഭവപ്പെട്ടു. ഞാൻ അസ്വസ്ഥയാകുന്നത് അമ്മ ശ്രദ്ധിക്കാൻ തുടങ്ങി. ഒന്നോ രണ്ടോ തവണയായിരുന്നെങ്കിൽ ഞങ്ങളിത് ശ്രദ്ധിക്കില്ലായിരുന്നു. പക്ഷേ എല്ലാ രാത്രികളിലും ഇത് ആവർത്തിക്കപ്പെട്ടു. അതിനുശേഷമാണ് സ്വന്തമായൊരു വീടെന്ന ചിന്ത വരുന്നത്''. ആദ്യം ഹേമ മുംബൈയിൽ ഒരു അപാർട്ട്‌മെന്റ് തന്നെയാണ് വാങ്ങിയത്. അതിനുശേഷമാണ് ജുഹുവിലെ ബംഗ്ലാവ് വാങ്ങുന്നത്.

''അഞ്ച് വർഷം പഴക്കമുള്ള, ഒരു ഗുജറാത്തി കുടുംബം താമസിച്ചിരുന്ന ബംഗ്ലാവായിരുന്നു അത്. ആ വീട്ടിൽ പിന്നെ കുറേ മാറ്റങ്ങൾ വരുത്തി. മുറികൾ കൂട്ടിച്ചേർത്തു. ചുറ്റും ധാരാളം മരങ്ങൾ ഉള്ളതിനാൽ എനിക്ക് ഏറെ ഇഷ്ടമാണ് ആ വീട്''. രാഷ്ട്രീയത്തിൽ സജീവമായശേഷം ഹേമ ഡൽഹിയിലേക്ക് മാറിയെങ്കിലും, മുംബൈയിലെ വീടിനോട് അവർക്ക് അടുപ്പമേറെയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hema Malini shares a chilling account of nightly suffocation and breathing difficulties experienced in a Mumbai bungalow