മൈക്കിൾ ജാക്‌സനൊപ്പമുള്ള ആ അമൂല്യഫോട്ടോ പ്രഭുദേവയ്ക്ക് ലഭിച്ചില്ല; അതിനുകാരണമിതാണ്

മൈക്കിൾ ജാക്‌സൻ, പ്രഭുദേവ | AFP
മൈക്കിൾ ജാക്‌സൻ, പ്രഭുദേവ | AFP

ആന്റോയിൻ ഫ്യുക്ക്വേ (Antoine Fuqua) സംവിധാനം ചെയ്ത 'മൈക്കിൾ' (Michael) എന്ന സിനിമ റിലീസായപ്പോൾ തന്നെ ഏറെ വിവാദങ്ങളും അതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. മൈക്കിൾ ജാക്‌സന്റെ ജീവചരിത്രപരമായ സിനിമ എന്നത് തന്നെയാണ് ഇതിന് ചർച്ചകളിലിടം നൽകുന്നതും.

അതിനിടെ 'ഇന്ത്യൻ മൈക്കിൾ ജാക്‌സൻ' എന്നറിയപ്പെടുന്ന പ്രഭുദേവ, മൈക്കിളിനെക്കുറിച്ച് മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വാർത്തകളിലിടം പിടിക്കുന്നത്. ജാക്‌സനെ നേരിട്ടുകണ്ട ഓർമകളാണ് പ്രഭുദേവ പങ്കുവെക്കുന്നത്.

''1999-ൽ മൈക്കൽ ജാക്സൻ മുംബൈയിൽ എത്തിയപ്പോൾ, അനുപം ഖേർ സാർ എന്നെ വിളിച്ചു, 'നിങ്ങൾക്ക് മൈക്കിൾ ജാക്‌സനെ കാണണ്ടേ, ഉടനെ ഇങ്ങോട്ടുവരൂ' എന്ന്. അങ്ങനെ ചെന്നൈയിൽനിന്ന് ഞാൻ മുംബൈയിലെത്തി. ഒട്ടും സമയം വൈകാതെ ആദ്യത്തെ വിമാനത്തിൽ കയറിയാണ് മുംബൈയിലെത്തിയത്. ഭരത് ഷാ എന്നൊരാളായിരുന്നു ആ പരിപാടി സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സംഘടിപ്പിച്ച വലിയ വിരുന്നിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചു. എന്നെ നിരാശനാക്കിക്കൊണ്ട് അന്ന് എനിക്ക് ജാക്‌സനെ കാണാൻ കഴിഞ്ഞില്ല. മൈക്കിൾ ജാക്‌സനെ കാണാൻ ആകെ അഞ്ചുപേർക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ഭരത് ഷാ അദ്ദേഹത്തിന്റെ മകനേക്കാൾ പ്രാധാന്യം എനിക്ക് തന്നു. ആ അഞ്ചുപേരിലൊരാളായി മൈക്കിൾ ജാക്‌സനെ കാണാൻ എനിക്കും കഴിഞ്ഞു. അങ്ങനെ അദ്ദേഹത്തെ കാണാൻ ഹോട്ടൽ മുറിയിലെത്തി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ഒടുവിൽ എന്റെ പ്രചോദനത്തെ (inspiration) കണ്ടുമുട്ടിയപ്പോൾ ഞാൻ നിശബ്ദനായി. അദ്ദേഹത്തിന് ചുറ്റും ഉയർന്ന സുരക്ഷയുണ്ടായിരുന്നു. പക്ഷേ അവർ എന്നെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞുകൊടുത്തു. ഞാൻ അദ്ദേഹത്തിന് കൈ കൊടുക്കാൻ പോയി. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഞാൻ സ്തബ്ധനായി, ഒന്നും മിണ്ടാനാവാതെ നിന്നുപോയി'', ''പ്രഭുദേവ പറയുന്നു.

മൈക്കിൾ ജാക്‌സന്റെ ഫോട്ടോഗ്രാഫർ ആ ചിത്രങ്ങളെല്ലാം പകർത്തുകയും ചെയ്തു. എന്നാൽ, കെട്ടിപ്പിടിക്കുകയും കൈകൊടുക്കുകയും ചെയ്ത ചിത്രങ്ങളൊന്നും പ്രഭുദേവയ്ക്ക് കിട്ടിയതേയില്ല. അതുകൊണ്ട് ആ കണ്ടുമുട്ടലിന്റെ ഓർമകൾ അദ്ദേഹത്തിന്റെ മനസ്സിൽ മാത്രം പതിഞ്ഞിരിക്കുന്നു. ''അദ്ദേഹം എന്തോ പറഞ്ഞത് ഞാൻ ഓർക്കുന്നു. പക്ഷേ എന്റെ മനസ്സിലേക്ക് അതൊന്നും കയറിയില്ല. അദ്ദേഹം പറഞ്ഞത് മനസ്സിലായതുമില്ല''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Prabhu Deva reflects on his 1999 meeting with Michael Jackson in Mumbai. The 'Indian Michael Jackson' was one of only five people allowed to meet the icon. Prabhu Deva describes the emotional impact of being hugged by his idol