സ്വര്‍ണപ്പണയം ഇനി പണിയാകുമോ? പുതിയ മാറ്റങ്ങള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കും?

കഴിഞ്ഞ കുറേ നാളുകളായി മലയാളിക്ക് എന്തിനും ഏതിനും സ്വര്‍ണപ്പണയമായിരുന്നു ആശ്രയം. വേണ്ടത് ചെറിയ തുകയാകട്ടെ, വലിയ തുകയാകട്ടെ സ്വര്‍ണമെടുത്ത് പണയം വയ്ക്കുകയായിരുന്നു എളുപ്പവഴി. അതിനിനി പൂട്ട് വീണു കഴിഞ്ഞു. പ്രതിവര്‍ഷം ഏകദേശം 10 ലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍ ആളുകളുടെ കയ്യില്‍ സ്വര്‍ണപ്പണയ വായ്പയായി എത്തുന്നത്. 2028-ല്‍ ഇത് ഏകദേശം 20 ലക്ഷം കോടി രൂപയായി വളരുമെന്നാണ് കണക്ക്. ആളുകള്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണവായ്പയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേത്. കുറ്റം പറയാന്‍ പറ്റില്ല. ഒരു തരി പൊന്നുപോലുമില്ലാത്ത ഒരു വീടുപോലും കേരളത്തില്‍ കാണില്ലല്ലോ.
അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ സ്വര്‍ണ പണയ വ്യവസ്ഥകളില്‍ അടിമുടി മാറ്റമാണ് വരുന്നത്. ഇതിലെ പ്രധാന മാറ്റങ്ങള്‍ സ്വര്‍ണപ്പണയ വായ്പയെ ആശ്രയിക്കുന്നവരെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.