ജെന്റില്‍ പേരന്റിങ് എന്നാല്‍ തലോടി വളര്‍ത്തല്‍ മാത്രമാണോ?

പ്രതീകാത്മകചിത്രം/ shutter stock
പ്രതീകാത്മകചിത്രം/ shutter stock

' തല്ലി വളര്‍ത്താത്തതിന്റെ കുറവാണ്.' കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമപ്രവണതയെക്കുറിച്ച് തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഏറെക്കേട്ട അഭിപ്രായങ്ങളിലൊന്നാണ് ഇത്. എന്നാല്‍ അടിച്ചുപഴുപ്പിച്ചു വളര്‍ത്തിയവരെല്ലാം നല്ലവരാണോ എന്ന ചോദ്യം ആരെങ്കിലും തിരിച്ചു ചോദിച്ചാല്‍ മറുപടിയുമില്ലെന്ന് മാത്രം. അടിച്ചു വളര്‍ത്തണോ, തലോടി വളര്‍ത്തണോ... ഈ സമയത്ത് ഏറെ ചര്‍ച്ചയായത് ജെന്റില്‍ പേരന്റിങ് എന്ന വിഷയമാണ്. മാതാപിതാക്കള്‍ സുഹൃത്തുക്കളാവുന്ന, തെറ്റുചെയ്താലും തലോടി നന്നാക്കുന്ന കിനാശ്ശേരിയാണോ ജെന്റില്‍ പേരന്റിങ്ങ് ? അല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എങ്കില്‍ പിന്നെ ശരിക്കും എന്താണ് ജെന്റില്‍ പേരന്റിങ്?

അറിയാം പലതരം രക്ഷിതാക്കളെ

1. അതോറിറ്റേറിയന്‍ പേരന്റിങ് : കുട്ടികള്‍ക്ക് കര്‍ശനമായ അച്ചടക്കവും അവ പാലിച്ചില്ലെങ്കില്‍ കഠിനമായ ശിക്ഷകളും നല്‍കുന്ന രീതി. പട്ടാളച്ചിട്ടയെന്നൊക്കെ പറയില്ലേ.. അതു തന്നെ. 

2. അതോററ്റീവ് പേരന്റിങ്: കുട്ടികളോട് ജനാധിപത്യപരമായി ഇടപെടുന്ന രീതിയാണ് ഇത്. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളുമൊക്കെയുണ്ടാവും. തെറ്റുകള്‍പറ്റിയാല്‍ കഠിനശിക്ഷകള്‍ക്കു പകരം അവര്‍ക്കൊപ്പം നിന്ന് അത് തിരുത്താന്‍ സഹായിക്കും. ജെന്റില്‍ പേരന്റിങ്ങിന്റെ മറ്റൊരു രൂപം. 

3. നെഗ്ലറ്റ്ഫുള്‍ പേരന്റിങ്: കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ മാത്രമാണ് ഇത്തരം രക്ഷിതാക്കള്‍ പരിഗണിക്കുക. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം.. അതിനപ്പുറം സ്‌നേഹമോ, അനുകമ്പയോ ഒന്നും ഇവരുടെ അടുത്തുനിന്ന് പ്രതീക്ഷിക്കേണ്ട. 

4. ടൈഗര്‍ പേരന്റിങ്: പുതുതലമുറ മാതാപിതാക്കളുടെ ഇടയിലെ രീതികളിലൊന്നാണ് ഇത്. എല്ലാ മേഖലയിലും തന്റെ കുട്ടി ഉന്നതവിജയം നേടണമെന്ന ലക്ഷ്യത്തോടെ കുട്ടികളെ സ്ട്രിക്ടായി വളര്‍ത്തുന്ന മാതാപിതാക്കളാണ് ഇവര്‍

5. ഹെലികോപ്ടര്‍ പേരന്റിങ്: കുട്ടികളുടെ എല്ലാക്കാര്യങ്ങള്‍ക്കും മാതാപിതാക്കള്‍ മേല്‍നോട്ടം വഹിക്കുകയും എന്ത് പ്രശ്‌നം വന്നാലും സ്വയം നേരിടനാന്‍ പ്രാപ്തരാക്കാതെ എപ്പോഴും പൊതിഞ്ഞുപിടിച്ച് ഹെലികോപ്ടര്‍പോലെ എപ്പോഴും നിരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്യുന്ന രീതിയാണ ഇത്.

ജെന്റില്‍ പേരന്റിങ്

പണ്ട് കുട്ടികള്‍ക്കൊരു നിയമം മുതിര്‍ന്നവര്‍ക്ക് വേറൊരു നിയമം എന്ന രീതിയായിരുന്നു നമ്മുടെയെല്ലാം കുടുംബങ്ങളില്‍. നമ്മളെ കണ്ടാണ് കുട്ടികള്‍ പഠിക്കുന്നത് എന്നൊരു ബോധം അന്നൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ മാതാപിതാക്കള്‍ മാതൃകയാവുന്ന രീതിയാണ് ജെന്റില്‍പേരന്റിങ്. കുട്ടികളെ മാത്രം മുന്നില്‍ നിര്‍ത്തിയുള്ള പേരന്റിങ് രീതിയല്ല ഇവിടെ വേണ്ടത്.  ഇവിടെയാധ്യം മാതാപിതാക്കള്‍ തന്നെ സ്വയം നല്ല വ്യക്തിത്വമുള്ളവരാവേണ്ടി വരും. കുട്ടിയോട് ഫോണ്‍ നോക്കരുതെന്ന് പറഞ്ഞിട്ട് നമ്മള്‍ എപ്പോഴും ഫോണില്‍ നോക്കിയിരുന്നാല്‍ കാര്യമില്ലെന്ന് ചുരുക്കം. ഭീക്ഷണിപ്പെടുത്തിയോ കഠിനമായി ശിക്ഷിച്ചോ അവഗണിച്ചോ ഉപഹാരങ്ങള്‍ നല്‍കിയോ അല്ല അവരുടെ സ്വഭാവം രൂപപ്പെടുത്തേണ്ടതെന്നും തിരുത്തേണ്ടതെന്നുമുള്ള തിരിച്ചറിവാണ് ഇത്തരം പേരന്റിങ്ങില്‍ ആവശ്യം. കുട്ടികളുടെ വൈകാരികമായ അവസ്ഥകള്‍ക്ക് പ്രാധാന്യം നല്‍കണം. തുറന്ന ആശയവിനിമയത്തിനുള്ള ഇടമുണ്ടാകണം. ഇതിനായി ചിലഘടകങ്ങള്‍ മാതാപിതാക്കള്‍ വളര്‍ത്തണം.

സഹാനുഭൂതി- കുട്ടികളുടെ വൈകാരികമായ പ്രശ്‌നങ്ങളെ തിരിച്ചറിയണം. അവരുടെ പക്ഷത്തുനിന്നു ചിന്തിക്കണം. എന്തുകൊണ്ടാണ് ഒരു പ്രശ്‌നമുണ്ടായാല്‍ കുട്ടികള്‍ ഇങ്ങനെപെരുമാറിയതെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും. 
മനസ്സിലാക്കല്‍- നമ്മുടെ ലോകവും കുട്ടികളുടെ ലോകവും ചിന്താഗതികളും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുവേണം അവരോട് പെരുമാറാന്‍. ഒരു കളിപ്പാട്ടം കളഞ്ഞുപോകുന്നത് നമുക്ക് നിസ്സാരമാകാം. എന്നാല്‍ അവര്‍ക്കത് വലിയകാര്യമാണ്. അതനുസരിച്ചുവേണം അവരെ ആശ്വസിപ്പിക്കാന്‍.
ബഹുമാനം- കുട്ടികളും മാതാപിതാക്കളും തമ്മില്‍ പരസ്പരബഹുമാനമുണ്ടാകണം. കുട്ടികളോട് എന്തുമാവാം എന്നത് ശരിയായ ചിന്തയല്ല. അവരോട് കര്‍ശനമായി ആജ്ഞാപിക്കുകയല്ല വേണ്ടത്. കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാനുള്ള ക്ഷമ മാതാപിതാക്കള്‍ക്കും അത് സ്വീകരിക്കാനുള്ള മനസ്സ് കുട്ടികള്‍ക്കും വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. 

ചില തെറ്റിദ്ധാരണകള്‍

-അടി, ഇടി പോലുള്ള ദേഹോപദ്രവങ്ങള്‍ പാടില്ലെന്നതാണ് ജെന്റില്‍ പേരന്റിങ്ങിലെ മറ്റൊരു നിയമം. എന്നുവച്ചാല്‍ ശിക്ഷയില്ലെന്നല്ല
-കുട്ടികള്‍ എന്ത് പറഞ്ഞാലും സാധിച്ചുകൊടുക്കണം
-മാതാപിതാക്കള്‍ സുഹൃത്തുക്കളാണ്, എടാ പോടാ ബന്ധമാണ്.
-യാതൊരു അതിര്‍വരമ്പുകളും ഇല്ല

ജെന്റില്‍പേരന്റിങ്ങ് ഇതൊന്നുമല്ല പരസ്പരം മനസിലാക്കി ബഹുമാനത്തോടെയുള്ള മുന്നോട്ടുപോകലാണ്. കുട്ടിയെ നിങ്ങള്‍ക്ക് തുല്യനായ ഒരു വ്യക്തിയായി തന്നെ കണക്കാക്കുക. 

ശിക്ഷ വേണോ:

- ശാരീരികമായ ശിക്ഷകളില്‍ പെട്ടെന്ന് ഫലം ലഭിക്കുമെന്നൊരു തെറ്റിദ്ധാരണയുണ്ട്. അതാണ് അടി ഇത്ര പോപ്പുലറായത്. എന്നാല്‍ ഇത്തരം ശിക്ഷകള്‍ക്കുള്ള ഫലം വേദനമറക്കുന്നതുവരെ മാത്രമുള്ളയൊന്നാണ്. ഒന്നോ രണ്ടോ വ്യക്തികള്‍ മൊത്തമായങ്ങ് നന്നായിപ്പോയേക്കാം. പക്ഷേ എപ്പോഴെങ്കിലും തനിസ്വഭാവം പുറത്തും വരാം. പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്  ശാരീരികമായ ശിക്ഷ ഒരു വ്യക്തിയുടെ സ്വഭാവരൂപികരണത്തെയോ തെറ്റുതിരുത്താനുള്ള മനോഭാവത്തെയോ സ്വാധീനിക്കില്ല എന്നതാണ്. അടികൊടുത്ത് ആരെയും നന്നാക്കാനാവില്ല എന്ന് തന്നെ.

- ഒരു തെറ്റുചെയ്താല്‍ അത് എന്തൊക്കെ പ്രശ്‌നങ്ങള്‍ പിന്നീട് നിങ്ങള്‍ക്കുണ്ടാക്കാം എന്ന ബോധ്യപ്പെടുത്തലാണ് ആദ്യം നല്‍കേണ്ടത്. 

- മുതിര്‍ന്നവര്‍ അവരുടെ തെറ്റായശീലങ്ങള്‍ മാറ്റുക എന്നതാണ് മറ്റൊന്ന്. അതുകണ്ടറിഞ്ഞ് വളരാന്‍ കുട്ടികള്‍ക്ക് ഇടം നല്‍കുകയും വേണം. അതായത് കുട്ടികള്‍ക്ക് അച്ചടക്കമുണ്ടാവാന്‍ നമ്മള്‍ തന്നെ അച്ചടക്കം ശീലിക്കണം. 

- നമ്മുടെ സ്‌ട്രെസ്സോ പ്രശ്‌നങ്ങളോ തീര്‍ക്കാനുള്ളവരല്ല കുട്ടികള്‍ എന്നോര്‍ക്കുക. ക്ഷമയോടെ വേണം ഓരോ കാര്യങ്ങളും പറഞ്ഞുനല്‍കാന്‍. പെട്ടെന്ന് ഫലം പ്രതീക്ഷിക്കുകയുമരുത്. 

- ജെന്റില്‍ പേരന്റിങ്ങില്‍ കുട്ടികള്‍ക്ക് വേണ്ടി നീക്കിവയ്ക്കാന്‍ ഏറെസമയം വേണമെന്നാണ് പറയുന്നത്. എത്രകൂടുതല്‍ സമയം അവര്‍ക്കൊപ്പം നമ്മള്‍ ചെലവഴിക്കുന്നുവോ അത്രയും നല്ലത്. 

എങ്ങനെ തിരുത്താം

- സഹോദരിയോട് വഴക്കുണ്ടാക്കുന്ന കുട്ടിയോട് നീ ചെയ്തത് ശരിയല്ല എന്ന് പറഞ്ഞ് ശകാരിക്കുന്നതിനുപകരം ഇപ്പോള്‍ വഴക്കുകൂടിയത് നിന്റെ ചേച്ചിക്ക്/ അനിയത്തിക്ക് എത്രവിഷമമായി എന്ന് നോക്ക്, അവള്‍ക്ക് അത് വലിയ സങ്കടമായി എന്ന് പറഞ്ഞ് മനസ്സിലാക്കാം.

- നമ്മള്‍ സുഖമില്ലാതെ റസ്റ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വകവയ്ക്കാതെ ബഹളമുണ്ടാക്കുന്ന കുട്ടിയോട് മനുഷ്യന്റെ സ്വസ്ഥതകളയാതെ എന്ന് അലറിവിളിക്കുന്നതിനു പകരം അമ്മയക്ക് വയ്യ, കുറച്ച് നേരം വിശ്രമിച്ചിട്ട് കൂടെ കളിക്കാന്‍ വരാം എന്ന് പറയാം. ത്യാഗശീലരായ മാതാപിതാക്കളാവുന്നതിലല്ല കാര്യം. എത്ര രോഗം വന്നാലും അതെല്ലാം മാറ്റിവെച്ച് മക്കള്‍ക്ക് വേണ്ടിയും വീട്ടുകാര്‍ക്ക് വേണ്ടിയും ഓടുന്നവരെ കണ്ടിട്ടില്ലെ. അതൊരു തെറ്റായ മാതൃകയാണ്. വിശ്രമിക്കാനും, അവനവനുവേണ്ടി സമയം ചെലവഴിക്കാനും എല്ലാവര്‍ക്കും ഒരുപോലെ അവകാശമുണ്ടെന്ന് കുട്ടികള്‍ പഠിക്കേണ്ടതും വീട്ടില്‍ നിന്നാണ്.  

- എന്തെങ്കിലും നല്ലകാര്യങ്ങള്‍ ചെയ്താല്‍ എത്ര ചെറുതായാലും (പുസ്തകങ്ങള്‍ അടുക്കി വയ്ക്കുക, സ്വയം കൈയ്യോ വായോ കഴുകുക, ഭക്ഷണം മുഴുവന്‍ കഴിക്കുക) അഭിനന്ദിക്കാന്‍ മടിക്കരുത്. 

- കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പറയാം. കളിപ്പാട്ടങ്ങള്‍ നിരത്തിയിടുന്ന കുട്ടിയോട് അത് വലിച്ചുവാരി നിരത്തരുത് എന്ന് പറയുന്നതിന് പകരം കളിച്ചു കഴിഞ്ഞാല്‍ കൃത്യമായി എടുത്തു വയ്ക്കണമെന്ന് പറയാം. 

- അമിതമായ വാശിയോ ദേഷ്യമോ കാണിക്കുമ്പോള്‍ അവരെ ശകാരിക്കുന്നതിന് പകരം അവരുടെ ശ്രദ്ധമാറ്റാം. നടക്കാന്‍ പോകാമെന്നോ, അല്ലെങ്കില്‍ പാട്ടുകേള്‍ക്കാമെന്നോ, കഥവായിച്ചു നല്‍കാമെന്നോ അങ്ങനെ എന്തെങ്കിലും പോസിറ്റീവായ കാര്യങ്ങളിലേക്ക് ശ്രദ്ധമാറ്റാം. 

- ചില സമയങ്ങളില്‍ മാതാപിതാക്കള്‍ക്കും ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റാത്ത അത്രയും സ്‌ട്രെസ്സ് ഉണ്ടാകാം. അത്തരം സമയങ്ങളില്‍ പെട്ടെന്ന് നിശബ്ദതപാലിക്കാം. ശ്വാസം നന്നായി വലിച്ചുവിടുക. കൂടെയുള്ള പങ്കാളിയെയോ അല്ലെങ്കില്‍ സഹായത്തിനുള്ള മറ്റാരെയെങ്കിലുമോ കുട്ടിയെ നോക്കാനേല്‍പ്പിച്ച് അവിടെ നിന്ന് മാറുക. അല്ലെങ്കില്‍ ശ്രദ്ധമാറ്റാനായി മറ്റെന്തെങ്കിലും ചെയ്യാം. വാവിട്ട് ശകാരിക്കുയോ നോവിക്കുകയോ ചെയ്യുന്നതിലും നല്ലത് സമാധാനപരമായ അന്തരീക്ഷമുണ്ടാവുന്നതുവരെ കാത്തിരിക്കുന്നതാണ്.

തയ്യാറാക്കിയത്- റോസ് മരിയ വിന്‍സെന്റ്
കടപ്പാട്- ഡോ.ഗംഗാ കൈലാസ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
ആലപ്പുഴ

 

Content Highlights: gentle parenting discipline your child the smart and healthy way