കല്യാണമണ്ഡപം, സംഗീത്, ഭക്ഷണം, ആഘോഷം; വരനും വധുവും മാത്രമില്ല, ഇത് ജെൻസി കല്യാണം

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

നല്ല ഡിസൈനർ വസ്ത്രങ്ങൾ, അടിപൊളി സ്ഥലം, ഇഷ്ടംപോലെ ഭക്ഷണം, മൊത്തത്തിൽ ആഘോഷമയം...അങ്ങനെ ഒരു കല്യാണത്തിനാവശ്യമായ എല്ലാമുണ്ട്. വരനും വധുവും മാത്രമുണ്ടാവില്ല. ഇതാണ് ജെൻസികളുടെ കല്യാണം. ശരിക്ക് പറഞ്ഞാൽ, 'ജെൻസി ഫേക്ക് വെഡിങ്'. ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ഈ 'വ്യാജ കല്യാണം' കൂടുതലായി കണ്ടുവരുന്നത്. വിവാഹപാർട്ടി ആസ്വദിക്കാനുള്ളൊരു വഴി. ഒരു യഥാർഥഇന്ത്യൻകല്യാണത്തിന്റെ എല്ലാ ചേരുവകളുമുണ്ടാവും ഇത്തരം വ്യാജകല്യാണങ്ങൾക്കും. അലങ്കാരങ്ങൾ, ബാരാത്ത്, മെഹന്ദി, സംഗീത്...ഇവയൊന്നും വിട്ടുപോവില്ല. എന്തിനേറെ പറയുന്നു യഥാർഥ കല്യാണമണ്ഡപം പോലുമുണ്ടാവും. ലക്ഷ്യം യാതൊരു കെട്ടുപാടുകളുമില്ലാതെ ഇന്ത്യൻകല്യാണങ്ങൾ ആസ്വദിക്കുക എന്നതുമാത്രമാണ്.

സമ്മർദങ്ങളോ ഉത്തരവാദിത്തങ്ങളോ ഇല്ലാതെ ഇന്ത്യൻവിവാഹത്തിന്റെ നാടകീയതും ആഘോഷങ്ങളും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ കഴിയുമെന്നതാണ് ഈ കല്യാണത്തിന്റെ പ്രത്യേകത. ചിലർ വ്യാജകല്യാണം മാത്രമല്ല, ഒരുപടി കൂടി കടന്ന് വ്യാജസംഗീതും പോസ്റ്റ് വെഡിങ് പാർട്ടിയുമെല്ലാം നടത്തുന്നു.

അടിപൊളി ഡിസൈനർ വസ്ത്രങ്ങളിലായിരിക്കും ഈ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നത്. സ്ത്രീകൾ സാരിയും ലഹങ്കയും ഹെവി വർക്കുള്ള അനാർക്കലിയും തിരഞ്ഞെടുക്കുമ്പോൾ, പുരുഷൻമാർ ലോങ് കുർത്തയും ധോത്തിയും പാന്റുമെല്ലാം പരീക്ഷിക്കും. ഒരു യഥാർഥവിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളും ഇതിനും ഉണ്ടാവുമെന്നതാണ് പ്രത്യേകത. പരമ്പരാഗത ഇന്ത്യൻവിഭവങ്ങൾ ആസ്വദിക്കാനുള്ള ചെറിയ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ടാവും. നൃത്തം ചെയ്യാൻ പറ്റിയ ബോളിവുഡ്-വെസ്‌റ്റേൺ മ്യൂസിക്കും. ചിലയിടങ്ങളിൽ ഡിജെയുമുണ്ടാവും. ഫോട്ടോബൂത്ത്, മെഹന്ദി ഡിസൈനിങ് തുടങ്ങിയവയും അതിന്റെ ഭാഗമായുണ്ടാവും. വധുവിന്റെയും വരന്റെയും ടീമെന്ന പേരിൽ വരുന്നയാളുകളെ തരംതിരിച്ച് ചെറിയ ഗെയിമുകളുണ്ടാവും ചില കല്യാണങ്ങളിൽ.

മിക്കവാറും ഹോട്ടലുകളോ ക്ലബുകളോ ആയിരിക്കും പാർട്ടി സംഘടിപ്പിക്കുന്നത്. അതുമല്ലെങ്കിൽ ഒരു സംഘം കൂട്ടുകാരായിരിക്കും ഇത്തരം പരിപാടികൾക്കുപിന്നിൽ. ക്ലബുകളും ഹോട്ടലുകളും നടത്തുന്നതാണെങ്കിൽ, 1500 രൂപ മുതലാണ് വ്യാജകല്യാണവേദിയിലേക്കുള്ള പ്രവേശനഫീസ്. ഒരു പരിപാടിക്ക് 1000 മുതൽ 2500 വരെ ആളുകളാണ് പലപ്പോഴുമുണ്ടാവുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: experience the fun of an indian wedding without the commitment, Gen Z fake weddings are trending in indian cities