സൗരവ് ഗാംഗുലിയുടെ പ്രതികാരം; ലോര്‍ഡ്സില്‍ ഗാംഗുലി നടത്തിയ സിംഹഗര്‍ജനം

സൗരവ് ഗാംഗുലി (PTI)
സൗരവ് ഗാംഗുലി (PTI)

സ്‌പോര്‍ട്‌സില്‍ ജയപരാജയങ്ങളുണ്ടാകും. അതിനോടനുബന്ധിച്ച പ്രകടനങ്ങളും. പക്ഷേ ഒരു ജയപ്രകടനം ഒരു രാജ്യത്തിന്റെ കായികചരിത്രത്തില്‍ ഓര്‍ത്തുവെക്കപ്പെടുന്നത് അത്ര പതിവല്ല. ആ പതിവ് തിരുത്തിയയാളാണ് സൗരവ് ഗാംഗുലി. ക്രിക്കറ്റ് ലോകത്തെ ഇന്ത്യയുടെ സിംഹഗര്‍ജ്ജനമായിട്ടാണ് ലോര്‍ഡ്സ് ബാല്‍ക്കണിയിലിരുന്നുള്ള ഗാംഗുലിയുടെ ആഹ്ലാദപ്രകടനം ഓര്‍മിക്കപ്പെടുന്നത്. 

1983-ല്‍ ലോര്‍ഡ്‌സിന്റെ മൈതാനത്തില്‍ കപില്‍ദേവും കൂട്ടരും വിശ്വകിരീടം ചൂടിയിരുന്നു. എങ്കിലും ക്രിക്കറ്റ് അതികായന്മാരായി ഇന്ത്യ പരിഗണിക്കപ്പെടുന്നത് ഗാംഗുലിയുടെ കാലത്താണ്. ബംഗാളിന്റെ രാജകുമാരന്‍ ടീം ക്യാപ്റ്റനായത് ഇന്ത്യന്‍ ടീമിന്റെ മനോബലത്തിനുണ്ടാക്കിയ മാറ്റം ചെറുതല്ല. സൗമ്യതയും ഒതുക്കവും മുഖമുദ്രയാക്കിയ ഇന്ത്യന്‍ ടീമിനെ വീറും വാശിയുമുള്ള ടീമാക്കി മാറ്റിയ ക്യാപ്റ്റനാണ് ഗാംഗുലി.  

സൗരവ് ഗാംഗുലി (PTI)

2002-ലെ ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വന്ന നാറ്റ്വെസ്റ്റ് ട്രൈ സീരീസ്. തുടര്‍ച്ചയായ ഒന്‍പത് ഫൈനല്‍ പരാജയങ്ങള്‍ക്ക് ശേഷമാണു ഇന്ത്യ ഇംഗ്ലണ്ടില്‍ സീരീസ് കളിക്കാനെത്തിയത്. ആരും ഇന്ത്യക്ക് വലിയ വിജയസാധ്യത കല്പിച്ചില്ല. 326 എന്ന ഇംഗ്ലീഷ് സ്‌കോറിനെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഫൈനലില്‍ ഇന്ത്യ. ക്യാപ്റ്റന്‍ ഗാംഗുലിയും വീരു എന്ന വീരേന്ദര്‍ സെവാഗുമായിരുന്നു ഇന്ത്യയുടെ ഓപ്പണേഴ്സ്. ഗാംഗുലി 60, സെവാഗ് 45 എന്നിങ്ങനെ റണ്‍സ് നേടി നല്ല തുടക്കം ഇന്ത്യയ്ക്ക് നല്‍കി.

പക്ഷേ, ഇംഗ്ലീഷ് ബൗളിംഗ് നിര പ്രബലരായിരുന്നു. തുടര്‍ന്നുവന്ന ബാറ്റര്‍മാരെ അവര്‍ എറിഞ്ഞിട്ടു. കാര്യമായൊന്നും ചെയ്യാനാകാതെ സച്ചിനും വീണ ദിവസം. 5 വിക്കറ്റിന് 146 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പെട്ടെന്നൊരു ഭാവമാറ്റം വന്നു. വിജയം തൊട്ടടുത്തെത്തിയെന്ന തോന്നലിലായിരുന്നു അവര്‍. ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ എല്ലാവരുടെയും മുഖം കനത്തു.

താരതമ്യേന തുടക്കക്കാരായ മുഹമ്മദ് കെയ്ഫും യുവരാജ് സിങ്ങുമായി പിന്നെ ക്രീസില്‍. ആ കൂട്ടുകെട്ട് മൈതാനത്ത് നിലയുറപ്പിച്ചപ്പോള്‍ ടീമിന് നേര്‍ത്ത പ്രതീക്ഷ കിട്ടി. ഇരുപത്തിയൊന്നുകാരനായ യുവരാജ് വെടിക്കെട്ട് തുടങ്ങി. മറുഭാഗത്ത് കെയ്ഫും നടത്തി കൂറ്റനടികള്‍. 69 റണ്‍സ് നേടി യുവരാജ് കളം വിട്ടപ്പോഴേക്കും ഇന്ത്യ ജയത്തിനരികിലെത്തി.

യുവരാജിന് ശേഷം വന്ന ഹര്‍ഭജന്‍ സിങ്ങും അനില്‍ കുംബ്ലെയും റണ്‍ നിലയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. ഇന്ത്യന്‍ കാമ്പില്‍ വീണ്ടും സമ്മര്‍ദം. പിന്നീട് വന്ന സഹീര്‍ ഖാന് വെറും 4 റണ്‍സ് മാത്രമേ അടിക്കേണ്ടി വന്നുള്ളൂ. നോട്ട് ഔട്ടായി 87 റണ്‍സ് നേടിയ കെയ്ഫ് കളി ജയിപ്പിച്ചു.

ഗാലറിയിലിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലി തന്റെ ജേഴ്സിയൂരി ചുഴറ്റി വീശി. ഗാംഗുലിയുടെ വിജയാക്രോശം മുഴങ്ങിക്കേട്ടു. മൈതാനത്തേക്ക് ഓടിയിറങ്ങിയ ഗാംഗുലി കെയ്ഫിനെ ആലിംഗനം ചെയ്തു. പരാജയ പരമ്പരയ്ക്ക് ഇന്ത്യ അവിടെ സമാപ്തി കുറിച്ചു. ക്രിക്കറ്റ് ദൈവത്തിന് അടിപതറിയാലും കളി ജയിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തുറ്റ യുവതലമുറയുണ്ടെന്ന പ്രഖ്യാപനം കൂടിയായി അന്നത്തെ വിജയം.

മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ ഇംഗ്ലണ്ട് ടീം മത്സരത്തിനെത്തിയിരുന്നു. 5 റണ്‍സിന്റെ ജയമാണ് അന്ന് ഇംഗ്ലീഷ് ടീം നേടിയത്. കളി ജയിച്ചതിന്റെ സന്തോഷത്തില്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ജേഴ്സിയൂരി വീശി മൈതാനത്ത് വലംവെച്ച് ഓടിയിരുന്നു. വാംഖഡെയിലുണ്ടായ ആ നാണക്കേടിന് അതേ രീതിയില്‍ മറുപടി നല്‍കുകയായിരുന്നു ഗാംഗുലി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Relive Sourav Ganguly`s iconic celebration at Lord`s after India`s thrilling win against England, ending a 9-match losing streak.