പീറ്റര്‍ പാര്‍ക്കര്‍, ഗംഗാധര്‍, ക്ലാര്‍ക്ക് കെന്റ്, ബ്രൂസ് വെയ്ന്‍; സൂപ്പര്‍ഹീറോകളുടെ ഇരട്ടജീവിതം

സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍, ശക്തിമാന്‍/ കടപ്പാട്-Wikipedia
സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍, ശക്തിമാന്‍/ കടപ്പാട്-Wikipedia

സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍, ശക്തിമാന്‍. പരിചിതരായ ഈ സൂപ്പര്‍ഹീറോകള്‍ ഇരട്ടജീവിതം ജീവിക്കുന്നവരാണ്. തങ്ങളുടെ അതിമാനുഷിക സിദ്ധികള്‍ ഒളിപ്പിച്ചുവെച്ച് സാധാരണക്കാര്‍ക്കിടയില്‍ അവര്‍ മറ്റൊരു പേരില്‍ കഴിയുന്നു. 

ക്ലാര്‍ക്ക് കെന്റ്/സൂപ്പര്‍മാന്‍

കടപ്പാട്-Wikipedia

1938ല്‍ ഡിസി കോമിക്‌സിന്റെ ഒരു പ്രസിദ്ധീകരണത്തില്‍ എഴുത്തുകാരന്‍ ജെറി സെയ്ഗാലും ആർട്ടിസ്റ്റ് ജോ ശാസ്റ്ററും ചേര്‍ന്നൊരുക്കിയ കഥാപാത്രമാണ് സൂപ്പര്‍മാന്‍. അമേരിക്കയിലെ മെട്രോപോളിസ് എന്ന സാങ്കല്‍പ്പിക നഗരത്തിലെ ഡെയ്ലി പ്ലാനറ്റ് എന്ന മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റിപ്പോര്‍ട്ടറാണ് ക്ലാര്‍ക്ക് കെന്റ്. തിരക്കുള്ള നഗരത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സാധാരണക്കാരന്‍. ഈ ക്ലാര്‍ക്ക് കെന്റ് തന്നെയാണ് സൂപ്പര്‍മാന്‍. അസാമാന്യമായ ശക്തിയും പറക്കാനുള്ള കഴിവും എക്സ്റേ കാഴ്ചയും മുറിവേല്‍ക്കാത്ത ശരീരവും അദ്ദേഹത്തെ അജയ്യനാക്കുന്നു. ക്രിപ്റ്റോണ്‍ എന്ന അന്യഗ്രഹത്തില്‍ കാല്‍-എല്‍ എന്ന പേരില്‍ പിറന്നവനാണ് ക്ലാര്‍ക്ക്. ക്രിപ്‌റ്റോണ്‍ നശിക്കുകയാണെന്ന് കണ്ട കാലിന്റെ അച്ഛനമ്മനാര്‍ ഒരു സ്പേസ് ഷിപ്പില്‍ കുഞ്ഞിനെ ഭൂമിയിലേക്ക് അയച്ചു. കാന്‍സസിലെ കെന്റ് കുടുംബം കുഞ്ഞിനെ അവരുടേതെന്നപോലെ വളര്‍ത്തി. അവര്‍ അവനെ ക്ലാര്‍ക് കെന്റ് എന്ന പേരിട്ടു. 

ക്രിപ്റ്റോണിയന്‍ പൈതൃകമാണ് ക്ലാര്‍ക്കിന് അസാധാരണമായ കഴിവുകള്‍ നല്‍കുന്നത്. ഭൂമിയുടെ രക്ഷകനാണ് സൂപ്പര്‍മാന്‍. വീരത്വത്തിന്റെ ആത്യന്തിക പ്രതീകമായ സൂപ്പര്‍മാന്‍ സമാധാനം നിലനിര്‍ത്താനും മനുഷ്യരാശിയെ സംരക്ഷിക്കാനും നിരന്തരം പ്രവര്‍ത്തിക്കുന്നു. ഒപ്പം ജോലി ചെയ്യുന്ന ലോയ്‌സ് ലെയിനാണ് ക്ലാര്‍ക്കിന്റെ കാമുകി. എതിരാളികള്‍ പലരുമുണ്ടെങ്കിലും ലെക്‌സ് ലൂതര്‍ എന്ന മുഖ്യശത്രുവിനെതിരെയാണ് സൂപ്പര്‍മാന്റെ പോരാട്ടങ്ങള്‍. 


പീറ്റര്‍ പാര്‍ക്കര്‍/ സ്‌പൈഡര്‍മാന്‍

കടപ്പാട്-Wikipedia

1962ല്‍ മാര്‍വെല്‍ കോമിക് പുറത്തിറക്കിയ ഒരു കോമിക് പുസ്തകത്തിലൂടെയാണ് സ്‌പൈഡര്‍മാന്റെ പിറവി. എഴുത്തുകാരന്‍ സ്റ്റാന്‍ ലീയും ആര്‍ട്ടിസ്‌റ് സ്റ്റീവ് ഡിറ്റ്‌കോയും ചേര്‍ന്നാണ് സ്‌പൈഡര്‍മാന് ജന്മം നല്‍കിയത്. അന്തര്‍മുഖനും അതീവബുദ്ധിമാനുമായ ഒരു ടീനേജ് കുട്ടിയാണ് പീറ്റര്‍ പാര്‍ക്കര്‍. ഒരു വിമാനാപകടത്തില്‍ മരിച്ചുപോയതാണ് പീറ്ററിന്റെ അമ്മ മേരിയും അച്ഛന്‍ റിച്ചാര്‍ഡും. അങ്കിള്‍ ബെന്നും ആന്റി മേയും ചേര്‍ന്നാണ് അവനെ വളര്‍ത്തുന്നത്. 

ഹൈസ്‌കൂള്‍ പഠനകാലത്ത് ഒരു റേഡിയോ ആക്റ്റീവ് ചിലന്തിയുടെ കടിയേല്‍ക്കുന്ന പീറ്ററിന് അസാധാരണമായ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. അളവറ്റ ശക്തിയും ചിലന്തിയെപ്പോലെ ചുമരില്‍ പറ്റിപ്പിടിച്ചുകയറാനും ഉറപ്പുള്ള വല നിര്‍മിക്കാനും പീറ്ററിന് സിദ്ധികള്‍ കിട്ടുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിയുന്നതും അത് വളര്‍ത്തിയെടുക്കുന്നതും പീറ്റര്‍ ഒറ്റയ്ക്കാണ്. അങ്കിളിന്റെ കൊലപാതകത്തോടെയാണ് ന്യൂയോര്‍ക്ക് നഗരത്തെ നശിപ്പിക്കാനെത്തുന്ന ദുഷ്ടശക്തികളോട് മല്ലിടുന്ന സ്‌പൈഡര്‍മാനായി പീറ്റര്‍ മാറുന്നത്. ഒരു പത്രസ്ഥാപനത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന പീറ്റര്‍ തന്റെ രഹസ്യം ഭദ്രമായി സൂക്ഷിക്കുന്നു. ഡോക്ടര്‍ ഒക്ടോപ്പസ്, ഗ്രീന്‍ ഗോബ്ലിന്‍, വെനം എന്നിവരെയൊക്കെ സ്പൈഡര്‍മാന്‍ പരാജയപ്പെടുത്തുന്നു. മേരി ജെയിന്‍ ആണ് സ്‌പൈഡര്‍മാന്റെ കാമുകി.


ബ്രൂസ് വെയ്ന്‍ / ബാറ്റ്മാന്‍  

1939-ല്‍ ഡി.സി. പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച കോമിക് ബുക്കുകളിലാണ് ബാറ്റ്മാന്‍ പിറന്നത്. ബോബ് കെയിന്‍ എന്ന ആര്‍ട്ടിസ്റ്റും ബില്‍ ഫിംഗര്‍ എന്ന എഴുത്തുകാരനുമാണ് ബാറ്റ്മാന്റെ സ്രഷ്ടാക്കള്‍.  ഗോതം സിറ്റിയിലെ സമ്പന്നനായ പ്ലേബോയ് ആണ് ബ്രൂസ് വെയ്ന്‍. സമാധാന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചിലവഴിക്കുന്ന, ബിസിനസുകാരന്‍. തോമസ് , മാര്‍ത്ത എന്ന തന്റെ അച്ഛനമ്മമാരെ ചെറുപ്പത്തിലെ നഷ്ടപ്പെട്ട അനാഥനാണ് ബ്രൂസ്. അവരുടെ ക്രൂരമായ കൊലപാതകത്തിന് സാക്ഷിയായതിന്റെ മുറിവുകള്‍ അയാളുടെ മനസ്സിലുണ്ട്. നീതിബോധവും പ്രതികാരവുമാണ് ബ്രൂസിനെ വഴിനടത്തുന്നത്. ശാരീരികവും ബൗദ്ധികവുമായി ബ്രൂസ് സ്വയം ശക്തിപ്പെടുത്തുന്നു. രാത്രികാലങ്ങളില്‍ ബ്രൂസ് ഗോതം സിറ്റിയുടെ കാവല്‍ക്കാരനായി, രക്ഷകനായി മാറും. അപ്പോഴാണ് ബ്രൂസ് ബാറ്റ്മാനാകുന്നത്. 

കടപ്പാട്-Wikipedia

യാതൊരു അമാനുഷിക സിദ്ധികളും ഇല്ലാത്ത സൂപ്പര്‍ഹീറോ കഥാപാത്രമാണ് ബ്രൂസ് എന്ന ബാറ്റ്മാന്‍. തന്റെ സമ്പത്ത് ഉപയോഗിച്ച് അത്യാധുനിക സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ ഗോതം നഗരത്തിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുകയാണ് ബാറ്റ്മാന്‍. ഡിറ്റക്ടീവ് പാടവം, ആയോധനകലയിലെ വൈദഗ്ദ്ധ്യം, ദൃഢനിശ്ചയം എന്നിവയാണ് ബ്രൂസിന്റെ മുതല്‍ക്കൂട്ട്. റോബിനും ബാറ്റ്ഗേളുമാണ് ബാറ്റ്മാന്റെ സഹായികള്‍. പെന്‍ഗ്വിനും റിഡ്ലറും എതിരാളികളാണെങ്കിലും ബാറ്റ്മാന്റെ എക്കാലത്തെയും വലിയ ശത്രു ജോക്കര്‍ തന്നെയാണ്.

ഗംഗാധര്‍ / ശക്തിമാന്‍

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ടെലിവിഷന്‍ ലോകം പിടിച്ചുലച്ച ഹിറ്റ് സീരിയലാണ് ശക്തിമാന്‍. കലിയുഗത്തിലെ തിന്മകളെ ചെറുക്കന്‍ സൂര്യാംശി സന്യാസിസമൂഹം ഒരാളെ നിയോഗിക്കുന്നു. സന്യാസിവര്യന്മാര്‍ കുണ്ഡലിനി യോഗയിലൂടെ അയാളുടെ ശരീരത്തിലെ ഏഴു ചക്രങ്ങളെയും ശക്തിപ്പെടുത്തുന്നു. ജീവന്‍ വെടിയുന്ന അയാളുടെ ശരീരം പവിത്രമായ അഗ്‌നിയില്‍ ദഹിപ്പിക്കും. ആ അഗ്‌നിയില്‍ നിന്ന് പഞ്ചഭൂതങ്ങളുടെ അനുഗ്രഹത്തോടെ ഒരു സൂപ്പര്‍ഹീറോ ഉയര്‍ന്നുവരുന്നു. അഴിമതിയ്ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ആ സൂപ്പര്‍ഹീറോ നടത്തുന്ന നിരന്തരപോരാട്ടം ശ്രദ്ധ പിടിച്ചുപറ്റുന്നു. ആജ് കി ആവാസ് എന്ന പത്രത്തിലെ റിപ്പോര്‍ട്ടറായ ഗീത വിശ്വാസാണ് ആ സൂപ്പര്‍ഹീറോയ്ക്ക് ശക്തിമാന്‍ എന്ന പേരിടുന്നത്. പക്ഷേ, ഗീതയ്ക്കറിയില്ലല്ലോ പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രി എന്ന പേരില്‍ അവള്‍ക്കൊപ്പം ജോലി ചെയ്യുന്നയാള്‍ തന്നെയാണ് ശക്തിമാനെന്ന്. 

കടപ്പാട്-Wikipedia

ഒറ്റനോട്ടത്തില്‍ ലളിതജീവിതം നയിക്കുന്ന സൗമ്യനായ ഒരു റിപ്പോര്‍ട്ടറാണ് ഗംഗാധര്‍. ശുദ്ധ ഹിന്ദിയില്‍ മാത്രം സംസാരിക്കുന്ന ഒരാള്‍. ശക്തിയുടെയും നീതിയുടെയും പ്രതീകമായ ശക്തിമാന്‍ ആയി മാറാന്‍ ഗംഗാധറിന് നിമിഷങ്ങള്‍ മതി. ശക്തിമാന് അസാധാരണമായ ശക്തികളുണ്ട്. കോസ്മിക് എനര്‍ജിയുടെ ഭൗതികരൂപമാണ് ശക്തിമാന്‍. അദ്ദേഹത്തിന്റെ അപാരമായ ശക്തി, വേഗത, ആത്മീയചൈതന്യം എന്നിവ പേരുകേട്ടതാണ്. തിന്മ, അഴിമതി, അനീതി എന്നിവയ്ക്കെതിരെ പോരാടാന്‍ ആ ശക്തികള്‍ സഹായിക്കുന്നു. സത്യസന്ധതയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ശക്തിമാന്‍ പ്രത്യാശയുടെ വെളിച്ചമായി നിലകൊള്ളുന്നു. തിന്മയുടെ പ്രതിരൂപമായ താംരാജ് കില്‍വിഷ് ആണ് ശക്തിമാന്റെ എതിരാളി. 


 

Content Highlights: four superhero alter egos