പങ്കാളി വേർപിരിഞ്ഞാലോ മരിച്ചാലോ സ്ത്രീകൾ ആദ്യ 12 മാസം അറിയേണ്ട സാമ്പത്തിക കാര്യങ്ങൾ

ജീവിതത്തിലെ ചില മാറ്റങ്ങൾ നമ്മൾ തീരുമാനിച്ചുണ്ടാകുന്നതല്ല. ജീവിതപങ്കാളിയുടെ മരണം, വിവാഹമോചനം തുടങ്ങിയ സാഹചര്യങ്ങൾ അതിൽ പ്രധാനപ്പെട്ടവയാണ്. വൈകാരികമായ ആഘാതത്തിനൊപ്പം സാമ്പത്തികമായ അനിശ്ചിതത്വവും ഇത്തരം ഘട്ടങ്ങളിൽ ഉണ്ടാകാം. ''ഇനി എന്തു ചെയ്യും?'' എന്ന ചോദ്യത്തിന് പലപ്പോഴും സാമ്പത്തികമായ ഒരു മറുപടിയും കണ്ടെത്തേണ്ടിവരും.

എത്ര പണമുണ്ട്? എത്ര കടമുണ്ട്? ഏത് ബാങ്കിലാണ് അക്കൗണ്ട്? ഇൻഷുറൻസ് പോളിസികൾ ഏതൊക്കെയാണ്? നിക്ഷേപങ്ങൾ എവിടെയാണ്? വീടിന്റെ രേഖകൾ എവിടെ? കുട്ടികളുടെ ചെലവ് എങ്ങനെ നടത്തും? ഇതെല്ലാം ഒരേസമയം കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ പെട്ടെന്ന് വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാതിരിക്കുക എന്നതാണ് ആദ്യത്തെ നിയമം.

ആദ്യ മൂന്ന് മാസം:

1. ആദ്യം സാമ്പത്തിക സ്ഥിതി മനസ്സിലാക്കുക

വിധവയായോ വിവാഹമോചിതയായോ മാറിയ ഉടൻ തന്നെ പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനേക്കാൾ പ്രധാനമാണ് നിലവിലുള്ള സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, ഇൻഷുറൻസ്, പെൻഷൻ, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ എല്ലാ ആസ്തികളുടെയും ഒരു പട്ടിക തയ്യാറാക്കുക. അതോടൊപ്പം ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക തുടങ്ങിയ ബാധ്യതകളും രേഖപ്പെടുത്തണം.

ഒരു ലളിതമായ പട്ടിക മതി:

  • ആസ്തികൾ - എത്ര? എവിടെ? ആരുടെ പേരിൽ?
  • ബാധ്യതകൾ - എത്ര? ആരോട്? പ്രതിമാസ തിരിച്ചടവ് എത്ര?

ഇതിലൂടെ നിങ്ങളുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ആദ്യമായി വ്യക്തമായി കാണാം. എല്ലാ രേഖകളും ഒരിടത്ത് സുരക്ഷിതമായി സൂക്ഷിക്കുകയും ഡിജിറ്റൽ പകർപ്പ് ഉണ്ടാക്കുകയും ചെയ്യുക.

2. മാസച്ചെലവ് പുനഃക്രമീകരിക്കുക

വരുമാനത്തിൽ മാറ്റമുണ്ടായിട്ടും പഴയ ജീവിതശൈലി തുടരുന്നത് അപകടകരമാണ്. കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് യഥാർത്ഥ മാസച്ചെലവ് കണ്ടെത്തുക. അതിനെ മൂന്ന് വിഭാഗങ്ങളാക്കാം:

  • ഒഴിവാക്കാനാകാത്ത ചെലവുകൾ - ഭക്ഷണം, വീട്, വൈദ്യുതി, മരുന്ന്, കുട്ടികളുടെ പഠനം തുടങ്ങിയവ.
  • കുറയ്ക്കാവുന്ന ചെലവുകൾ - യാത്ര, വിനോദം, shopping തുടങ്ങിയവ.
  • തൽക്കാലം ഒഴിവാക്കാവുന്ന ചെലവുകൾ.

ഇതിന്റെ അടിസ്ഥാനത്തിൽ പുതിയൊരു മാസബജറ്റ് തയ്യാറാക്കുക.

3. അടിയന്തര നിധി ആദ്യം

വരുമാനം സ്ഥിരമാണോ എന്നത് വ്യക്തമല്ലാത്ത സാഹചര്യത്തിൽ മുഴുവൻ പണവും ദീർഘകാല നിക്ഷേപങ്ങളിലേക്ക് മാറ്റരുത്. കുറഞ്ഞത് ആറുമാസത്തെ അടിസ്ഥാന ചെലവിന് തുല്യമായ തുക എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ മാറ്റിവയ്ക്കുന്നത് നല്ലതാണ്. ജോലി ഇല്ലാത്തവർക്കോ വരുമാനം അനിശ്ചിതമായവർക്കോ ഇതിലും വലിയ emergency fund ആവശ്യമായി വരാം.

ഇത് നിക്ഷേപിച്ച് ഉയർന്ന വരുമാനം നേടാനുള്ള പണമല്ല. പ്രതിസന്ധി വന്നപ്പോൾ നിക്ഷേപം നഷ്ടത്തിൽ വിറ്റഴിക്കേണ്ടി വരാതിരിക്കാനുള്ള സുരക്ഷാ വലയമാണ്.

4. ഇൻഷുറൻസ് പരിശോധിക്കുക

ജീവിതപങ്കാളിയുടെ മരണമാണ് സാഹചര്യമെങ്കിൽ, നിലവിലുള്ള life insurance, health insurance, employer insurance തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിക്കുക. പ്രീമിയം അടയ്‌ക്കേണ്ട തീയതികൾ, policy benefits, nominee വിവരങ്ങൾ എന്നിവ പരിശോധിക്കുക. സ്വന്തമായി health insurance ഇല്ലെങ്കിൽ അത് പരിഗണിക്കേണ്ട സമയമാണ്. ഭാവിയിലെ ആരോഗ്യച്ചെലവുകൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരാതിരിക്കുകയാണ് ലക്ഷ്യം.

5. ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും പരിശോധിക്കുക

ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ അതിന്റെ പ്രവർത്തന നിർദേശങ്ങൾ എന്താണെന്ന് ബാങ്കിൽ നിന്ന് മനസ്സിലാക്കുക. ഫിക്‌സഡ് ഡിപ്പോസിറ്റ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിലെ നോമിനേഷൻ വിവരങ്ങളും പരിശോധിക്കുക. എല്ലാ ആസ്തികളുടെയും ഉടമസ്ഥാവകാശവും നോമിനി വിവരങ്ങളും ഒരുപോലെയാണെന്ന് കരുതരുത്. ഓരോ നിക്ഷേപവും പ്രത്യേകം പരിശോധിക്കണം. ആവശ്യമായിടത്ത് നിയമ വിദഗ്ധന്റെയോ ബന്ധപ്പെട്ട സ്ഥാപനത്തിന്റെയോ സഹായം തേടുന്നതാണ് ഉചിതം.

6. പെട്ടെന്ന് സ്വത്ത് വിൽക്കരുത്

വിവാഹമോചനത്തിനുശേഷമോ ജീവിതപങ്കാളിയുടെ മരണത്തിനുശേഷമോ പണം ആവശ്യമായി വരുമ്പോൾ വീട്, ഭൂമി, സ്വർണം, നിക്ഷേപങ്ങൾ എന്നിവ പെട്ടെന്ന് വിൽക്കാനുള്ള തീരുമാനം എടുക്കരുത്.

''ഇപ്പോൾ തന്നെ വിൽക്കണം'' എന്ന സമ്മർദത്തിൽ എടുത്ത തീരുമാനം പിന്നീട് വലിയ നഷ്ടമാകാം. ആസ്തിയുടെ വിപണി മൂല്യം, ഉടമസ്ഥാവകാശം, നികുതി ബാധ്യത, ഭാവിയിലെ ആവശ്യകത എന്നിവ മനസ്സിലാക്കിയ ശേഷം മാത്രമേ വിൽപ്പന തീരുമാനിക്കാവൂ.

7. കുട്ടികളുണ്ടെങ്കിൽ അവരുടെ ഭാവിയും സ്വന്തം ഭാവിയും

കുട്ടികളുടെ വിദ്യാഭ്യാസം പ്രധാനമാണ്. എന്നാൽ അതിനായി സ്വന്തം വിരമിക്കൽ ജീവിതം പൂർണമായി ത്യജിക്കരുത്.

''കുട്ടികൾ നോക്കിക്കോളും'' എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു പ്രത്യേക പദ്ധതി തയ്യാറാക്കുക. അതോടൊപ്പം സ്വന്തം റിട്ടയർമെന്റിനായി വേറെയും നിക്ഷേപം തുടങ്ങുക. തുക ചെറുതാണെങ്കിലും പ്രശ്‌നമില്ല. തുടർച്ചയാണ് പ്രധാനം.

നാലാം മാസം മുതൽ ആറ് വരെ:

സ്വന്തം വരുമാനത്തെക്കുറിച്ച് ചിന്തിക്കുക. വരുമാനമില്ലാത്ത സ്ത്രീയാണെങ്കിൽ ആദ്യ 12 മാസത്തിനുള്ളിൽ ഒരു വരുമാനസ്രോതസ്സ് കണ്ടെത്തുന്നത് വലിയ സാമ്പത്തിക സുരക്ഷ നൽകും. മുൻപരിചയമുള്ള ജോലി വീണ്ടും ആരംഭിക്കാം. കഴിയുമെങ്കിൽ part-time ജോലി, ഓൺലൈൻ ട്യൂഷൻ, freelance work, home-based business തുടങ്ങിയവ പരിഗണിക്കാം. ഇതിനൊപ്പം പുതിയൊരു സ്‌കിൽ പഠിക്കുന്നതും നല്ല നിക്ഷേപമാണ്. മാസം 10,000 അധിക വരുമാനം എന്ന ലക്ഷ്യം പോലും ചെറിയതായി കാണേണ്ടതില്ല. ഒരു വർഷത്തിൽ അത് 1.2 ലക്ഷം വരുമാനമാണ്.

ആറാം മാസം മുതൽ പതിനൊന്ന് വരെ:

1. കടബാധ്യതകളെ നിയന്ത്രിക്കുക

പലിശ കൂടുതലുള്ള കടങ്ങളാണ് ആദ്യം പരിഗണിക്കേണ്ടത്. പ്രത്യേകിച്ച് credit card outstanding പോലുള്ള ഉയർന്ന പലിശ ബാധ്യതകൾ ദീർഘകാലം തുടരുന്നത് സാമ്പത്തിക പുനർനിർമ്മാണത്തെ ബുദ്ധിമുട്ടാക്കും. എല്ലാ കടങ്ങളും ഒരു പട്ടികയാക്കി പലിശനിരക്ക്, ബാക്കി തുക, EMI എന്നിവ രേഖപ്പെടുത്തുക. ഒരേസമയം പല നിക്ഷേപങ്ങൾ തുടങ്ങുന്നതിനു മുൻപ് ഉയർന്ന പലിശയുള്ള കടം കുറയ്ക്കുന്നതാണ് പലപ്പോഴും കൂടുതൽ പ്രയോജനകരം.

2. നിക്ഷേപത്തിലേക്ക് മടങ്ങിവരാം

അടിയന്തര നിധി, ഇൻഷുറൻസ്, ചെലവ്, കടം, വരുമാനം എന്നിവയിൽ ഒരു പരിധിവരെ സ്ഥിരത വന്നശേഷം മാത്രമാണ് ദീർഘകാല നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. എല്ലാ പണവും ഒരൊറ്റ നിക്ഷേപത്തിൽ ഇടരുത്. നിങ്ങളുടെ ലക്ഷ്യത്തിനും അപകടസഹിഷ്ണുതയ്ക്കും അനുസരിച്ച് വിവിധനിക്ഷേപ മാർഗങ്ങൾ പരിഗണിക്കുക.

പന്ത്രണ്ടാം മാസം:

ഇനി നിങ്ങളുടെ പേരിൽ ഒരു സാമ്പത്തിക പദ്ധതി തുടങ്ങാം. ആദ്യ 12 മാസം പൂർത്തിയാകുമ്പോൾ ഒരു ചോദ്യം സ്വയം ചോദിക്കുക:

''ഇനി മറ്റൊരാളുടെ സാമ്പത്തിക തീരുമാനങ്ങളെ ആശ്രയിക്കാതെ എന്റെ ജീവിതം എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാൻ കഴിയും?''

അതിനുള്ള മറുപടിയാണ് നിങ്ങളുടെ പുതിയ സാമ്പത്തിക പദ്ധതി.

അടുത്ത 5 വർഷത്തെ ലക്ഷ്യങ്ങൾ എഴുതുക. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം, വീട്, ആരോഗ്യച്ചെലവ്, യാത്ര - ഓരോ ലക്ഷ്യത്തിനും പ്രത്യേക തുക നിശ്ചയിക്കുക.

ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ്

ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിച്ച ഉടൻ ലഭിക്കുന്ന പണവുമായി വലിയ തീരുമാനങ്ങൾ എടുക്കരുത്.

പെട്ടെന്ന് ലഭിച്ച തുക മറ്റൊരാളുടെ നിർദേശപ്രകാരം ഓഹരിയിലോ ഭൂമിയിലോ ബിസിനസിലോ നിക്ഷേപിക്കരുത്. ''ഉറപ്പായ ലാഭം'' വാഗ്ദാനം ചെയ്യുന്ന പദ്ധതികളിൽ പ്രത്യേകിച്ചും ജാഗ്രത വേണം. ആദ്യത്തെ ഒരു വർഷം സമ്പത്ത് വർധിപ്പിക്കുന്നതിനേക്കാൾ സമ്പത്ത് സംരക്ഷിക്കുന്നതിനാണ്.

ആദ്യ 12 മാസത്തിൽ ലക്ഷ്യം വലിയ സമ്പത്ത് ഉണ്ടാക്കുക എന്നതല്ല. ഈ അഞ്ച് കാര്യങ്ങൾക്കാണ് പ്രാധാന്യം

  1. എത്രയുണ്ട് എന്ന് അറിയുക.
  2. എത്ര ചെലവാകുന്നു എന്ന് അറിയുക.
  3. എത്ര കടമുണ്ട് എന്ന് അറിയുക.
  4. എന്താണ് സ്വന്തമായുള്ളത് എന്ന് അറിയുക.
  5. ഇനി എത്ര വേണമെന്ന് തീരുമാനിക്കുക.

ജീവിതത്തിലെ ഒരു ബന്ധം അവസാനിച്ചാലും, നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കഥ അവിടെ അവസാനിക്കേണ്ടതില്ല. ചിലപ്പോൾ അതിന്റെ ഏറ്റവും ശക്തമായ അധ്യായം അവിടെ നിന്നാണ് തുടങ്ങുന്നത്.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi