‘ഇത് മകനാണോ, ഭർത്താവാണോ? ബെഡ്‌റൂമിലേക്ക് വന്നാൽപോലും തിരിച്ചറിയാനാകില്ല’; ഫറാ ഖാൻ

ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ, ഭർത്താവ് ഷിരിഷ് കുന്ദറിന്റെ പുതിയ മേക്കോവറിനെ കുറിച്ചും 22 വർഷത്തെ ദാമ്പത്യജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. ഷേഖർ സുമന്റെ ടോക് ഷോയിലാണ് ഫറാ രസകരവും ഹൃദയസ്പർശിയുമായ പ്രതികരണമറിയിച്ചത്.
അടുത്തിടെ ഷിരിഷ് കുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. മെലിഞ്ഞ ശരീരവും പുതിയ ഹെയർസ്‌റ്റൈലും യുവത്വം നിറഞ്ഞ ലുക്കുമാണ് ആരാധകരെ അമ്പരപ്പിച്ചത്. ഇതേക്കുറിച്ച് സംസാരിച്ച ഫറാ തമാശയായി പറഞ്ഞത്, “ഇപ്പോൾ ഷിരിഷും ഞങ്ങളുടെ മകൻ സാറും ഒരേ ഉയരമാണ്. രാത്രി ആരെങ്കിലും ബെഡ്‌റൂമിലേക്ക് വന്നാൽ അത് സാറാണോ ഷിരിഷാണോ എന്ന് പോലും മനസ്സിലാകാറില്ല. പക്ഷേ, കെട്ടിപ്പിടിച്ചാൽ അത് മകനാണെന്ന് അറിയാം,” എന്നായിരുന്നു.
വിവാഹശേഷം പ്രണയം മാറുമോ എന്ന ചോദ്യത്തിന് ഫറായുടെ മറുപടിയും ശ്രദ്ധേയമായി. പ്രണയകാലത്തെ ആവേശം വിവാഹശേഷം സ്വാഭാവികമായി കുറയുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ അതുകൊണ്ട് ബന്ധത്തിന്റെ മൂല്യം കുറയുന്നില്ലെന്നും, മറിച്ച് അത് മറ്റൊരു തലത്തിലേക്ക് വളരുകയാണെന്നും ഫറാ വ്യക്തമാക്കി.
“ഇപ്പോൾ ഞാൻ ഷിരിഷിനെ സ്‌നേഹിക്കുന്നത് ഒരു മികച്ച ഭർത്താവെന്നതിലുപരി, മികച്ച അച്ഛനെന്ന നിലയിലും ഞങ്ങളുടെ കുടുംബത്തിന്റെ കരുത്തെന്ന നിലയിലുമാണ്. അവനില്ലാതെ ഞങ്ങളുടെ വീട് മുന്നോട്ട് പോകില്ല.” മൂന്ന് മക്കളുടെയും വിദ്യാഭ്യാസ കാര്യങ്ങളിൽ ഷിരിഷ് വഹിച്ച പങ്കിനെയും ഫറാ പ്രശംസിച്ചു. കുട്ടികൾക്ക് പ്രമുഖ സർവകലാശാലകളിൽ നേരത്തേ പ്രവേശനം നേടാൻ ആവശ്യമായ മാർഗനിർദേശങ്ങളും കൗൺസിലിങ്ങും നൽകിയതെല്ലാം ഷിരിഷാണെന്നും അവർ പറഞ്ഞു. എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ താൽപര്യമുള്ള ആളാണ് ഷിരിഷ്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) കുറിച്ചും പഠിക്കുകയാണെന്ന് ഫറാ വെളിപ്പെടുത്തി.
2004-ൽ Main Hoon Na സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫറാ ഖാനും ഷിരിഷ് കുന്ദറും പ്രണയത്തിലാകുന്നത്. അതേ വർഷം ഡിസംബറിൽ ഇരുവരും വിവാഹിതരായി. 2008-ൽ ഐവിഎഫ് (IVF) ചികിത്സയിലൂടെ മകൻ സാർ, മക്കളായ ദിവ, അന്യ എന്നിവരടങ്ങുന്ന ട്രിപ്ലെറ്റ്സുകൾ പിറന്നു. ബോളിവുഡിലെ ഏറ്റവും വിജയകരമായ കൊറിയോഗ്രാഫർമാരിലും സംവിധായകരിലും ഒരാളായ ഫറാ ഖാൻ സിനിമയ്‌ക്കൊപ്പം ടെലിവിഷൻ ഷോകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സജീവ സാന്നിധ്യമാണ്. കുടുംബത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നൽകി മുന്നേറുന്ന ഫറായുടെ ജീവിതവിശേഷങ്ങളും രസകരമായ തുറന്നുപറച്ചിലുകളും ആരാധകർക്കിടയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: farah-khan-shirish-kunder-marriage-makeover