‘എന്താണ് പ്രണയമെന്ന് ചോദിക്കുമ്പോഴൊക്കെ ഞാൻ അവരെ ഓർക്കും,ഏറ്റവും സുന്ദരമായ പ്രണയം’

വീടിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന രണ്ടുപേരുണ്ടായിരുന്നു. ഞാൻ കാണുന്ന കാലം മുതൽക്കേ അവർക്ക് എഴുപതിനുമുകളിൽ പ്രായമുണ്ടായിരുന്നു. മെലിഞ്ഞ് നീളംകുറഞ്ഞ ഭാര്യയും, നല്ല ഉയരമുള്ള ഭർത്താവും. മക്കളില്ലാത്ത, പ്രത്യേകിച്ച് ബാധ്യതകൾ ഒന്നുമില്ലാത്ത രണ്ടുപേർ. കട്ടപ്പുരയിൽ അന്നന്നത്തെ ആഹാരം ഉണ്ടാക്കി ഏറ്റവും സമാധാനമായി, സന്തോഷമായി കഴിയുന്നവർ. ഞാൻ കണ്ട ആദ്യത്തെ പ്രണയം അവരുടെതായിരുന്നു.
എന്റെ കൗമാരം തുടങ്ങും മുൻപേ രണ്ടുപേരും മൂന്ന് വർഷത്തിന്റെ വ്യത്യാസത്തിൽ മരിച്ചു. ആദ്യം പോയത് അപ്പാപ്പനാണ്. എം. ടി. 'ഒരു ചെറുപുഞ്ചിരിയിൽ' എഴുതിയതുപോലെ ഭാര്യ ഉള്ളപ്പോൾ തന്നെ ഭർത്താവ് മരിച്ചു. അതിനുശേഷം അമ്മാമയെ കാണുമ്പോഴൊക്കെ ആ കണ്ണുകൾ വാടിയത് ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നാൽ അമ്മാമയും മരിച്ച്, കാലം കുറേ കഴിഞ്ഞപ്പോഴാണ് പ്രണയം നഷ്ടമായതിന്റെ വേദനയായിരുന്നു ആ കണ്ണുകളിലെ വാടലിന്റെ കാരണമെന്ന് ഞാൻ തിരിച്ചറിഞ്ഞത്.
എന്താണ് പ്രണയമെന്ന് പിൽക്കാലത്ത് പലരും ചോദിക്കുമ്പോഴൊക്കെ ഞാൻ അവരെ ഓർക്കും. ഞാൻ കണ്ട ഏറ്റവും സുന്ദരമായ പ്രണയം അതായിരുന്നു. രാത്രിയിൽ കോട്ടെരുമകൾ വീണ കഞ്ഞിയിൽനിന്ന് ചിമ്മിണിവിളക്കിന്റെ വെളിച്ചത്തിൽ അതിനെ എടുത്ത് പുറത്തിടുമ്പോൾ സങ്കടം അങ്ങോട്ടുമിങ്ങോട്ടും ഒളിപ്പിച്ച് പുഞ്ചിരിക്കുന്ന അവരെ ഞാൻ കണ്ടിട്ടുണ്ട്. അവസാനത്തെ പ്രാണിയെയും എടുത്ത് കളഞ്ഞതിനുശേഷം ഉച്ചത്തിൽ ചിരിച്ചുകൊണ്ട് പരസ്പരം കഞ്ഞി സ്പൂണിൽ കോരിക്കൊടുക്കുന്ന അവരുടെ ചിത്രം ഇടയ്‌ക്കൊക്കെ മനസ്സിൽ തെളിയാറുണ്ട്. കരിമ്പൻകുത്തിയ ആകെയുള്ള നാലഞ്ച് മുണ്ടുകൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയുടുക്കുന്ന, എന്ത് കിട്ടിയാലും പരസ്പരം പങ്കുവച്ചിട്ടല്ലാതെ കഴിക്കാത്ത, രാത്രിയിൽ മുറ്റത്തെ കിണറ്റിന്റെ വക്കത്ത് പോയിരുന്ന് പഴയ കഥകൾ പറഞ്ഞ് ചിരിക്കുന്ന ഈ ലോകത്ത് തങ്ങൾ മാത്രമേയുള്ളൂ എന്ന മട്ടിൽ പെരുമാറുന്ന അവർക്കിടയിൽ പ്രണയം എത്ര ആഴത്തിലായിരുന്നു എന്ന് പിന്നെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
സിനിമകളിലും നോവലുകളിലും പ്രണയരംഗങ്ങൾ കാണുമ്പോഴും വായിക്കുമ്പോഴും എന്റെ മനസ്സിലേക്ക് ഇന്നും അവരാണ് കടന്നുവരാറുള്ളത്. അവരുടെ യൗവനം എങ്ങനെയായിരുന്നു എന്ന് എനിക്ക് അറിയില്ല, എങ്കിലും അവർ അന്നും അത്രമാത്രം പരസ്പരം പ്രണയിച്ചിട്ടുണ്ടാകും എന്ന് ഞാൻ ഉറപ്പിച്ചുപറയും. എന്നെ പ്രണയം എന്താണ്, എന്തായിരിക്കണം എന്ന് ആദ്യമായി പഠിപ്പിച്ച ആ പ്രിയപ്പെട്ടവരെ എല്ലാ പ്രണയകാലത്തും ഞാൻ ഓർക്കാറുണ്ട്.
തൊണ്ണൂറുകളിൽ ജനിച്ച ഒരാളായതുകൊണ്ട് കൗമാരകാലത്തൊക്കെ കാല്പനികമായ പല പ്രണയങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്. കാവിൽ കാമുകിയെ കാത്തുനിൽക്കുന്ന കാമുകനെ, പരസ്പരം കത്തുകൾ കൈമാറുന്ന പ്രണയിതാക്കളെ, ബസ്സിലെ തിരക്കിൽ പാട്ട് കേട്ടുകൊണ്ട് പ്രണയം നോട്ടത്തിലൂടെ കൈമാറുന്നവരെ... അങ്ങനെ എല്ലാത്തിനും സാക്ഷ്യംവഹിച്ചിട്ടുണ്ട്. എന്നാൽ ആ കാലത്തൊക്കെ ഒരു പ്രണയമുണ്ടാകാൻ മാത്രമുള്ള ശരീരഭംഗിയോ മുഖകാന്തിയോ നിറമോ ഇല്ല എന്നുള്ള അപകർഷബോധം എന്നെ പൂണ്ടടക്കം ബാധിച്ചിരുന്നു. കൗമാരത്തിലൊന്നും ഒരു പ്രണയവും അനുഭവിക്കാൻ കഴിഞ്ഞിട്ടേയില്ല എന്നുള്ളത് എക്കാലവും മനസ്സിലൊരു കല്ലായി നിൽക്കുന്നു. കൗമാരത്തിൽ ഒരു പ്രണയമോ വിരഹമോ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, അതെന്റെ യൗവനത്തെ അല്പംകൂടി മനോഹരമാക്കിയേനേ എന്ന നഷ്ടബോധം എക്കാലവും പിന്തുടർന്നിട്ടുണ്ട്.
പിന്നീട് പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നുമതിന്റെ പൂർണതയിൽ എത്താതെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടിട്ടുമുണ്ട്. പറയാതെ പോയ പ്രണയങ്ങൾ എക്കാലവും ഉണ്ടായിട്ടുണ്ട്. എങ്കിലും ഒന്നും അതിന്റേതായ സൗന്ദര്യത്തിൽ ആസ്വദിച്ചിട്ടേയില്ല എന്നതാണ് സത്യം. പലപ്പോഴും എന്നെച്ചൊല്ലിയുള്ള എന്റെ അപകർഷത എല്ലാത്തിലും വില്ലന്റെ വേഷം കെട്ടി വന്നിരുന്നു. എന്റെ പ്രണയചിന്തകളെയും വിചാരങ്ങളെയും അത് യാതൊരു ദാക്ഷിണ്യവുമില്ലാതെ തല്ലിച്ചതച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പ്രണയത്തെക്കുറിച്ച് കേൾക്കുമ്പോൾ, കാണുമ്പോൾ വല്ലാത്തൊരു മൂടൽ ബാധിച്ചിട്ടുമുണ്ട്.
പ്രണയം ഏറ്റവും മനോഹരമായ, ജൈവികമായ ഒന്നാണെന്നാണ് അന്നും ഇന്നും വിശ്വാസം. പ്രണയത്തിലായിരിക്കുമ്പോൾ ഇരുപത്തിനാല് മണിക്കൂറും അയാളെ /അവളെ മാത്രം ഓർത്തോണ്ടിരിക്കുന്നു, അതുമാത്രം സ്വപ്‌നം കാണുന്നു, ഓരോ നിമിഷവും പ്രണയിച്ചോണ്ടിരിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ അതിശയം തോന്നാറുണ്ട്. എന്റെ പ്രണയം ഒരിക്കലും അങ്ങനുള്ളതായിരുന്നില്ല. പ്രണയത്തിലായിരുന്നപ്പോൾ ഓരോ ശ്വാസത്തിലും അയാളെ ഓർക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടേയില്ല... പക്ഷേ, ഏതെങ്കിലും ഒരു നിമിഷത്തിൽമാത്രം ഈ ലോകത്ത് ഞങ്ങൾ രണ്ടുപേരും മാത്രമാണെന്ന് എനിക്ക് തോന്നും, അത് ചിലപ്പോൾ നട്ടുച്ചയിലായിരിക്കാം, വൈകുന്നേരമാകാം, ഉറക്കംകിട്ടാത്ത രാത്രികളിലോ, പുലർച്ചയിലോ ആകാം. ആ നിമിഷം മാത്രം ഞാൻ അയാളിലേക്ക് ഉച്ചിയും കുത്തി വീഴാറുണ്ട്, എന്റെ കൺദൂരത്തോ കാതോരത്തോ അയാളില്ല എങ്കിലും ഞാൻ സംസാരിക്കാറുണ്ട്, കെട്ടിപ്പിടിക്കാറുണ്ട്. പ്രണയം അനുഭവിക്കാറുണ്ട്. അതിനുമപ്പുറം ഓരോ ശ്വാസത്തിലും അയാളെ ഓർത്ത് ജീവിക്കാനൊന്നും എനിക്ക് സാധിച്ചിട്ടേയില്ല... ഓരോരുത്തർക്കും ഓരോ തരത്തിലായിരിക്കുമല്ലോ പ്രണയം എന്നുമാത്രം ഞാനപ്പോൾ ചിന്തിക്കും.
'രണ്ട് മനുഷ്യർ തമ്മിലുള്ള ഏറ്റവും ഭംഗിയുള്ള, തെളിമയുള്ള അടുപ്പം.' പ്രണയത്തിന് എക്കാലവും ഞാൻ കൊടുത്ത നിർവചനം അതാണ്. വാശിയും പകയും മുളപൊട്ടുന്ന നിമിഷം പ്രണയത്തെ പേടിക്കണം, കാരണം ഒരേസമയം, ആനന്ദമാകാനും അപകടമാകാനും പ്രണയത്തിന് സാധിക്കും. പരസ്പരം കൊല്ലുന്നതിനും പ്രണയമെന്ന് പേര് ചേർക്കും. ഏത് പ്രണയത്തിലായിരിക്കുമ്പോഴും മടുക്കുമ്പോൾ ഇറങ്ങിപ്പോകാൻ വഴി ആദ്യമേ വെട്ടിവയ്ക്കുക എന്നതാണ് ഉചിതം. ആ വഴിയെക്കുറിച്ച് സംസാരിച്ചതിനുശേഷം മാത്രം പ്രണയത്തിലേക്ക് പൂർണമായി കടക്കുന്നതായിരിക്കും ഇന്നത്തെക്കാലത്ത് ഏറ്റവും നല്ലതെന്നും ആ വഴിയെ തുടക്കത്തിലേ എതിർക്കുന്നവരോട് മനോഹരമായി ഗുഡ്ബൈ പറയുന്നതും പ്രണയത്തിന്റെ ഭംഗിയുള്ള തലമാണെന്നുമൊക്കെ മുന്നിൽവരുന്ന കുട്ടികളോട് പറയാറുണ്ട്. 'ഉപ്പ്' എന്ന എന്റെ കഥയിൽ ഞാനിങ്ങനെ എഴുതിയിരുന്നു.
'പരിഗണിക്കപ്പെടാനുള്ള ആഗ്രഹമാണ് പ്രണയമാകുന്നത്. പ്രണയം അവഗണനയിലേക്ക് വഴിമാറുമ്പോൾ അവിടെ പക ജനിക്കും. കാലങ്ങൾ കഴിയുമ്പോൾ പകയും പ്രണയവും ഒന്നുതന്നെയാണെന്ന് തിരിച്ചറിയും. പകയിലും തെളിഞ്ഞുനിന്നിരുന്നത് പ്രണയമാണെന്ന് തിരിച്ചറിയും.'
പ്രണയത്തെക്കുറിച്ച് ഇത്ര മാത്രം പറഞ്ഞുനിർത്തുന്നു: കിണറ്റിന്റെ കരയ്ക്കിരുന്ന് പ്രണയം കൈമാറുന്ന, പ്രണയിക്കാൻ മോഹിപ്പിച്ച ആ രണ്ട് മനുഷ്യരെ എല്ലാക്കാലവും ഓർക്കുന്നു. ഒരു പ്രണയത്തിലും പൂർണതയിൽ എത്താൻപറ്റാത്ത ഒരുവൾക്ക് നിങ്ങളെ ഓർക്കുമ്പോൾ കടുത്ത അസൂയ തോന്നുന്നു. സങ്കല്പത്തിലുള്ള എല്ലാരീതിയിലും പ്രണയിക്കാൻ ഇനിയുമിനിയും കൊതിയുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore a heartwarming story of enduring love and its profound impact. Learn what true love means through the eyes of an elderly couple and the author`s personal reflections.