'ഷൂട്ടിങ് സമയത്ത് പുലർച്ചെ നാലുമണി വരെ ധർമേന്ദ്ര ഉണർന്നിരുന്നു'

നടൻ ധർമേന്ദ്ര അഭിനയിച്ച അവസാനചിത്രമാണ് 'ഇക്കിസ്'. വാർ ഡ്രാമ ജോണറിൽ പെട്ട ഈ സിനിമ, തിരക്കഥയെഴുതി സംവിധാനം ചെയ്തത് ശ്രീറാം രാഘവനാണ്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പരംവീർചക്ര ജേതാക്കളിൽ ഒരാളായ അരുൺ ഖേത്പാലിന്റെ മുതിർന്ന കാലമാണ് ധർമേന്ദ്ര ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്റെ കൊച്ചുമകനായ അഗസ്ത്യ നന്ദ, അക്ഷയ് കുമാറിന്റെ അനന്തരവളായ സിമർ ഭാട്ടിയ, ജയ്ദീപ് അഹ്ലാവത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
സിനിമയുടെ റിലീസിനുമുമ്പായി ധർമേന്ദ്രയ്‌ക്കൊപ്പം പ്രവർത്തിച്ച ഓർമകൾ പങ്കുവെക്കുകയാണ് സിനിമയുടെ കൊറിയോഗ്രഫർ വിജയ് ഗാംഗുലി. ''ധർമേന്ദ്രയ്‌ക്കൊപ്പമുള്ള ഷൂട്ടിങ് ഏറെ അതിശയകരമായിരുന്നു. കാരണം അദ്ദേഹം അത്രമാത്രം ഊർജ്ജസ്വലനായിരുന്നു ഓരോ സമയത്തും. എത്ര വൈകിയാലും അതിൽ മാറ്റമുണ്ടാവില്ല. പുലർച്ചെ 4 മണിക്ക് ഞങ്ങൾ പാട്ടുസീൻ പൂർത്തിയാക്കുന്നതുവരെ പലപ്പോഴും അദ്ദേഹം ഉണർന്നിരിക്കുമായിരുന്നു'', വിജയ് ഓർത്തെടുക്കുന്നു.
''ഞങ്ങൾക്ക് രണ്ടുപേർക്കും നൊസ്റ്റാൾജിയയുടെ ഒരു നിമിഷങ്ങൾ കൂടിയായിരുന്നു സിനിമയുടെ സെറ്റ്. കാരണം ധരംജി മുമ്പ് എന്റെ അച്ഛനോടൊപ്പം സിനിമ ചെയ്തിരുന്നുു. ഷൂട്ടിങ്ങിനിടയിൽ ധരംജി പലപ്പോഴും അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു. അച്ഛൻ ഏറെ ദയയുള്ള മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് താൻ നന്നായി ആസ്വദിച്ചുവെന്നൊക്കെ ധരംജി പറഞ്ഞു''. ഫിലിംമേക്കറായ അനിൽ ഗാംഗുലിയുടെ മകനാണ് വിജയ്. സൈയ്യാര, ധുരന്ധർ, 120 ബഹാദൂർ, താമ, ആപ് ജൈസ കോയി തുടങ്ങിയവയാണ് വിജയ് നൃത്തസംവിധാനം ചെയ്ത പ്രധാനസിനിമകൾ.
എന്തായാലും ധർമേന്ദ്രയുടെ അവസാനസിനിമ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നേരത്തെ ക്രിസ്മസിനോടനുബന്ധിച്ച് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. പിന്നീടത് ജനുവരി ഒന്നിലേക്ക് മാറ്റി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dharmendra showed incredible energy on the set of `Ikkis`, staying awake until 4 AM during shoots. Choreographer Vijay Ganguly shares memories of working with the veteran actor