അനുപമ പരമേശ്വരന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ധ്രുവ് വിക്രം; അത് തന്നെ ബാധിച്ചുവെന്ന് താരം

ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ | Instagram
ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ | Instagram

കുറച്ചുദിവസങ്ങൾക്കുമുമ്പ് തന്റെ മുൻപങ്കാളിയെക്കുറിച്ച് നടി അനുപമ പരമേശ്വരൻ (Anupama Parameswaran) പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. രണ്ടുവർഷത്തോളം താൻ നാർസിസിസ്റ്റിക് അബ്യൂസിന് (Narcissistic abuse) ഇരയായിരുന്നുവെന്നും ആ ബന്ധത്തിൽ താൻ പൂർണമായും ഒതുങ്ങിപ്പോയെന്നും അവർ പറഞ്ഞിരുന്നു. നടൻ ധ്രുവ് വിക്രമും (Dhruv Vikram) അനുപമയും പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അതിനിടെയായിരുന്നു അനുപമയുടെ ഈ തുറന്നുപറച്ചിലുകൾ. അന്യൻ സിനിമയിലെ കഥാപാത്രത്തിനൊപ്പം ജീവിക്കുന്നതുപോലെയായിരുന്നു താനെന്നും അവർ വെളിപ്പെടുത്തി. ചില ദിവസങ്ങളിൽ വളരെ സ്‌നേഹത്തോടെയാണെങ്കിലും, മറ്റു ചില ദിവസങ്ങളിൽ ക്രൂരമായി പെരുമാറുന്നയാളാണെന്നും താരം പറഞ്ഞിരുന്നു.

അതോടെ ധ്രുവിനെക്കുറിച്ചാണ് അനുപമ പറഞ്ഞതെന്ന നിഗമനത്തിലായി നെറ്റിസൺസ്. ധ്രുവിനെതിരെ അതിന്റെ പേരിൽ വിമർശനങ്ങളുണ്ടാവുകയും ചെയ്തിരുന്നു. അന്നെല്ലാം ധ്രുവ് നിശബ്ദത പാലിക്കുകയായിരുന്നു. ഒടുവിൽ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ധ്രുവ്.

'ഇന്ത്യ ടുഡേ തമിഴ് റൗണ്ട്ടേബിൾ' പരിപാടിയിൽ, തന്റെ വ്യക്തിജീവിതത്തിന് ലഭിക്കുന്ന പൊതുജനശ്രദ്ധയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ധ്രുവ് വിശദീകരിച്ചു. ഈയടുത്ത കാലത്തുണ്ടായ സംഭവങ്ങളെ എങ്ങനെയാണ് ബാധിച്ചതെന്ന ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെ, ''സത്യസന്ധമായി പറയുകയാണെങ്കിൽ, അതൊന്നും എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാനാവില്ല. എങ്കിലും, യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ആരാണെന്നും നിങ്ങളുടെ നിലപാടുകൾ എന്താണെന്നും തിരിച്ചറിയുക; ഒപ്പം, നിങ്ങൾ സ്‌നേഹിക്കുന്നവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടതോ അല്ലെങ്കിൽ മുൻപ് പ്രധാനപ്പെട്ടതോ ആയ കാര്യങ്ങളെയും ശക്തമായി സംരക്ഷിക്കുക''.

ഇതിനെ എങ്ങനെയാണ് നേരിടുന്നതെന്നും ധ്രുവ് വിശദീകരിച്ചു, ''സത്യവുമായി പൊരുത്തപ്പെട്ട് ജീവിക്കുമ്പോഴും, നിങ്ങൾക്ക് കരുത്തുപകരുന്ന ഘടകങ്ങൾ എന്താണെന്ന് തിരിച്ചറിയുമ്പോഴും, പുറത്തുനിന്നുള്ള ഇത്തരം പരിശോധനകൾക്ക് നിങ്ങളെ വലിയ തോതിൽ ബാധിക്കാനാവില്ല. ഉപബോധമനസ്സിൽ, ഒറ്റയാൾ പോരാളിയാകാൻ നിങ്ങൾ പഠിക്കുന്നു. നിങ്ങൾക്ക് സ്വന്തമായൊരു ലോകമുണ്ട്; നിങ്ങൾ സ്വയം പക്വത നേടാനുള്ള ആന്തരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. നിങ്ങൾക്ക് കഴിയുന്നത്ര നിങ്ങളുടെ ആ സ്വകാര്യ ലോകത്തെ നിങ്ങൾ സംരക്ഷിക്കുന്നു'', ധ്രുവ് കൂട്ടിച്ചേർത്തു.

ഇൻസ്റ്റാഗ്രാമിൽ വളരെ അപൂർവ്വമായി മാത്രം പോസ്റ്റുകൾ പങ്കുവെക്കുന്നതിനെക്കുറിച്ചും ധ്രുവ് വിക്രം സംസാരിച്ചു. സോഷ്യൽ മീഡിയയുമായുള്ള തന്റെ ബന്ധത്തിന് പിന്നിൽ പ്രത്യേകമായൊരു തന്ത്രമോ ആസൂത്രണമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''വീഡിയോ എഡിറ്റിംഗും ചിത്രീകരണവുമൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അച്ഛനെയും അനന്തരവളെയും വളർത്തുമൃഗങ്ങളെയും ക്യാമറയിൽ പകർത്താൻ എനിക്കിഷ്ടമാണ്. പലപ്പോഴും പുറത്തുവിടാറില്ലെങ്കിലും ഞാൻ ധാരാളം വീഡിയോകൾ എഡിറ്റ് ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാനുള്ള കാലഘട്ടം നമ്മളെല്ലാം പിന്നിട്ടുകഴിഞ്ഞു എന്ന് എനിക്ക് തോന്നുന്നു; സിനിമയുടെ പ്രൊമോഷൻ സമയങ്ങളിൽ ഞാൻ കൂടുതൽ സജീവമാകാറുണ്ട്. മറ്റ് സമയങ്ങളിൽ വായനയിലും സംഗീതത്തിലുമായി ഞാൻ മുഴുകുന്നു. ഇതൊരു ബോധപൂർവ്വമായ തീരുമാനമൊന്നുമല്ല'', അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Dhruv Vikram addresses public scrutiny regarding Anupama Parameswaran's recent revelations. He emphasizes staying grounded in reality and protecting one's personal space