‘ആ സിനിമയ്ക്ക് ശേഷം ലഭിച്ച വേഷങ്ങളില്‍ ഭൂരിഭാഗവും വില്ലനും നെഗറ്റീവ് വേഷങ്ങളുമായിരുന്നു’

പർമീത് സേഥി / IMDb
പർമീത് സേഥി / IMDb

ഷാരൂഖ് ഖാന്‍, കജോള്‍ ചിത്രമായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ചിത്രത്തിലെ കുല്‍ജീത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പര്‍മീത് സേഥിയാണ്. അന്ന് ഷൂട്ടിങ് സമയത്ത് നിര്‍മാതാവ് യാഷ് ചോപ്ര കാണിച്ച മറക്കാനാവാത്ത പിന്തുണയും കരുതലും എടുത്തുപറയുകയാണ് പര്‍മീത്. ആദിത്യ ചോപ്രയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

''ആദി സംവിധാനം ചെയ്യുമ്പോള്‍ യാഷ് ജി ഒരു നിമിഷം പോലും ഇടപെട്ടില്ല. ഒരു വാക്ക് പോലും പറഞ്ഞില്ല'' പര്‍മീത് പറഞ്ഞു. ''സിനിമ ഓരോ ഷോട്ടായി, അദ്ദേഹം അത് കൃത്യമായി അതേ രീതിയില്‍ തന്നെ ചിത്രീകരിച്ചു. ഒരു വ്യത്യാസവുമില്ല. എല്ലാം ആദിയായിരുന്നു, സിനിമ അദ്ദേഹത്തിന്റെ മനസ്സില്‍ വ്യക്തമായിരുന്നു.' യാഷ് ചോപ്ര സെറ്റിലെ അച്ഛന്‍ കഥാപാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

'അദ്ദേഹവും പമേല ജിയും വീട്ടില്‍ നിര്‍മ്മിച്ച പാസ്ത, മട്ടണ്‍, ലസാഗ്‌ന എന്നിവ സെറ്റിൽ കൊണ്ടുവന്നിരുന്നു. നല്ല അന്തരീക്ഷം ആയിരുന്നു. ഇന്നത്തെപ്പോലെ 50 മാനേജര്‍മാരും 50 വാനുകളും ഒന്നുമില്ല. ഇപ്പോള്‍ മതിലുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു' നടന്‍ ഓര്‍മ്മിച്ചു.

'ഡിഡിഎല്‍ജെ' തനിക്ക് വാതിലുകള്‍ തുറന്നപ്പോള്‍ ഒപ്പം വെല്ലുവിളികളും ഉയര്‍ത്തിയെന്ന് പര്‍മീത് വിശദീകരിച്ചു. 'തൊട്ടുപിന്നാലെ, എനിക്ക് ദില്‍ജാലെ ലഭിച്ചു. അതും ഒരു ഹിറ്റ് ചിത്രമായിരുന്നു. പക്ഷേ, എവിടെയോ, ഞാന്‍ പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണം ലഭിച്ചില്ല' നെഗറ്റീവ് വേഷങ്ങളിലേക്ക് താന്‍ എങ്ങനെയാണ് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതെന്ന് ആലോചിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആ സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച വേഷങ്ങളില്‍ ഭൂരിഭാഗവും വില്ലനും നെഗറ്റീവ് വേഷങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. 'അതും പ്രധാന വില്ലന്‍ അല്ല, വില്ലന്റെ മകനോ സഹോദരനോ ആയിമാത്രം. അതിനാല്‍ ഞാന്‍ അവ നിരസിച്ചുകൊണ്ടിരുന്നു.' വര്‍ഷങ്ങള്‍ക്ക് ശേഷം, ആദിത്യ ചോപ്രയുമായി വീണ്ടും ഒന്നിച്ചപ്പോള്‍ കൂടുതല്‍ ഓഫറുകള്‍ സ്വീകരിക്കാന്‍ സംവിധായകന്‍ പര്‍മീതിനെ ഉപദേശിച്ചു.

ചലച്ചിത്രനിര്‍മ്മാണത്തോടുള്ള യാഷ് ചോപ്രയുടെ പ്രായോഗിക സമീപനത്തെയും പര്‍മീത് സ്‌നേഹപൂര്‍വ്വം അനുസ്മരിച്ചു. 'ഒരു സിനിമയും പരാജയപ്പെടില്ലെന്ന് ആ ഇതിഹാസ സംവിധായകന്‍ വിശ്വസിച്ചിരുന്നു, പകരം, ബജറ്റാണ് പരാജയപ്പെടാന്‍ സാധ്യതയുള്ളത്.

സിനിമയുടെ ഗുണമേന്മയില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ സാധ്യതയില്ലാത്ത വലിയ മേക്കപ്പ് വാനുകള്‍ പോലുള്ള ആഡംബര സജ്ജീകരണങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കുന്നതിനോട് അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. പകരം സ്‌ക്രീനില്‍ ദൃശ്യമാകുന്ന ഘടകങ്ങളില്‍ വിവേകപൂര്‍വ്വം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ശ്രദ്ധിച്ചത്.'

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: parmmeet sethi, who played kuljeet in ddlj, fondly remembers yash chopra`s unwavering support during the film`s 30th anniversary. he also opens up about post-ddlj career challenges.