'മരിക്കുമ്പോൾ മുഖത്ത് മേക്കപ്പും കാലിൽ ചിലങ്കയും വേണം;ചില വേഷങ്ങൾ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി'

സുധാ ചന്ദ്രൻ / IMDb
സുധാ ചന്ദ്രൻ / IMDb

അഭിനയത്തോടുള്ള അഭേദ്യമായ ബന്ധം തുറന്നുപറഞ്ഞ് പ്രശസ്തനർത്തകിയും നടിയുമായ സുധാ ചന്ദ്രൻ. ഒരു കലാകാരിയായി ഈ ലോകം വിടാൻ ആഗ്രഹിക്കുന്നുവെന്ന് അവർ തുറന്നുപറഞ്ഞു.

''എല്ലാവരും ഒരു ദിവസം മരിക്കണം. ഞാനും മരിക്കും. പക്ഷേ ഞാനീ ലോകത്തുനിന്ന് പോകുമ്പോൾ മുഖത്ത് മേക്കപ്പും കാലിൽ നർത്തകിയുടെ ചിലങ്കയുമണിഞ്ഞ്, ഒരു കലാകാരിയായി പോകണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. അത്തരമൊരു മരണം എല്ലാവർക്കും കിട്ടാത്ത ഭാഗ്യമാണ്. അങ്ങനെ മരിക്കാൻ കഴിഞ്ഞാൽ അത് ദൈവത്തിന്റെ അനുഗ്രഹമെന്നേ ഞാൻ കരുതൂ. കലയോടും നൃത്തത്തോടുമുള്ള എന്റെ അടങ്ങാത്ത സമർപ്പണമായി അതിനെ മറ്റുള്ളവർ കാണും''.

വിനോദമേഖലയിലേക്ക് കടന്നുവന്നപ്പോൾ ആളുകൾ എങ്ങനെ തന്നെ സ്വീകരിച്ചുവെന്നതിനെക്കുറിച്ചും അവർ തുറന്നുപറഞ്ഞു. ''ഞാനൊരിക്കലും നിരാസമോ പക്ഷപാതമോ നേരിടേണ്ടിവന്നിട്ടില്ല. ആളുകൾ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. എനിക്ക് തുടർച്ചയായി ലഭിക്കുന്ന പിന്തുണയിൽ എനിക്ക് അത്യധികം നന്ദിയുണ്ട്. ശരിക്കും ഞാൻ ഭാഗ്യവതിയാണ്. ഇനിയും നല്ല കരുത്തുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഇപ്പോഴും അഭിനയത്തോട് പഴയ അതേ അഭിനിവേശം എന്റെ മനസ്സിലുണ്ട്''.

എന്നാൽ ചില വേഷങ്ങൾ ചെയ്യേണ്ടായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും അവർ പറയുന്നു. ''പക്ഷേ, ഇപ്പോഴും ഹിന്ദിസീരിയലുകൾ കാണുമ്പോൾ അതിലെ ശക്തമായ എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹം തോന്നും. അതൊക്കെ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. 'ആ റോൾ എനിക്ക് ചെയ്യണമായിരുന്നു. എന്തുകൊണ്ടാണ് എനിക്കത് കിട്ടാതിരുന്നത്?' എന്ന് ഞാൻ മനസ്സിൽ ചിന്തിക്കും''.

കുറച്ചുദിവസങ്ങൾക്കുമുമ്പ് സുധയുടെ ഒരു വീഡിയോ വൈറലായിരുന്നു. ഭജനയ്ക്കിടെ നിയന്ത്രണം വിട്ട് അലറിക്കരയുകയും അടുത്തുള്ളൊരാളെ കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോയാണത്. അതിന്റെ പേരിൽ അവർ ഏറെ ട്രോൾ ചെയ്യപ്പെട്ടു. എന്നാൽ ട്രോളുകൾക്ക് താൻ മറുപടി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് അവർ പിന്നീട് തുറന്നുപറഞ്ഞു. 2022-ൽ പുറത്തിറങ്ങിയ 'വിശിത്തിരൻ' എന്ന തമിഴ് ചിത്രമാണ് അവരുടേതായി അവസാനമിറങ്ങിയ സിനിമ. ഇപ്പോൾ 'നൊയൊൻതാര' എന്ന ഹിന്ദിസീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണവർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Renowned dancer & actress Sudha Chandran shares her deep connection to art, expressing her wish to pass away as a performing artist