ബർഗറിൽ 'തട്ടിവീണ്' സി.ജെ.പി. വക്താവ്; പ്രതിഷേധിച്ചവരെ പരിഹസിച്ചതും കാരണമായി

വിജേത ദഹിയ, പ്രതിഷേധക്കാർ | Screengrab, ANI
വിജേത ദഹിയ, പ്രതിഷേധക്കാർ | Screengrab, ANI

പരീക്ഷാക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി (CJP) ഡൽഹിയിൽ സമരം തുടങ്ങിയത്. ജന്തർമന്തറിൽ സോനം വാങ്ചുക്ക് നിരാഹാരസമരം തുടങ്ങിയപ്പോൾ, ഒട്ടേറെ ആളുകളാണ് അതിന് പിന്തുണയർപ്പിച്ച് എത്തിയത്. ഒടുവിൽ സി.ജെ.പി പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ പങ്കെടുത്തത് ആയിരക്കണക്കിനാളുകളാണ്. അത് രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുകയും ചെയ്തു. മറ്റ് പ്രമുഖപാർട്ടികളും സമരത്തിന്റെ ഭാഗമായതോടെ അതിന് പുതിയൊരു മാനം കൈവന്നിരിക്കുകയാണ്.

അതിനിടെ വക്താക്കളിലൊരാളെ സ്ഥാനത്തുനിന്ന് നീക്കിയിരിക്കുകയാണ് പാർട്ടി. വിജേത ദഹിയ (Vijeta Dahiya) എന്നയാളെയാണ് പാർട്ടി മാറ്റിയത്. അതിനുകാരണമായത് ചില വീഡിയോകളും. സമരക്കാർക്കെതിരെ പോലീസ് നടപടിയെടുക്കുമ്പോൾ, ഇദ്ദേഹം പ്രതിഷേധമാർച്ചിൽനിന്ന് മാറിനിന്ന് ബർഗർ കഴിച്ചിരുന്നു. ആ വീഡിയോകളാണ് ആദ്യം പുറത്തുവന്നത്. അത് വൻപ്രതിഷേധത്തിനിടയാക്കി. അവരെ പരിഹസിച്ച് വിജേത ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തു. ബർഗർ കഴിച്ചുകൊണ്ടാണ് വിജേത ആ വീഡിയോ ചെയ്തത്.

തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് വിജേത വീഡിയോ പുറത്തുവിട്ടത്. ''എന്തുകൊണ്ടാണ് ഞാൻ ബർഗർ കഴിച്ചത്? അതൊരു വലിയ വിഷയമായി മാറിയിരിക്കുകയാണല്ലോ. സാധാരണ മനുഷ്യർ എന്തിനാണ് ബർഗർ കഴിക്കുന്നത്? വിശക്കുമ്പോഴോ അല്ലെങ്കിൽ ബർഗർ കഴിക്കാൻ തോന്നുന്നതുകൊണ്ടോ ആയിരിക്കും. അത്രമാത്രം''.

താൻ ചോദ്യം ചെയ്യപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ''എന്തായാലും, നിങ്ങളെന്നെ ഇത്രയധികം ചോദ്യം ചെയ്യുന്നുണ്ടല്ലോ. ഒരു സമരക്കാരനാവുക എന്നത് എന്തെങ്കിലും ജോലിയാണോ? നിങ്ങൾ എന്നെയാണോ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്? സർക്കാരിനെയാണ് നിങ്ങൾ ചോദ്യം ചെയ്യേണ്ടത്! നിങ്ങളുടെ ഈ അസംബന്ധ ചിന്താഗതി, ഇതിലൊന്നും പെട്ടുപോകാൻ എനിക്ക് താത്പര്യമില്ല; നിങ്ങളെപ്പോലുള്ള വിഡ്ഢികളെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും എനിക്ക് ആഗ്രഹമില്ല. ഞാൻ എന്ത് ചെയ്താലും അത് രാജ്യത്തിന് വേണ്ടിയാണ്, എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്; അതിന് ഞാൻ ആരോടും മറുപടി പറയാൻ ബാധ്യസ്ഥനല്ല. ഞാൻ ബർഗർ കഴിക്കുക തന്നെ ചെയ്യും''. താൻ സമരത്തിൽ പങ്കെടുത്തശേഷമാണ് അവിടുന്ന് പോയതെന്നും രണ്ടുദിവസമായി ഉറങ്ങിയിട്ടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുപിന്നാലെയുണ്ടായ വിവാദങ്ങളെ തുടർന്നാണ് അദ്ദേഹത്തെ മാറ്റിയത്. ഇത്തരം പെരുമാറ്റം പാർട്ടി പിന്തുണയ്ക്കുന്നതല്ലെന്നും ഇത് തങ്ങളുടെ തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്നും വ്യക്തമാക്കി സി.ജെ.പി ട്വിറ്ററിലൂടെ പ്രസ്താവനയിറക്കി.

''സമാധാനപരമായി പ്രതിഷേധം നടത്തിയവരും ഞങ്ങളുടെ സംഘവും ക്രൂരമായ പോലീസ് അതിക്രമം നേരിടുമ്പോൾ, ഞങ്ങളുടെ വക്താവായ വിജേത ദഹിയയുടെ വീഡിയോകൾ പുറത്തുവന്ന സംഭവം അങ്ങേയറ്റം സംവേദനക്ഷമതയില്ലാത്ത നടപടിയാണ്; ഇതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല; ഇത് വിവേകശൂന്യതയുടെ തെളിവാണ്. മാത്രമല്ല പസ്ഥാനത്തിന്റെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും തീർത്തും വിരുദ്ധവുമാണ്'', സി.ജെ.പി പ്രസ്താവനയിൽ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: CJP spokesperson Vijeta Dahiya removed from position. Controversy sparked by a video showing Dahiya eating a burger during a protest march.