'സ്ത്രീകളോട് മോശമായി പെരുമാറുന്ന പോലീസുകാർ, ഗുണ്ടകളെ പോലെയായിരുന്നു അവർ'

ജാൻമണി, പ്രതിഷേധത്തിൽനിന്ന് | Screengrab, ANI
ജാൻമണി, പ്രതിഷേധത്തിൽനിന്ന് | Screengrab, ANI

പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ സമരം തുടങ്ങിയത്. ഒരുമാസത്തിലധികമായി നീണ്ടുനിൽക്കുകയാണ് സമരം.

അതിനിടെയാണ് എൻജിനീയറും അധ്യാപകനും പരിസ്ഥിതിപ്രവർത്തകനുമായ സോനം വാങ്ചുക് ഇവിടെ നിരാഹാരസമരം തുടങ്ങിയത്. അദ്ദേഹത്തിന്റെ സമരം 21 ദിവസം പിന്നിട്ടപ്പോൾ, പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സി.ജെ.പി. പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. പ്രതിഷേധസമരത്തിൽ പങ്കെടുത്തവരെ പോലീസ് നേരിട്ടത് വളരെ ക്രൂരമായ രീതിയിലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ പറയുന്നു.

അതേസമയം സാഹോദര്യത്തിന്റെയും മാനുഷികതയുടെയും കൂടെ ഉദാഹരണമായി മാറുകയാണ് ഈ പ്രതിഷേധസമരം. പ്രതിഷേധിക്കുന്നവർക്കായി രാജ്യത്തിന്റെ വിവിധഭാഗത്തുനിന്നുള്ളവർ ഭക്ഷണം ഓർഡർ ചെയ്യുന്നതും ഒരപൂർവകാഴ്ചയായി. തുടർച്ചയായി ഭക്ഷണപ്പൊതികൾ എത്തിത്തുടങ്ങിയപ്പോൾ, ഇത് ശേഖരിച്ച് വിതരണം ചെയ്യാൻ വൊളന്റിയർമാരും മുന്നോട്ടുവന്നു.

സമരത്തിന് പിന്തുണയുമായി ചലച്ചിത്രപ്രവർത്തകരായ ഷബാന ആസ്മി, പ്രകാശ് രാജ് എന്നിവരും എത്തിയിരുന്നു. കേരളത്തിൽനിന്ന് അവതാരക രഞ്ജിനി ഹരിദാസ്, നടി സിജ റോസ്, മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ്‌ തുടങ്ങിയവരും സമരത്തിന്റെ ഭാഗമായി. രണ്ടുദിവസമാണ് ജാൻമണി പ്രതിഷേധത്തിൽ പങ്കെടുത്തത്. അവിടെ കണ്ടതും അറിഞ്ഞതുമെല്ലാം അവർ ഗൃഹലക്ഷ്മി ഓൺലൈനുമായി പങ്കുവെക്കുന്നു.

''ഞാനൊരു യാത്രയിലായിരുന്നു. നെറ്റ്‌വർക്ക് ഒന്നുമില്ലാത്ത സ്ഥലമായിരുന്നുവത്. അതുകൊണ്ട് കൃത്യമായി അറിഞ്ഞിരുന്നില്ല. അതുകഴിഞ്ഞ് എത്തിയപ്പോഴാണ് രഞ്ജിനിച്ചേച്ചി (രഞ്ജിനി ഹരിദാസ്) ഇതിനെക്കുറിച്ച് പറയുന്നത്. 'ജാനു, നീ അറിഞ്ഞോ' എന്ന് ചേച്ചി ചോദിച്ചു. ചേച്ചിയാണ് എനിക്കെല്ലാം പറഞ്ഞുതന്നത്. സി.ജെ.പി.യെക്കുറിച്ച് എനിക്കറിയാമായിരുന്നു. പക്ഷേ ഇത്രയും വലിയ സമരം നടക്കുന്ന കാര്യമൊന്നും അറിഞ്ഞിരുന്നില്ല. ചേച്ചി പറഞ്ഞുതന്നപ്പോൾ ഞാനതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. അപ്പോഴെനിക്കും താത്പര്യം തോന്നി. അങ്ങനെയാണ് ചേച്ചിയുടെ കൂടെ പോവുന്നത്. ചേച്ചിയാണ് എല്ലാം അറേഞ്ച് ചെയ്തത്.

അവിടെ ചെന്നപ്പോഴാണ് ഇത്രയും വലിയ സമരമാണെന്ന് അറിയുന്നത്. അവസ്ഥ ഇത്ര ഭീകരമാണെന്ന് മനസ്സിലായതും. ജന്തർമന്തറിലേക്കുള്ള വഴികളെല്ലാം അടച്ചിരുന്നു. ഉദാഹരണത്തിന് നമ്മൾ പാലാരിവട്ടം ജങ്ക്ഷനിൽ ആണെന്നിരിക്കട്ടെ. ഇടപ്പള്ളി സൈഡിലേക്കുള്ള റോഡും, കലൂർ സൈഡിലേക്കുള്ള റോഡും തമ്മനത്തേക്കുള്ള റോഡും ബൈപ്പാസ് റോഡുമെല്ലാം അടച്ചാൽ എങ്ങനെയിരിക്കും? അതായിരുന്നു അവസ്ഥ. അവിടെ ഷോപ്പൊന്നുമില്ല, വെള്ളംപോലും കിട്ടുന്നില്ല. പോലീസ് ലോക്ക് ആക്കി കളഞ്ഞു. അവിടേക്ക് പോവാൻ പറ്റത്തില്ല, വരാൻ പറ്റത്തില്ല, ആ അവസ്ഥയാക്കി. ഭക്ഷണവുമില്ലായിരുന്നു.

പോലീസിന്റെ അക്രമം ആണെങ്കിൽ പറയാനുമില്ല. അവർക്കാരോടും ബഹുമാനമില്ല. വളരെ മോശമായിട്ടാണ് സ്ത്രീകളോട് വരെ പെരുമാറുന്നത്. 13 വയസ്സുള്ള പെൺകുട്ടികൾ വരെ സമരത്തിനുണ്ടായിരുന്നു. അവരെയൊക്കെ അടിക്കുന്നത് അത്രയും ക്രൂരമായിട്ടാണ്. അവരെല്ലാം പോലീസ് ആണെന്നൊന്നും തോന്നുന്നില്ല. ഗുണ്ടകളെ പോലെയുണ്ട്. അവർക്ക് യൂണിഫോമോ ബാഡ്‌ജോ ഇല്ല. അതൊന്നുമില്ലാതെയാണ് വന്ന് ആളുകളെ അടിക്കുന്നതും ഇടിക്കുന്നതും. ശരിക്കും ഗുണ്ടായിസം തന്നെ. ഇതാണോ ഡെമോക്രസി?

ഞാനൊരു പൊളിറ്റീഷ്യനല്ല. ഞാനൊരു രാഷ്ട്രീയ ആശയത്തെയും ഫോളോ ചെയ്യുന്നുമില്ല. സി.ജെ.പി. വിദ്യാർഥികൾക്കുവേണ്ടിയാണ് സമരം നടത്തുന്നത്. അവർ നല്ല വിദ്യാഭ്യാസത്തിനുവേണ്ടിയല്ലേ സമരം ചെയ്യുന്നത്. ആ വിദ്യാർഥികളെ നമ്മൾ സപ്പോർട്ട് ചെയ്‌തേ പറ്റൂ''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: CJP protest at Jantar Mantar demanding the resignation of Education Minister Dharmendra Pradhan. Sonam Wangchuk's hunger strike and subsequent police intervention. Makeup artist Jaanmoni Das is sharing her experience