ഒറ്റ രാത്രി കൊണ്ട് മുടി നരയ്ക്കുമോ? ചരിത്രവും ശാസ്ത്രവും പറയുന്നത്

നര കയറിയ മുടി (Shutterstock images)
നര കയറിയ മുടി (Shutterstock images)

മുടിയുടെ നിറം മാറി അത് നരയ്ക്കുന്നത് താരതമ്യേന സമയമെടുക്കുന്ന ജൈവപ്രക്രിയയാണ്. ജീവിതശൈലിയും സാഹചര്യങ്ങളും ഈ പ്രക്രിയയുടെ വേഗം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്‌തേക്കാം. എന്നാല്‍ ചരിത്രത്തിലെ ചില സംഭവകഥകള്‍ പ്രകാരം ഒറ്റരാത്രി കൊണ്ട് മുടി നരച്ചുപോയവരുണ്ട്.

ലൂയി പതിനാലാമന്‍ രാജാവിനും ഭാര്യ മേരി അന്റോയ്‌നെറ്റ് രാജ്ഞിക്കുമെതിരെ ഫ്രഞ്ച് ജനത നയിച്ചു ജയിച്ച വിപ്ലവം. അതിന്റെ പര്യവസാനം രാജാവിന്റെയും രാജ്ഞിയുടെയും തലയറുത്തു കൊണ്ടായിരുന്നു. രൂപസൗന്ദര്യത്തിലും ആഡംബരത്തിലും ശ്രദ്ധാലുവായിരുന്നു മേരി. വിപ്ലവകാരികളുടെ തടവില്‍ പെട്ടതോടെ മരണഭയം അവരെ കീഴടക്കി. വധശിക്ഷയ്ക്ക് വിധേയയാകാനെത്തിയ രാജ്ഞിയെ കണ്ടവര്‍ ഞെട്ടി. ഒരു രാത്രി കൊണ്ട് അവരുടെ തലമുടി നരച്ചു പോയിരുന്നു.

ഒറ്റ രാത്രി കൊണ്ട് മുടി നരച്ചു എന്നുള്ളത് കഥയില്‍ കലര്‍ന്ന അതിശയോക്തിയാകാം. എന്തായാലും ചരിത്രത്തിലെ ഏറെ പ്രസിദ്ധമായ ഈ കഥയില്‍ നിന്നാണ് പെട്ടെന്നുള്ള നരയ്ക്ക് മേരി അന്റോയ്‌നെറ്റ് സിന്‍ഡ്രോം എന്ന് പേര് വരുന്നത്. കനിറ്റിസ് സുബീറ്റ എന്നാണ് ഈ അവസ്ഥയുടെ ശാസ്ത്രീയ നാമം. തോമസ് മോര്‍ സിന്‍ഡ്രം എന്നൊരു പേരിലും ഇതറിയപ്പെടുന്നു.

സാര്‍ തോമസ് മോര്‍, മേരി അന്റോയ്‌നെറ്റ് / wikipedia

ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍ രാജാവിന്റെ ലോര്‍ഡ് ചാന്‍സലറായിരുന്നു സാര്‍ തോമസ് മോര്‍. മതപരമായ കാര്യങ്ങളിലുള്ള രാജാവിന്റെ നയങ്ങളെ തോമസ് മോര്‍ എതിര്‍ത്തു. തനിക്ക് വിവാഹമോചനം അനുവദിക്കാന്‍ മാര്‍പ്പാപ്പ വിസമ്മതിച്ചതോടെ ഹെന്റി സ്വയം ഇംഗ്ലണ്ടിന്റെ മത തലവനായി അവരോധിച്ചു.

രാജ്യത്തെല്ലാവരും രാജാവിനെ മത മേലധ്യക്ഷനായി അംഗീകരിക്കണം എന്ന് നിര്‍ബന്ധം പിടിച്ചു. അതിനെ വെല്ലുവിളിച്ച തോമസിനെ തടവിലാക്കി. തടവറയിലെ ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ തല വെട്ടി. ശിക്ഷയും വിചാരണയും തോമസിനെ അതിവേഗം വൃദ്ധനാക്കി എന്നാണ് ചരിത്രം പറയുന്നത്. 

അത്യപൂര്‍വമായി മാത്രമേ സമ്മര്‍ദ്ദം കൊണ്ട് പെട്ടെന്ന് നര പ്രത്യക്ഷപ്പെടാറുള്ളൂ. കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ അതിനു വേഗം കൂടും. സ്‌ട്രെസ് ശരീരത്തില്‍ ഉദ്പാദിപ്പിക്കുന്ന നോറെപ്പിനെഫ്രീന്‍ മുടിയ്ക്ക് നിറം നല്‍കുന്ന മെലാനിന്‍ തോത് കുറയ്ക്കും എന്നതാണ് ഇതിനു കാരണം. അതുകൊണ്ട് മനസ്സിനെ ശാന്തമാക്കി വെക്കുകയാണ് യുവത്വം നിലനിര്‍ത്താനുള്ള എളുപ്പവഴി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover if hair can really turn white overnight. Learn about the Mary Antoinette Syndrome, its scientific name, and how extreme stress can cause rapid greying.