കുഞ്ഞിന്റെ വരവറിയിച്ച് കാൽവിൻ ഹാരിസും വിക്ക് ഹോപ്പും; പോസ്റ്റിനൊപ്പം പ്ലാസന്റയുടെ ചിത്രങ്ങളും

ഡിജെയും സംഗീത നിർമ്മാതാവുമായ കാൽവിൻ ഹാരിസ് പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് തിരികൊളുത്തുന്നു. തനിക്ക് കുഞ്ഞുപിറന്ന വിവരമാണ് താരം പങ്കുവെച്ചതെങ്കിലും അതിനോടൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്. പ്ലാസന്റ (മറുപിള്ള) ഉൾപ്പെടെയുള്ളവയുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. റേഡിയോ അവതാരകയായ വിക്ക് ഹോപ്പാണ് സ്‌കോട്ടിഷ് ഡിജെ ആയ കാൽവിൻ ഹാരിസിന്റെ പങ്കാളി. ഇവർക്ക് പിറന്നത് ആൺകുഞ്ഞാണ്. മൈക്ക എന്നാണ് പേരിട്ടിരിക്കുന്നത്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിന്റെ വരവ് ഞായറാഴ്ചയാണ് ഇവർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.
'ജൂലൈ 20-ന് ഞങ്ങളുടെ മകൻ എത്തി. മൈക്ക ഇവിടെയുണ്ട്!’ ഹാരിസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'എന്റെ ഭാര്യ ഒരു സൂപ്പർഹീറോയാണ്. അവളിൽ ഞാൻ അത്ഭുതപ്പെടുന്നു! ഒരുപാട് നന്ദിയുണ്ട്. ഞങ്ങൾ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു മൈക്ക' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്കിന്റെ മറുപിള്ളയുടെ ചിത്രങ്ങൾക്കൊപ്പം ആ അവയവം ഉണക്കി ഗുളിക രൂപത്തിലാക്കിയതിന്റെ ചിത്രങ്ങളും കാൽവിൻ പോസ്റ്റ് ചെയ്തിരുന്നു. പുറത്തിരുന്ന് നവജാതശിശുവിനെ താലോലിക്കുന്ന ഹാരിസിന്റെ ഒരു ചിത്രവും, വീട്ടിൽ വെച്ച് നടന്ന വാട്ടർ ബർത്തിൽ നിന്നുള്ള ഒരു ഫോട്ടോയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചില ആരാധകർ ദമ്പതികളെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തപ്പോൾ, മറ്റുചിലർ മറുപിള്ളയുടെ ചിത്രം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. 'അഭിനന്ദനങ്ങൾ, പക്ഷേ മറുപിള്ളയുടെ ചിത്രങ്ങൾ ഒരുപാട് കൂടുതലായിപ്പോയി. അത് മുഴുവനായുള്ളതോ, മുറിച്ചതോ, ഗുളിക രൂപത്തിലാക്കിയതോ ആകട്ടെ. ഈ വിവരങ്ങൾ അറിയാതിരിക്കുന്നതായിരുന്നു നല്ലത്' ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചു. 'എന്തിനാണ് ഞങ്ങളെ ഇത് കാണിക്കുന്നത്?' എന്ന് മറ്റൊരാളും ചോദിച്ചു. കാൽവിൻ ഹാരിസോ വിക്ക് ഹോപ്പോ ഈ വിമർശനങ്ങളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. കമന്റുകൾ ഓഫ് ചെയ്ത് പോസ്റ്റ് ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്.
തങ്ങൾ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന് ദമ്പതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും, ഈ വർഷം ആദ്യം തന്നെ ആരാധകർ സൂചനകൾ കണ്ടെത്തിയിരുന്നു. നടിയായ ഫ്‌ലോറൻസ് പ്യൂവുമായി ഏപ്രിലിൽ ഹോപ്പ് നടത്തിയ അഭിമുഖത്തിനിടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. പിന്നീട് ഹോപ്പ് തന്റെ ഇൻസ്റ്റഗ്രാമിൽ ജോലിസ്ഥലത്തെ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ അതിൽ നിറവയർ കാണിക്കുന്ന ചില ചിത്രങ്ങളും സാധാരണപോലെ ഉൾപ്പെടുത്തിയിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: dj calvin harris and vick hope announce the birth of their son, Mike. photos shared include the placenta, sparking social media debate.