26 കൊല്ലം മുമ്പു പിരിഞ്ഞ സഹോദരിയുടെ ചിത്രം ആ ചിമ്പാന്‍സി നോക്കിനിന്നു

അമേരിക്കയിലെ സാന്‍ ഡീയേഗോ മൃഗശാലയിലാണ് ലൂയിസ് എന്ന ബൊനോബോ വിഭാഗത്തില്‍ പെട്ട ചിമ്പാന്‍സിയുടെ ജനനം. സ്വന്തം സഹോദരി ലോറെറ്റയ്ക്കും അനന്തരവന് എറിനുമൊപ്പമായിരുന്നു അവളുടെ താമസം. അവിടെനിന്ന് 1992-ല്‍ അവളെ ജപ്പാനിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി.
കാട്ടിലാണെങ്കില്‍ പെണ് ബൊനോബോകള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ അവരുടെ കൂട്ടത്തെ ഉപേക്ഷിച്ചുപോയി സ്വന്തം കുടുംബങ്ങളുണ്ടാക്കുന്നതാണ് പതിവ്. അതിനായി പുതിയ കൂട്ടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും. അതുകൊണ്ടുതന്നെ ബന്ധുക്കളുമായുള്ള വേര്‍പിരിയല്‍ ലൂയിസില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ല. കാട്ടിലായിരുന്നെങ്കിലും ഒരുസമയം കഴിയുമ്പോള്‍ അവള്‍ക്ക് വേണ്ടപ്പെട്ടവരെയെല്ലാം ഉപേക്ഷിക്കേണ്ടിവരും. ഒരുപക്ഷേ ഒപ്പം വളര്‍ന്ന ബൊനോബോകളെ ഇനിയൊരിക്കലും കണ്ടെന്നും വരില്ല.
2019-ല്‍, ഗവേഷകര്‍ ലൂയിസിന് അവളുടെ സഹോദരി ലോറെറ്റയുടെ ഒരു ചിത്രം കാണിച്ചുകൊടുത്തു. അപ്പോഴേക്കും അവള് ജപ്പാനിലെത്തിയിട്ട് ഏകദേശം 26 വര്‍ഷം കഴിഞ്ഞിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത മറ്റൊരു ബൊനോബോയുടെ ചിത്രത്തിനൊപ്പമാണ് സഹോദരിയുടെ ചിത്രവും അവളെ കാണിച്ചത്. കണ്ടമാത്രയില്‍ ലൂയിസ് സഹോദരിയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടേയിരുന്നു. അപരിചിതനെ അവഗണിച്ചു. അനന്തരവന്റെ ചിത്രവും സമാനരീതിയില്‍ കാണിച്ചു. അപരിചിതനില്‍ ഒട്ടും താല്പര്യം കാണിക്കാതിരുന്ന ലൂയിസ് അനന്തരവനെയും സൂക്ഷിച്ചുനോക്കി.
എട്ടുതവണ കാണിച്ചപ്പോഴും ഇതുതന്നെ ആവര്‍ത്തിച്ചു. പിരിഞ്ഞിട്ട് 26 വര്‍ഷമായെങ്കിലും അവരെ കണ്ടപ്പോള്‍ ലൂയിസിന് മനസ്സിലായെന്നാണ് ഗവേഷകര്‍ ഇതിലൂടെ അനുമാനിച്ചത്. അന്ന് 46 വയസ്സുണ്ടായിരുന്ന ലൂയിസ് ദീര്‍ഘകാലം മുമ്പ് നഷ്ടപ്പെട്ട ബന്ധുക്കളെ നോക്കാന്‍ ഇഷ്ടം കാണിച്ചു.
പ്രാസീഡിങ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് മനുഷ്യനല്ലാത്ത ഒരു ജീവിയില്‍ ഇത്രയും ദൈര്‍ഘ്യമേറിയ ഓര്മ കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ടില്‍നോസ് ഡോള്ഫിനുകളുടേതാണ് ഇതിനുമുമ്പത്തെ റെക്കോര്‍ഡ്. 20 വര്‍ഷത്തിനുശേഷവും സഹജീവികളുടെ ശബ്ദം അവ തിരിച്ചറിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഗവേഷണത്തിന്റെ ഭാഗമായി ജപ്പാനിലെയും യുകെയിലെയും ബെല്‍ജിയത്തിലെയും സംരക്ഷിതകേന്ദ്രങ്ങളില് പാര്‍പ്പിച്ച 26 ബൊനോബോകളില് നിന്ന് ശാസ്ത്രജ്ഞര്‍ ഐ-ട്രാക്കിംഗ് ഡേറ്റ ശേഖരിച്ചു. നാല് മുതല്‍ 46 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു അവ. വെറുക്കുന്നവരും മിതമായ ബന്ധമുള്ളവരുമായ ചിമ്പാന്സികളേക്കാളും അവര്‍ ഇഷ്ടപ്പെടുന്നവരെ നോക്കാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മറ്റു ചിമ്പാന്സികളേക്കാള് വലിപ്പം കുറവുള്ളവരാണ് ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ സ്വദേശികളായ ബൊനോബോകള്‍.
Content Highlights: bonobos remembers her sister who was separated 26 years ago