“എൻ്റെ പോക്കറ്റ് മണി മുഴുവൻ സ്വരുക്കൂട്ടി എൻ്റെ ആദ്യത്തെ മേക്കപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി”- കുട്ടിക്കാലത്തെ ഓർമകൾ പങ്കിട്ട് താരങ്ങൾ

തപ്സി പന്നു, കാജൽ അഗർവാൾ, ഭൂമി പട്നേകർ
തപ്സി പന്നു, കാജൽ അഗർവാൾ, ഭൂമി പട്നേകർ

ഇന്ത്യയൊട്ടാകെ ശിശുദിനം സന്തോഷത്തോടെയും ആവേശത്തോടെയും ആഘോഷിക്കുകയാണ്.  ശിശുദിനത്തോടനുബന്ധിച്ച് ഗൃഹാതുരമായ തങ്ങളുടെ ബാല്യകാല ഓര്‍മകൾ സോഷ്യൽമീഡിയയിലൂടെ പങ്കിടുകയാണ് പ്രിയതാരങ്ങൾ. കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങളും അടിക്കുറിപ്പുകളും പങ്കുവെച്ചെത്തിയിരിക്കുകയാണ് താരങ്ങളായ തപ്സി പന്നു, കാജൽ അഗർവാൾ, ദിയ മിർസ, രുക്മിണി വസന്ത്, ഭൂമി പട്നേകർ എന്നിവർ.

ഭൂമി പട്‌നേകറിന്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ ചിലത് കുടുംബത്തിലെ സ്ത്രീകൾ അവളെ ഒരുക്കുന്നതാണ്.


“എൻ്റെ അമ്മ, മാമി, കസിൻസ്, പിന്നെ ഞങ്ങളുടെ കുടുംബസുഹൃത്തുക്കളായ സജിദ ചെറിയമ്മ, ചിന്റു, ഫറാ. അവരെനിക്ക് ആഭരണങ്ങൾ ഇട്ടുതരും, കുറച്ച് മേക്കപ്പ് ഇടും, പിന്നെ ഒരുപാട് ഫോട്ടോകളെടുക്കും. ഒരു ക്യാമറ കണ്ടാലുടൻ ഞാൻ പോസ് ചെയ്യാൻ തുടങ്ങുന്നതിനെക്കുറിച്ച് എൻ്റെ അമ്മ ഇപ്പോഴും പറഞ്ഞ് ചിരിക്കും.

നവരാത്രി സമയത്ത് എടുത്ത ഈ ഫോട്ടോകളിലൊന്ന് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ആ ആദ്യകാല ചടങ്ങുകൾ എന്നിൽ എന്തോ ഒന്ന് നട്ടുപിടിപ്പിച്ചിട്ടുണ്ട്‌. രൂപാന്തരത്തിനുള്ള ഒരു ജിജ്ഞാസ. പതിമൂന്നാം വയസ്സിൽ, എൻ്റെ പോക്കറ്റ് മണി മുഴുവൻ സ്വരുക്കൂട്ടി എൻ്റെ ആദ്യത്തെ മേക്കപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി, അന്നുമുതൽ ഞാൻ പരീക്ഷണങ്ങൾ നിർത്തിയിട്ടില്ല. ഞാൻ അന്നും ഒരു കലാകാരിയായിരുന്നു, ഇന്നും ഒരു കലാകാരിയാണ്.”

തപ്‌സി പന്നു തൻ്റെ, ആദ്യത്തെ സ്റ്റേജ് പ്രകടനത്തെക്കുറിച്ച് ഓർത്തുകൊണ്ട് കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഒരു യാത്ര നടത്തി. 
 

“ഇതൊരു വളരെ സവിശേഷമായ ചിത്രമാണ്. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ളതാണ്. ഞാൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തം പഠിക്കാൻ തുടങ്ങിയതിന് ശേഷമുള്ള എൻ്റെ ആദ്യത്തെ സ്റ്റേജ് പ്രകടനമായിരുന്നു അത്. എട്ട് വർഷത്തിലേറെ നീണ്ടുനിന്ന ഒന്നിൻ്റെ മനോഹരമായ തുടക്കമായിരുന്നു അത്. പാശ്ചാത്യ നൃത്തരൂപങ്ങൾ പഠിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഞാൻ എട്ട് വർഷം ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം നേടി. അപ്പോൾ ഇവിടെ നിന്നാണ് സ്റ്റേജ് പ്രകടനങ്ങളോടുള്ള ഇഷ്ടം തുടങ്ങിയത്.”

കാജൽ അഗർവാൾ തൻ്റെ കുട്ടിക്കാലത്തേക്ക് ഒരു ഗൃഹാതുരമായ യാത്ര നടത്തുകയാണ്.
 

“എനിക്ക് വളരെ രസകരമായ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. സ്നേഹവും ലാളനയും നിറഞ്ഞ, കളികൾ നിറഞ്ഞ ഒന്ന്. മാതാപിതാക്കൾ സ്നേഹവും നല്ല ഓർമ്മകളും കൊണ്ട് എൻ്റെ ഹൃദയം നിറച്ചു. എല്ലാത്തരം വികാരങ്ങളും ഞാൻ പഠിച്ചു. ഏറ്റവും മനോഹരമായ ഓർമ്മകൾ കളികളിലൂടെയാണ് ഉണ്ടായത്. ഈ ഫോട്ടോ വീട്ടിൽ വെച്ച് എടുത്തതാണ്, അന്ന് എനിക്ക് ഏകദേശം മൂന്ന് വയസ്സായിരുന്നു, പക്ഷേ ആ കുഞ്ഞിനെക്കുറിച്ച്‌ എനിക്കൊരു ഓർമ്മയുമില്ല.”

നടിയും പരിസ്ഥിതി പ്രവർത്തകയുമായ ദിയ മിർസ ഈ ശിശുദിനത്തിൽ തൻ്റെ അച്ഛനെക്കുറിച്ചുള്ള ഓർമകളിലേക്ക് പോയി
 

“ഈ ഫോട്ടോ എടുത്തത് എൻ്റെ അച്ഛനാണ്. അദ്ദേഹത്തോടൊപ്പമുള്ള എന്റെ കൈവശമുള്ള അമൂല്യമായ ഓർമ്മ ഇത് മാത്രമാണ്. ചിത്രത്തിൽ കാണുന്ന പുതപ്പ് എൻ്റെ അച്ഛൻ കൈകൊണ്ട് സ്പ്രേ പെയിൻ്റ് ചെയ്തതാണ്. കൈകൊണ്ട് തുന്നിയ വസ്ത്രങ്ങളും എംബ്രോയിഡറിയും എന്നെ ലളിതവും സൗമ്യവുമായ കാലങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു.”

നടി രുക്മിണി വസന്തിനെ സംബന്ധിച്ചിടത്തോളം, കുട്ടിക്കാലത്തെ ഓർമ്മ അവരെ തൻ്റെ സഹോദരിക്കൊപ്പമുള്ള ഒരു യാത്രയിലേക്ക് തിരികെ കൊണ്ടുപോകുന്നതായിരുന്നു.
 

 “അത് ഞാനാണ്, എനിക്ക് ഏകദേശം 6 വയസ്സുള്ളപ്പോൾ. എൻ്റെ മാതാപിതാക്കൾ എന്നെയും എൻ്റെ അനുജത്തിയെയും ഞങ്ങളുടെ അമ്മായിയുടെ വീട്ടിലേക്ക് ഒരു യാത്രയ്ക്ക് അയച്ചു. ഞങ്ങൾ കടലിൽ നീന്തി. ശേഷം ഒരുപാട് നാരങ്ങാച്ചോറും തൈര് സാദവും കഴിച്ചു. അന്ന് തെന്നലുള്ള എന്തിലോ ചവിട്ടിയതായും തിരികെ വെള്ളത്തിലിറങ്ങാൻ ഭയന്നുപോയെന്നും ഞാൻ വ്യക്തമായി ഓർക്കുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ഞാൻ വെള്ളം ഉപേക്ഷിച്ച് ഈ ചിത്രത്തിൽ കാണുന്ന മരത്തിൽ വലിഞ്ഞു കയറിയത്’’.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kajal, Bhumi, Taapsee, Dia Mirza, and Rukmini Vasanth share heartwarming childhood photos and nostalgic memories on Children`s Day.