ബംഗ്ലാവിൽ സലൂണും സ്പായും; അജയ് ദേവ്ഗണിന്റെയും കജോളിന്റെയും ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ബിഎംസി

അജയ് ദേവ്ഗണും കജോളും/Instagram
അജയ് ദേവ്ഗണും കജോളും/Instagram

ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മുംബൈയിലെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി). അനുമതിയില്ലാതെ നിർമാണപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ദിവസങ്ങൾക്കുമുൻപ് ദമ്പതികൾക്ക് കെട്ടിടനിർമാണം നിർത്തിവയ്ക്കാനുള്ള നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതരുടെ നടപടി. മുംബൈയിലെ പ്രമുഖ മേഖലകളിലൊന്നായ ജുഹുവിലെ ബംഗ്ലാവുമായി ബന്ധപ്പെട്ട സംഭവം ശ്രദ്ധനേടുകയാണ്.

മുംബൈയിലെ ജുഹുവിലുള്ള കപോൾ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലെ 7,802 ചതുരശ്രയടി വിസ്തീർണമുള്ള ബംഗ്ലാവിലാണ് ബിഎംസി നടപടിയെടുത്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിനുള്ളിലെ മാറ്റങ്ങൾ, പാർട്ടീഷൻ ഭിത്തികളുടെ നിർമാണം, ജനലുകളിലെ മാറ്റങ്ങൾ തുടങ്ങിയ പ്രവൃത്തികൾ മുനിസിപ്പൽ അനുമതികളില്ലാതെയാണ് നടത്തിയതെന്നാണ് അധികൃതരുടെ ആരോപണം.

ബംഗ്ലാവിൽ സലൂണും സ്പായും ആരംഭിക്കുന്നതിനായി നിർമാണപ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിഎംസി നോട്ടീസ് നൽകിയത്. സെപ്റ്റംബർ 10-ന് നൽകിയ നോട്ടീസിൽ നിർമാണം ഉടൻ നിർത്തിവയ്ക്കാനും ആവശ്യമായ രേഖകൾ ഹാജരാക്കാനും നിർദേശിച്ചിരുന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ 354എ വകുപ്പ് പ്രകാരമായിരുന്നു നടപടി.

എന്നാൽ, നോട്ടീസ് നൽകിയിട്ടും ബംഗ്ലാവിലെ നിർമാണപ്രവർത്തനങ്ങൾ തുടർന്നുവെന്നാണ് ആരോപണം. ഇതിനു പിന്നാലെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാൻ ബിഎംസി നടപടി സ്വീകരിച്ചത്.

ബംഗ്ലാവ് വാണിജ്യ ആവശ്യങ്ങൾക്കായി വാടകയ്ക്ക് നൽകാനുള്ള നീക്കത്തിനെതിരെ കപോൾ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയാണ് പരാതി നൽകിയത്. സലൂണും സ്പായും പ്രവർത്തനം ആരംഭിച്ചാൽ പ്രദേശത്ത് ആളുകളുടെ വരവും വാഹനത്തിരക്കും വർധിക്കുമെന്നും പാർക്കിങ്, സുരക്ഷ, ശബ്ദം തുടങ്ങിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും താമസക്കാർ ആശങ്ക ഉന്നയിച്ചിരുന്നു. സൊസൈറ്റിക്കുള്ളിലെ ഇടുങ്ങിയ റോഡുകളിലുണ്ടാകാവുന്ന ഗതാഗതത്തിരക്കും പരാതിയിൽ ചൂണ്ടിക്കാട്ടി.

വാണിജ്യ ആവശ്യത്തിനുള്ള ഉപയോഗത്തിന് അനുമതി നൽകിയതായി രേഖകളില്ലെന്ന് ബിഎംസിയുടെ ബിൽഡിങ് ആൻഡ് ഫാക്ടറി വിഭാഗം കണ്ടെത്തിയതായി പ്രദേശത്തെ കോർപ്പറേറ്ററായ സുധ സിങ്ങും വ്യക്തമാക്കി. ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും അവ ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. തുടർന്നാണ് നിർമാണം നിർത്തിവയ്ക്കാനുള്ള നോട്ടീസ് നൽകിയത്. മറുപടി നൽകാൻ നാലാഴ്ചത്തെ സമയം അനുവദിക്കണമെന്ന് ദേവ്ഗൺ കുടുംബം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദൃശ്യം 3'യും വാർത്തകളിൽ ഇടംനേടിയിരുന്നു. ജനപ്രീതി നേടിയ ത്രില്ലർ പരമ്പരയിലെ മൂന്നാം ഭാഗമായ ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ സിനിമയായെന്നാണ് റിപ്പോർട്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi