'100 രൂപയ്ക്കായാണ് അവരവിടെ കുത്തിയിരിക്കുന്നതെന്ന് പറഞ്ഞ് കങ്കണ അപമാനിച്ചു'

കുല്‍വീന്ദര്‍ കൗര്‍, കങ്കണ റണൗട്ട് / Instagram
കുല്‍വീന്ദര്‍ കൗര്‍, കങ്കണ റണൗട്ട് / Instagram

ബോളിവുഡ് താരവും ബി.ജെ.പി എം.പി.യുമായ കങ്കണ റണൗട്ടിനെ മര്‍ദിച്ച വനിത സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച ചണ്ഡീഗഢ് വിമാനത്താവളത്തില്‍വെച്ചാണ് കങ്കണയ്ക്ക് കുല്‍വീന്ദര്‍ കൗര്‍ എന്ന കോണ്‍സ്റ്റബിളിന്റെ മര്‍ദനമേല്‍ക്കുന്നത്. നിമിഷങ്ങള്‍ക്കിടയില്‍ അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്വന്തം മണ്ഡലമായ മണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരികെ വരികയായിരുന്നു കങ്കണ. 

സസ്‌പെന്‍ഷനൊപ്പം കുല്‍വീന്ദറിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുമുണ്ട്. വിമാനത്താവളത്തിലെ സുരക്ഷയുടെ ചുമതലയുള്ള സി.ഐ.എസ്.എഫും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. 

2009-ല്‍ സി.ഐ.എസ്.എഫില്‍ നിയമിതയായ കുല്‍വീന്ദര്‍, 2021 മുതലാണ് ചണ്ഡിഗഡ് വിമാനത്താവളത്തിലെ സുരക്ഷാസേനയുടെ ഒപ്പം ചേര്‍ന്നത്. പഞ്ചാബില്‍നിന്നുള്ള ഈ വനിതാ കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവും, സി.ഐ.എസ്.എഫില്‍ ജോലിചെയ്യുകയാണ്. ഇത്രയും കാലത്തെ ജോലിക്കിടയില്‍, ഒരു പരാതി പോലും ഇവര്‍ക്കെതിരെ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

എന്താണ് പ്രകോപനം?
കര്‍ഷകകുടുംബത്തില്‍നിന്നുള്ള കുല്‍വീന്ദറിന്റെ അമ്മയും സഹോദരനുമെല്ലാം ഇപ്പോഴും കൃഷി ചെയ്താണ് ജീവിക്കുന്നത്. സഹോദരന്‍ ഷേര്‍ ഷിങ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി കൂടിയാണ്. കര്‍ഷകര്‍ക്കെതിരെ കങ്കണ നടത്തിയ പരാമര്‍ശമാണ് അവരെ ചൊടിപ്പിച്ചത്. 

കുല്‍വീന്ദറിന്റെ വിശദീകരണമിങ്ങനെ, ''2020-21 കാലത്ത് കര്‍ഷകര്‍ നടത്തിയ സമരത്തില്‍ എന്റെ അമ്മയും പങ്കെടുത്തിരുന്നു. ആ സമരം നടക്കുന്നതിനിടയില്‍ ഡിസംബറില്‍ കങ്കണ കര്‍ഷകരെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു. 100 രൂപയ്ക്കുവേണ്ടിയാണ് കര്‍ഷകര്‍ ഇങ്ങനെ സമരത്തിന്റെ പേരും പറഞ്ഞ് കുത്തിയിരിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഇതൊരിക്കലും അംഗീകരിക്കാന്‍ പറ്റില്ല''. 

സംഭവത്തിനുശേഷം, ഞെട്ടിക്കുന്ന തരത്തില്‍ പഞ്ചാബില്‍ അക്രമവും തീവ്രവാദവും കൂടുന്നു എന്ന് കാപ്ഷനിട്ടുകൊണ്ട് കങ്കണ ഒരു വീഡിയോ പുറത്തുവിട്ടു. അതില്‍ അവര്‍ പറയുന്നതിങ്ങനെ, ''സെക്യൂരിറ്റി ചെക്കിന്‍ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു ഞാന്‍. അപ്പോഴാണ് ആ സ്ത്രീ അടുത്തേക്ക് വന്നത്. എന്റെ മുഖത്തിടിച്ചശേഷം, ചീത്തവിളിക്കാന്‍ തുടങ്ങി. എന്തിനാണിത് ചെയ്തതെന്ന് ഞാനവരോട് ചോദിച്ചു. താന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നുവെന്നാണ് അതിന് മറുപടി പറഞ്ഞത്''. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ചതിനാല്‍, ഈ വീഡിയോയ്‌ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നു. ഒടുവില്‍ കങ്കണ അത് ഇന്‍സ്റ്റഗ്രാമില്‍നിന്ന് പിന്‍വലിക്കുകയും ചെയ്തു. 


 

Content Highlights: bisf constable slapped kankana ranaut, reason behind it