കണ്‍മുന്നിലൂടെ മരണത്തിലേക്ക് പോയ കുഞ്ഞിനായി, ആ അച്ഛനമ്മമാര്‍ ചെയ്തത്...

കടപ്പാട്: facebook: kaylee maassey
കടപ്പാട്: facebook: kaylee maassey

മരിക്കുമ്പോള്‍ ഒന്നേകാല്‍ വയസ്സേ ഉണ്ടായിരുന്നുള്ളൂ അവരുടെ പോപ്പിക്കുഞ്ഞിന്‌. അമേരിക്കക്കാരായ കെയ്‌ലി-ജാക്ക് മാസെ ദമ്പതിമാരുടെ മനസ്സിലപ്പോള്‍ മറ്റൊന്നുമുണ്ടായിരുന്നില്ല, തങ്ങളുടെ കുഞ്ഞിന്റെ സ്മാരകമായി എന്തെങ്കിലും വീട്ടില്‍ തന്നെ ഉണ്ടാവണമെന്നേ അവര്‍ ആഗ്രഹിച്ചുള്ളൂ. അതവരെ എത്തിച്ചത് പുതുമയുള്ള ഒരു സംഭവത്തിലേക്കും. 

റോസി, പീറ്റര്‍ എന്നീ കുഞ്ഞുങ്ങള്‍ക്കുശേഷം മൂന്നാമതായി കെയ്‌ലിക്കും ജേക്കിനും ജനിച്ച കുഞ്ഞിന് അവര്‍ പോപ്പി എന്ന് പേരിട്ടു. 'ജനിച്ചുവീഴുമ്പോള്‍ അവളൊരു മാലാഖയെ പോലായിരുന്നു. ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവള്‍. നാല് മാസമായപ്പോഴാണ് ഞങ്ങള്‍ അക്കാര്യം ശ്രദ്ധിക്കുന്നത്. അവളുടെ കാഴ്ചയ്‌ക്കെന്തോ പ്രശ്‌നമുണ്ട്. ഞങ്ങള്‍ പല ഡോക്ടര്‍മാരെയും കാണിച്ചു. പരിശോധനകളെല്ലാം നടത്തി. ഒടുവില്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് തലച്ചോറിന്റെ എം.ആര്‍.ഐ എടുക്കുന്നത്. തലച്ചോറിന്റെ ഒരു ഭാഗം ശരിയായി വികസിച്ചിട്ടില്ലെന്നാണ് ആദ്യം പറഞ്ഞത്. അപ്പോഴും കൃത്യമായി എന്താണെന്ന് പറയാന്‍ ആര്‍ക്കും പറ്റുന്നില്ല. പിന്നെയും പരിശോധനകള്‍. അവസാനം കുറേ ജനിതകപരിശോധനകള്‍. അതിലാണ് അവള്‍ക്ക് ടി.ബി.സി.ഡി എന്ന അപൂര്‍വ അസുഖമാണെന്ന് അറിയുന്നത്. ലോകത്ത് ഈ അസുഖം ബാധിക്കുന്ന 38-ാമത്തെ കുഞ്ഞായിരുന്നത്രേ അവള്‍. അവളെ പരിശോധിച്ച പല ഡോക്ടര്‍മാരും അപ്പോഴാണ് ആ അസുഖത്തെ കുറിച്ച് അറിയുന്നതുപോലും'', ജേക്ക് പറയുന്നു.  

അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസുഖമായിരുന്നു പോപ്പിക്ക്. ടി.ബി.സി.ഡി എന്ന ജനിതകസംബന്ധമായ രോഗം. അങ്ങനെയുള്ള കുഞ്ഞുങ്ങളില്‍ സാധാരണയായുള്ള വളര്‍ച്ചകളൊന്നുമുണ്ടാവില്ല. അവരുടെ മസിലുകള്‍ വളരെ ദുര്‍ബലമായിരിക്കും.

മാസങ്ങള്‍ കടന്നുപോയി. അവളുടെ ഒന്നാം പിറന്നാളൊക്കെ അവര്‍ വിപുലമായി ആഘോഷിച്ചു. ഒരുദിവസം പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം പോലെ വന്നു. വീണ്ടും ആസ്പത്രിയിലേക്ക്. അവള്‍ക്ക് ശ്വസിക്കാന്‍ നല്ല ബുദ്ധിമുട്ടുള്ളതുപോലെ. കുഞ്ഞിന് ന്യുമോണിയയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പോപ്പി അപ്പോഴേക്കും ഒരുപാട് ക്ഷീണിച്ചിരുന്നു. ഈ അസുഖമുള്ള കുഞ്ഞുങ്ങള്‍ക്ക് ന്യുമോണിയ ഉണ്ടാവാറുണ്ടെന്നും അത് സുഖപ്പെട്ട് അവര്‍ വീട്ടിലേക്ക് തിരിച്ചുപോവാറുണ്ടെന്നുമൊക്കെ അവര്‍ പലരില്‍നിന്നായി അറിഞ്ഞു. അതേ പ്രതീക്ഷയിലായിരുന്നു പോപ്പിയുടെ അമ്മയും അച്ഛനും. 

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കുഞ്ഞിനെ ഐ.സി.യു.വിലേക്ക് മാറ്റുകയാണെന്ന് ഡോക്ടര്‍മാര്‍ അവരെ അറിയിച്ചു. ''അങ്ങോട്ട് മാറ്റിയപ്പോള്‍ ഞങ്ങള്‍ പോയി നോക്കി. അവള്‍ കണ്ണുകള്‍ തുറന്നൊന്ന് ഞങ്ങളെ നോക്കി. അങ്ങനെ തന്നെ അത് അടഞ്ഞുപോവുകയും ചെയ്തു. പെട്ടെന്ന് ഡോക്ടര്‍മാര്‍ വന്ന് സി.പി.ആര്‍ കൊടുത്തു. അവള്‍ മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു...''. അവരുടെ കണ്‍മുന്നിലൂടെയായിരുന്നു പോപ്പി മരണത്തിലേക്ക് പോയത്. 

കുഞ്ഞിന്റെ ദേഹം എന്ത് ചെയ്യണമെന്ന് എല്ലാവരും ചോദിച്ചപ്പോള്‍, ദഹിപ്പിച്ചശേഷം ആ ചിതാഭസ്മം വീട്ടില്‍ വെക്കാമെന്നാണ് അവരാദ്യം ആലോചിച്ചത്. ''പക്ഷേ പോപ്പിയുടെ ചേട്ടനും ചേച്ചിയും വീട്ടിലുണ്ട്. കളിക്കുന്നതിനിടയില്‍ അതെങ്ങാനും താഴെ വീണ് പൊട്ടിയാലോ''. അപ്പോഴാണ് പാര്‍ട്ടിങ് സ്റ്റോണ്‍ എന്ന പുതിയ ആശയത്തെക്കുറിച്ച് അവര്‍ അറിയുന്നത്. ചിതാഭസ്മം ചില പ്രക്രിയകളിലൂടെ കടത്തിവിട്ട് കല്ലുകളാക്കി മാറ്റുന്നതാണത്. അതുതന്നെ തിരഞ്ഞെടുത്തു. കുറച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടുള്ള ഒരുദിവസം. അവരുടെ കൈയിലേക്ക് മനോഹരമായ ബോക്‌സ് കിട്ടി. അതിലൊരു കത്തും കുറേ ചെറിയ ബാഗുകളും. പതുക്കെ തുറന്നപ്പോഴേക്കും ഭംഗിയുള്ള കുറേ കല്ലുകള്‍. വെള്ളയില്‍ നേര്‍ത്ത മഞ്ഞ കലര്‍ന്ന കല്ലുകള്‍...ഇപ്പോഴും പോപ്പി അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും ഓര്‍മകളിലൂടെ ജീവിക്കുകയാണ്.

Content Highlights: baby's ashes into parting stones