ആര്യൻ ഖാൻ പുതപ്പിൽ പൊതിഞ്ഞ് തന്നെയും സുഹാനയേയും സ്റ്റെയർകേസിൽ നിന്ന് തള്ളിയിട്ടെന്ന് ഷനായ

ഷാരൂഖ് ഖാന്റെ മക്കളായ ആര്യൻ ഖാനും സുഹാന ഖാനും സഞ്ജയ് കപൂറിന്റെ മകളായ ഷനായ കപൂറും അടുത്ത സുഹൃത്തുക്കളാണ്. ചെറുപ്പംതൊട്ടേ ഒന്നിച്ച് കളിച്ചുവളർന്നവർ. ഒരിക്കൽ ആര്യൻ ഖാൻ തങ്ങളോട് ചെയ്ത ഞെട്ടിക്കുന്ന പ്രവർത്തിയെപ്പറ്റി തുറന്നുപറയുകയാണ് ഷനായയിപ്പോൾ. പുതപ്പിൽ പൊതിഞ്ഞ് തന്നെയും സുഹാനയേയും ആര്യൻ സ്റ്റെപ്പുകളിൽ നിന്ന് ഉരുട്ടി താഴേക്കിടുകയായിരുന്നെന്ന് ഷനായ ഓർക്കുന്നു.
ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെ സുഹാന, ഷനായയ്ക്ക് അയച്ച ഒരു വോയിസ് നോട്ടാണ് ഈ സംഭാഷണത്തിലേക്ക് വഴിതിരിച്ചത്. വോയിസ് നോട്ടിൽ, ഷനായയുടെ ‘തു യാ മേം’ എന്ന ഏറ്റവും പുതിയ ചിത്രത്തെ അനുമോദിച്ച സുഹാന, ഒരു പുതപ്പിനുള്ളിൽ തന്നോടൊപ്പം സ്റ്റെപ്പുകളിൽ നിന്ന് താഴേക്ക് ഉരുണ്ടുവീണ പെൺകുട്ടിയാണിതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു.
സുഹാന സൂചിപ്പിച്ച സംഭവം വിശദീകരിക്കാൻ അവതാരകൻ ആവശ്യപ്പെട്ടപ്പോൾ ഷനായ ആ സംഭവം വിശദീകരിച്ചു. "ആര്യൻ രൂപകൽപ്പന ചെയ്ത റോളർ കോസ്റ്റർ യാത്രയായിരുന്നു അത്. അവനെപ്പോഴും ഞങ്ങൾ മൂന്ന് പെൺകുട്ടികളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഞാനും സുഹാനയും അവൻ പറഞ്ഞതൊക്കെ കേട്ടു. ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച റോളർ കോസ്റ്റർ ആയിരിക്കുമെന്നാണ് അവൻ ഞങ്ങളോട് പറഞ്ഞത്."
“ഹെൽമെറ്റ് ഇടണം, ഞാൻ നിങ്ങളെ പുതപ്പിൽ പൊതിയും, സ്റ്റെപ്പുകളിൽ നിന്ന് താഴേക്ക് ഒരു തള്ള് തരും, അപ്പോൾ ഒരു മാന്ത്രിക പരവതാനിയിൽ പറക്കുന്നതായി തോന്നും. ഇത് ജീവിതത്തിലെ ഏറ്റവും നല്ല യാത്രയായിരിക്കുമെന്ന് ഞങ്ങൾ കരുതി, ഒരു തീം പാർക്കിൽ പോകേണ്ടതില്ലെന്നും ഞങ്ങൾക്ക് തോന്നി. പക്ഷേ, അത് നന്നായിപ്പോയില്ല. വളരെ വേദനാജനകമായിരുന്നു. ഭാഗ്യവശാൽ ഞങ്ങൾ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു” ഷനായ കൂട്ടിച്ചേർത്തു. സുഹാന, ആര്യൻ, നവ്യ നവേലി, അനന്യ പാണ്ഡെ എന്നിവർ ബാല്യകാല സുഹൃത്തുക്കളാണ്. അവർ തനിക്ക് കുടുംബമാണെന്നാണ് ഷനായ പറയുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shanaya Kapoor reveals a painful childhood memory where Aryan Khan pushed her & Suhana Khan down the stairs, mistaking it for a roller coaster ride. Read the shocking details!