മോദി അധികാരത്തിൽ വന്നപ്പോൾ ഈ കുഞ്ഞുങ്ങൾക്ക് രണ്ടും ആറുമൊക്കെയായിരുന്നു പ്രായം- അനുരാഗ് കശ്യപ്

അനുരാ​ഗ് കശ്യപ് | PTI
അനുരാ​ഗ് കശ്യപ് | PTI

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയി‍ൽ വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം രാജ്യത്താകെ കത്തിപ്പടരുകയാണ്. കോക്ക്റോച്ച് ജനതാ പാർട്ടി (CJP) യുടെ നേതൃത്വത്തിലുള്ള സമരത്തിന് രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തു നിന്നുള്ള ഒട്ടേറെപ്പേരാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ഇൻസ്റ്റാഗ്രാമിൽ പ്രതിഷേധത്തെ പിന്തുണച്ച് ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. "പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയ കുട്ടികളെക്കുറിച്ച് അവർക്ക് മനസ്സിലാകാത്തത്, പ്രധാനമന്ത്രി അധികാരത്തിൽ വന്നപ്പോൾ ഇവർക്ക് 2-6 വയസ്സായിരുന്നു. അവർ കണ്ടത് കോൺഗ്രസ് മുക്ത ഭാരതമായിരുന്നു, അതിൽ അവർ മടുത്തു. അവർക്ക് മറുപടി വേണം, യഥാർത്ഥത്തിൽ അവർക്കത് വേണം. ഇത്തവണ മറ്റൊരാളെ അധിക്ഷേപിച്ച് നിങ്ങൾക്ക് രക്ഷപ്പെടാനാവില്ല. ഈ കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും വോട്ട് ചെയ്യാനുമുള്ള സമയമായി."

നേരത്തെ, വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെ വിമർശിച്ചും അനുരാഗ് രംഗത്തെത്തിയിരുന്നു. "പോലീസ് യൂണിഫോം ധരിക്കാൻ നിങ്ങൾക്ക് ആത്മാവ്, മനസ്സ്, എല്ലാം വിൽക്കേണ്ടി വരുന്നു. അത് എനിക്ക് അറിയുമായിരുന്നില്ല. ‘ഈ ഉത്തരവ് പാലിക്കില്ല, കാരണം ഇത് തെറ്റാണ്?’ -എന്നു പറയാൻ ഈ രാജ്യത്ത് ഏതെങ്കിലും ഒരു പോലീസുകാരന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, വിദ്യാർഥികളെ ഇത്രയും ക്രൂരമായി ആക്രമിച്ചിട്ടും പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാത്തതിന് വിരാട് കോഹ്‌ലി, അനുഷ്ക ശർമ, നടൻ മാധവൻ തുടങ്ങി ഒട്ടേറെ പ്രമുഖർ വിമർശനം നേരിടുന്നുണ്ട്. ശബാന അസ്മി, പ്രകാശ് രാജ്, സ്വര ഭാസ്കർ, കുനാൽ കമ്ര, സോനു സൂദ്, വീർ ദാസ്, ദിയ മിർസ, സോഹ അലി ഖാൻ, റിതേഷ് ദേശ്മുഖ്, ജെനീലിയ, ഭൂമി പഡ്നേകർ, ഹുമ ഖുറേഷി, നന്ദിത ദാസ്, ദിൽജിത് ദോസാഞ്ജ്, കരൺ കുന്ദ്ര തുടങ്ങി ഒട്ടേറെപ്പേർ ഇതുവരെ വിദ്യാർഥികളെ അനുകൂലിച്ച് രംഗത്തെത്തി. ടൊവിനോ തോമസ്, വിസ്മയ മോഹൻലാൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും പ്രതിഷേധമറിയിച്ചിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anurag Kashyap, student protest Delhi, CJP protest, education sector irregularities, Chalo Sansad, NEET paper leak