എട്ടുവർഷം തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്തു, വിശ്രമമില്ലാതെ സിനിമയ്ക്കായി അധ്വാനിച്ച കാലം: അമല അക്കിനേനി

അമല അക്കിനേനി/Mbi
അമല അക്കിനേനി/Mbi

1980-കളിലും 1990-കളിലും തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന നായികയാണ് അമല അക്കിനേനി. മലയാളത്തിൽ ഫാസിൽ സംവിധാനം ചെയ്ത 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തിലെ മായ വിനോദിനിയും കമലിന്റെ 'ഉള്ളടക്ക'ത്തിലെ രേഷ്മയും ഇന്നും പ്രേക്ഷകരുടെ ഓർമയിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഒരുപോലെ തിളങ്ങിയ അമലയുടെ സിനിമാജീവിതം തിരക്കേറിയതായിരുന്നു. അഭിനയത്തോടൊപ്പം മൃഗസംരക്ഷണ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും സജീവമായ താരം ഇപ്പോൾ തന്റെ പഴയകാല സിനിമാനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. സിനിമാ മേഖലയിൽ ജോലി സമയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ്, തന്റെ കഠിനാധ്വാനത്തിന്റെ കാലത്തെപ്പറ്റി അവർ ഓർത്തെടുത്തത്. തുടർച്ചയായി എട്ടുവർഷം വിശ്രമമില്ലാതെ ദിവസവും 12 മണിക്കൂർ വീതം ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. കേബിൾ ടിവിയുടെ വരവോടെ തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ വരവ് കുറഞ്ഞ കാലത്തായിരുന്നു അത്. സിനിമകളുടെ ബജറ്റ് വെട്ടിക്കുറയ്ക്കുകയും ചിത്രീകരണം വേഗത്തിൽ പൂർത്തിയാക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെ തിരക്കേറിയ ഷെഡ്യൂളുകളിലാണ് അന്ന് ജോലി ചെയ്തിരുന്നതെന്നും അമല പറഞ്ഞു.

1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും തെന്നിന്ത്യൻ സിനിമയിലും ഹിന്ദി സിനിമയിലും സജീവമായിരുന്നു അമല. തമിഴ് സിനിമയിൽ തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് താരം പഴയകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചത്. “തമിഴ് സിനിമയെ അമ്മയെപ്പോലെയാണ് കാണുന്നത്. ആ കാലഘട്ടത്തിൽ കഴിവുറ്റ ഒട്ടേറെ സാങ്കേതിക പ്രവർത്തകർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണ്”. ഗലാട്ടയുടെ യൂട്യൂബ് ചാനലിൽ നടി മഹേശ്വരിയുമായുള്ള സംഭാഷണത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമയുടെ ഉത്തരവാദിത്വം അഭിനേതാക്കളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അതിൽ പങ്കുണ്ടെന്നും അമല ഓർമിപ്പിച്ചു. "ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തി സിനിമയ്ക്ക് ആവശ്യമായ രീതിയിൽ കഠിനാധ്വാനം ചെയ്യുക എന്നതിനായിരുന്നു ഞാൻ പ്രാധാന്യം നൽകിയത്. അക്കാലത്ത് രാവിലെ ഏഴുമണിക്ക് വീട്ടിൽനിന്നിറങ്ങി ടി.നഗറിലെ ലൊക്കേഷനിലെത്തുമായിരുന്നു. അന്ന് അവിടെയെത്താൻ ഒരു മണിക്കൂറെടുക്കും. രാവിലെ എട്ടുമണിയോടെ ലൊക്കേഷനിലെത്തി തയ്യാറായി ഒൻപത് മണിക്ക് ആദ്യ ഷോട്ട് നൽകും. രാത്രി ഒൻപത് മണിയോടെ പാക്കപ്പ്. വീട്ടിലെത്തി പത്തുമണിക്കുശേഷം ഉറക്കം. ഇങ്ങനെയായിരുന്നു തുടർച്ചയായ എട്ടുവർഷത്തെ എന്റെ ജീവിതം. വിശ്രമമില്ലാതെ അത്രയും കഠിനമായി ജോലി ചെയ്തു. അന്ന് ജോലി സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയായിരുന്നില്ല. മറ്റൊരു ഷിഫ്റ്റ് കൂടി തിരഞ്ഞെടുക്കാൻ പോലും സമയമുണ്ടായിരുന്നില്ല. കേബിൾ ടിവി പുതുതായി വന്ന കാലമായിരുന്നു അത്. ആളുകൾ തിയേറ്ററുകളിലേക്ക് വരാതെയായി. ഈ പ്രതിസന്ധി സിനിമകളുടെ ബജറ്റ് കുറയ്ക്കുന്നതിനും വേഗത്തിൽ ചിത്രീകരണം പൂർത്തിയാക്കുന്നതിനും കാരണമായി”, അമല പറഞ്ഞു.

1992-ലാണ് നടൻ നാഗാർജുനയെ അമല വിവാഹം കഴിക്കുന്നത്. പിന്നീട് മകൻ അഖിൽ അക്കിനേനി ജനിച്ചതിനുശേഷം അമല സിനിമയിൽനിന്ന് ഇടവേളയെടുത്തു. അഭിനയത്തിൽനിന്ന് മാറിനിന്നത് ഭർത്താവിന്റെയോ ഭർതൃപിതാവ് അക്കിനേനി നാഗേശ്വര റാവുവിന്റെയോ നിർബന്ധം കൊണ്ടല്ലെന്നും അഭിനയത്തിനപ്പുറം മറ്റ് കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹം കൊണ്ടായിരുന്നുവെന്നും താരം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 1992-ൽ ഹൈദരാബാദിൽ ബ്ലൂ ക്രോസ് എന്ന സംഘടനയുടെ സഹസ്ഥാപകയായി. അന്നപൂർണ കോളേജ് ഓഫ് ഫിലിം ആൻഡ് മീഡിയയുടെ ഡയറക്ടറായും പ്രവർത്തിക്കുന്നു. 2023-ൽ പുറത്തിറങ്ങിയ 'തുംസേ നാ ഹോ പായേഗ' ആണ് അമലയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi