24-ാം വയസ്സിൽ മൂന്നുകുട്ടികളുടെ അമ്മ; 'ഇക്കാര്യത്തിൽ അംഗീകാരം ലഭിക്കാൻ ആഗ്രഹിക്കുന്നില്ല'

'പുഷ്പ 2'ലെ 'കിസിക്' എന്ന പാട്ടിലെ ഐറ്റംഡാൻസോടെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ശ്രീലീല. ഡോക്ടറായ അമ്മയുടെ പാത പിന്തുടർന്ന് ഡോക്ടറാകണമെന്നായിരുന്നു ശ്രീലീലയുടെ ആഗ്രഹം. എം.ബി.ബി.എസ് പൂർത്തിയാക്കുകയും ചെയ്തു. അതിനിടയിലാണ് സിനിമയിലെത്തുന്നത്. ആദ്യം കന്നഡസിനിമയായ 'കിസ്സി'ൽ നായികയായി. 'ഗുണ്ടൂർ കാര'ത്തിൽ മഹേഷ് ബാബുവിന്റെ നായികയായതാണ് ശ്രീലീലയ്ക്ക് ബ്രേക്കാവുന്നത്. സിനിമ പരാജയപ്പെട്ടെങ്കിലും, താരത്തിന്റെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. നാലുവർഷം കൊണ്ടുതന്നെ തെലുഗു-കന്നഡ സിനിമയിൽ ഒരിടം കണ്ടെത്താൻ കഴിഞ്ഞു അവർക്ക്.
'പുഷ്പ 2'ലെ ഐറ്റംഡാൻസിനുശേഷം ഒട്ടേറെ അവസരങ്ങളാണ് ശ്രീലീലയെ തേടിയെത്തിയത്. കാർത്തിക് ആര്യൻ, ഇബ്രാഹിം അലി ഖാൻ എന്നിവർക്കൊപ്പമുള്ള സിനിമകളിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ പരാശക്തി, ഉസ്താദ് ഭഗത് സിങ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. കരിയറിനൊപ്പം തന്നെ സ്വകാര്യജീവിതവും കൊണ്ടുപോവുകയാണ് താരം.
24-ാം വയസ്സിൽ തന്നെ മൂന്നുകുട്ടികളുടെ അമ്മയാണ് ശ്രീലീല. 21-ാം വയസ്സിലാണ് ഭിന്നശേഷിക്കാരായ രണ്ടുകുട്ടികളെ ദത്തെടുത്തത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിനെ കൂടി ദത്തെടുത്തു. അമ്മയായുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് അവരിപ്പോൾ. എങ്ങനെയാണ് കരിയറും മാതൃത്വവും ഒരുമിച്ച് കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് ശ്രീലീല മറുപടി നൽകിയതിങ്ങനെ, ''പൊതുപ്രവർത്തകർ ചെയ്യുന്ന ഏത് നല്ല കാര്യവും ഊതിപ്പെരുപ്പിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ആ ഭാഗം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നത്''.
കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നതെങ്ങനെയെന്നും അവർ വെളിപ്പെടുത്തുന്നു. ''കിസ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. 2019-ലാണത്. അതിനിടെ സിനിമയുടെ സംവിധായകൻ എന്നെ ഒരു ആശ്രമത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. അവിടെയാണ് ആ കുട്ടികൾ താമസിച്ചിരുന്നത്. കുഞ്ഞുങ്ങളെ കണ്ടശേഷം ഞാൻ അവരുമായി ഫോണിൽ സംസാരിക്കാൻ തുടങ്ങി, ഇടയ്ക്കിടെ അവരെ കാണാൻ പോയി. കുറച്ചുകാലം അത് രഹസ്യമായി വെച്ചു. അതുകഴിഞ്ഞ് ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാൻ ഇതിനെക്കുറിച്ച് തുറന്നുസംസാരിക്കണമെന്ന് സ്ഥാപനം ആഗ്രഹിച്ചു. ഇക്കാര്യത്തിൽ എനിക്ക് അംഗീകാരം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ആളുകൾ ആ ദിശയിലേക്ക് നോക്കിത്തുടങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു''. 'മാതൃസഹജമായ ബോധം' തന്നിൽ വളരെ ശക്തമാണെന്നും ശ്രീലീല അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 2022-ലാണ് ഗുരു, ശോഭിത എന്നീ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത്. 2025-ൽ അടുത്ത കുഞ്ഞിനെയും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Sreeleela`s journey from MBBS to stardom in Telugu & Kannada cinema, balancing a successful career with being a young mother to three adopted children