സെലീനയെ ഡേറ്റ് ചെയ്യുമ്പോൾ മറ്റൊരു സ്ത്രീയുമായി ബന്ധം; കാർഡുകൾ കൈക്കലാക്കി ഭർത്താവ്‌

സെലീന ജെയ്റ്റ്‌ലിയും പീറ്റർ ഹാഗും / UNI, GettyImages
സെലീന ജെയ്റ്റ്‌ലിയും പീറ്റർ ഹാഗും / UNI, GettyImages

ഭർത്താവിനെതിരെ ഗാർഹികപീഡനത്തിന് കേസ് കൊടുത്ത് മോഡലും നടിയുമായ സെലീന ജെയ്റ്റ്‌ലി. ഓസ്ട്രിയൻ സ്വദേശിയായ പീറ്റർ ഹാഗിനെതിരെയാണ് മുംബൈ അന്ധേരിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനുമുന്നാലെ കേസ് കൊടുത്തത്. നഷ്ടപരിഹാരമായി 50 കോടി രൂപ സെലീന ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

ഓസ്ട്രിയയിൽ പിതാവിനൊപ്പം താമസിക്കുന്ന കുട്ടികളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്നും ജീവനാംശമായി പ്രതിമാസം 10 ലക്ഷം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. പീറ്ററിൽനിന്ന് വൈകാരികവും, ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടിവന്നുവെന്നും സെലീന ആരോപിക്കുന്നുണ്ട്. സെലീനയും പീറ്ററും ഡേറ്റ് ചെയ്യുമ്പോൾ തന്നെ മറ്റൊരു സ്ത്രീയുമായി പീറ്റർ ലിവ് ഇൻ റിലേഷനിലായിരുന്നുവെന്നും അത് പിന്നീടാണ് സെലീന അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. സെലീനയുടെ കൈയിലുള്ള എല്ലാ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും പീറ്റർ വാങ്ങിച്ചെടുത്തുവെന്നും അവരുടെ വക്കീൽ വിശദീകരിക്കുന്നു.

ഓസ്ട്രിയയിൽ വ്യവസായിയാണ് പീറ്റർ. 2011-ലാണ് പീറ്ററും സെലീനയും വിവാഹിതരാവുന്നത്. ഓസ്ട്രിയയിലെ 1000 വർഷത്തോളം പഴക്കമുള്ള പള്ളിയിൽവെച്ചായിരുന്നു ചടങ്ങുകൾ. 2012-ൽ അവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു. 2017-ൽ വീണ്ടും ഇരട്ടക്കുട്ടികൾ ജനിച്ചെങ്കിലും, അതിലൊരു കുഞ്ഞ് ഹൃദയസംബന്ധമായ അസുഖങ്ങളാൽ മരിച്ചു.

ദുബായിൽവെച്ച് കണ്ടുമുട്ടൽ
ദുബായിൽവെച്ചാണ് സെലീനയും പീറ്ററും ആദ്യമായി കണ്ടുമുട്ടുന്നത്. ''ആദ്യമായി കണ്ടപ്പോൾ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. പക്ഷേ ഒരു കറുത്ത സ്യൂട്ടും ധരിച്ച് പീറ്റർ അകത്തേക്ക് കയറിയപ്പോൾ തന്നെ എനിക്കൊരു കാര്യം മനസ്സിലായി. ഞാനത് മനസ്സിൽ പറയുകയും ചെയ്തു, 'ഇതാ വരുന്നു എന്റെ ഭർത്താവ്'. തൊട്ടടുത്ത നിമിഷം തന്നെ എനിക്ക് ഭ്രാന്താണെന്ന് തോന്നി. പക്ഷേ പിന്നീടാണ് പീറ്റർ പറയുന്നത്, അദ്ദേഹത്തിനും അതേ ചിന്തയായിരുന്നുവെന്ന്. ലവ് അറ്റ് ഫസ്റ്റ് സൈറ്റിൽ ഞാൻ വിശ്വസിക്കുന്നില്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയുകയുമില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, ലോകത്തിന്റെ ഏത് കോണിൽ ജീവിച്ചാലും സോൾ മേറ്റ്‌സ് തമ്മിൽ പെട്ടെന്ന് തിരിച്ചറിയും'', സെലീന ഒരിക്കൽ പറഞ്ഞതിങ്ങനെ.

2010-ൽ സെലീനയുടെ മാതാപിതാക്കളെ കാണാനും പരിചയപ്പെടാനുമായി പീറ്റർ ഇന്ത്യയിലെത്തി. ''അതുകഴിഞ്ഞ് ഞങ്ങൾ പുറത്തുപോയി. സാരി ധരിച്ച് വരണമെന്നാണ് പീറ്റർ എന്നോട് പറഞ്ഞത്. ആ യാത്രയിൽ ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ട ഒരു സ്ഥലത്തുവെച്ച് പീറ്റർ എന്നോട് വിവാഹാഭ്യർഥന നടത്തി. സെപ്റ്റംബറിൽ ഞങ്ങൾ എൻഗേജ്ഡ് ആയി''. ഒരുവർഷത്തിനുള്ളിൽ വിവാഹവും.

തനിക്ക് ഒരുകാലത്ത് വിഷാദരോഗമുണ്ടായിരുന്നുവെന്ന് സെലീന ഒരിക്കൽ തുറന്നുപറഞ്ഞു. ''ദുബായിലായിരുന്നു അന്ന് താമസം. പീറ്റർ ജോലി ചെയ്തിരുന്നതും അവിടെ തന്നെ. പക്ഷേ, എന്റെ ചികിത്സയ്ക്കായി ദുബായ് വിടണമെന്ന ഘട്ടം വന്നു. ജോലി ഉപേക്ഷിച്ചാണ് പീറ്റർ എനിക്കൊപ്പം വന്നത്''. നോ എൻട്രി, അപ്‌നാ സപ്‌നാ മണി മണി, ഗോൽമാൽ റിട്ടേൺസ്, താങ്ക് യൂ എന്നിവയാണ് സെലീന അഭിനയിച്ച പ്രധാനസിനിമകൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress celina Jaitly files domestic violence case against husband Peter Haag in Mumbai, demanding Rs 50 crore alimony, child custody, and monthly maintenance