ആ സംഭവത്തോടെ മാധവൻ അഭിനയം നിർത്താൻ തീരുമാനിച്ചു; മൂന്നുവർഷത്തോളം മാറിനിന്നു

ആർ.മാധവൻ / AFP
ആർ.മാധവൻ / AFP

തന്റെ അടുത്ത ചിത്രമായ 'ദേ ദേ പ്യാർ ദേ 2'-ന്റെ പ്രൊമോഷൻപരിപാടികളുമായി തിരക്കിലാണ് നടൻ ആർ.മാധവൻ. സിനിമയിൽ അജയ് ദേവ്ഗൺ, രാകുൽ പ്രീത് സിങ്, മീസാൻ ജഫ്രി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഈയിടെ ഒരു പരിപാടിക്കിടെ തന്റെ ഒരു വലിയ പ്രശ്‌നത്തെക്കുറിച്ചുള്ള മാധവന്റെ തുറന്നുപറച്ചിൽ ചർച്ചയാവുകയാണ്.

സിനിമാ സെറ്റുകളിലെത്തുമ്പോഴുണ്ടാകുന്ന തന്റെ ഉത്കണ്ഠയെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഓരോ സിനിമ കഴിയുന്തോറും ഈ ഭയം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ''ഇപ്പോൾ ഞാൻ സെറ്റിൽ പോകുമ്പോഴെല്ലാം, എനിക്ക് അവിശ്വസനീയമാംവിധം ഭയമാണ്. ആദ്യ ദിവസം തന്നെ എല്ലാവരും എന്നെ നോക്കി എന്തൊക്കെയോ ചിന്തിക്കുന്നത് പോലെ തോന്നും. 'എല്ലാം കഴിഞ്ഞു, മാഡി കഴിഞ്ഞു, അവനിനി അഭിനയിക്കാൻ കഴിയില്ല', എന്നാണ് അവർ ചിന്തിക്കുന്നതെന്ന് എനിക്ക് തോന്നും. ഓരോ സിനിമ കഴിയുമ്പോഴും ഇത് കൂടുതൽ വഷളാകുന്നു. ഇടയ്ക്ക് തോന്നും എന്റെ അസിസ്റ്റൻഡ്‌സ് ഇതുകണ്ട് 'മറ്റൊരാൾ വരേണ്ട സമയമായി, ഇയാൾക്ക് ഒന്നും അറിയില്ല' എന്ന് മനസ്സിൽ പറയുമെന്ന്. ഇതൊക്കെ എന്റെ തോന്നലുകളാണ്. ഓരോ സിനിമ കഴിയുമ്പോഴും ആ ഭയം വർധിക്കുന്നു''.

ചെയ്യുന്ന ജോലിയിൽ നിരാശ തോന്നിയതിനാൽ മൂന്നുവർഷം ഇടവേള എടുത്തതിനെക്കുറിച്ചും മാധവൻ മുമ്പ് സംസാരിച്ചിരുന്നു. അങ്ങനെയൊരു തീരുമാനമെടുക്കാനും കാരണമുണ്ടായിരുന്നു. ''സ്വിറ്റ്‌സർലൻഡിൽ ഒരു തമിഴ് ഗാനത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. ഓറഞ്ച് പാന്റും പച്ച ഷർട്ടും ധരിച്ച് ഞാൻ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുകയായിരുന്നു. റോഡിന്റെ നടുവിലായിരുന്നു നൃത്തം. ഒരു സ്വിസ് കർഷകൻ ഞങ്ങളെ ദേഷ്യത്തോടെ നോക്കി തലയാട്ടുന്നത് ഞാൻ കണ്ടു. ഞാൻ അയാളെ നോക്കി പറഞ്ഞു, 'ചെന്നൈയിലേക്ക് വരൂ, ഞാൻ ആരാണെന്ന് നിങ്ങൾക്ക് കാണിച്ചുതരാം.' എനിക്ക് ശരിക്കും വിഷമം തോന്നി. പക്ഷേ പെട്ടെന്ന് എനിക്ക് തെറ്റ് മനസ്സിലായി, ഞാൻ മറ്റുള്ളവരുടെ താളത്തിനൊത്ത് നടുറോഡിൽ നൃത്തം ചെയ്യുകയാണ്. സ്വന്തമായി തീരുമാനങ്ങളൊന്നുമില്ല. അതയാൾക്ക് ബുദ്ധിമുട്ടായിരിക്കാം. ഇതൊക്കെ ഓർത്തപ്പോൾ നിരാശ തോന്നി നിരാശ തോന്നി. അതുകൊണ്ടാണ് ഇടവേള എടുത്തത്''.

'ആപ് ജൈസാ കോയി' എന്ന സിനിമയാണ് മാധവന്റെ അവസാനത്തെ റിലീസ്. രൺവീർ സിങ്ങിന്റെ 'ദുരന്ധറി'ലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. 2026-ൽ സിനിമയിൽ 30 വർഷം തികയ്ക്കും മാധവൻ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor R. Madhavan reveals his intense set anxiety and the reason he considered quitting acting. Find out what prompted his three-year break and his struggles