1700 ലധികം വാക്കുകള്‍ പറയുന്ന പക്ഷി; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ പക്ക്

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

ചില ജീവിവര്‍ഗ്ഗങ്ങള്‍ തങ്ങളുടെ ബുദ്ധിശക്തികൊണ്ടും കഴിവുകള്‍ കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ സംസാരത്തെ അനുകരിക്കാന്‍ ശേഷിയുള്ളവരാണ് തത്തകള്‍, എങ്കിലും അത് ഒന്നോ രണ്ടോ വാക്കുകളായിരിക്കാം. എന്നാല്‍ 1700-ല്‍ പരം വാക്കുകള്‍ പറയുന്നൊരു തത്തയുണ്ട് കാലിഫോര്‍ണിയയില്‍. നീല നിറത്തിലുള്ള ആണ്‍ ബഡ്ജറിഗാറായ പക്ക് . സംസാരിക്കാനുള്ള കഴിവുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പക്ക്. പാട്ടുകള്‍ പാടാനും തന്റെ ഉടമയുടെ ശബ്ദം കൃത്യമായി അനുകരിക്കുവാനും ഇതിന് കഴിവുണ്ട്.

ഈ പക്ഷിക്കുഞ്ഞന് വെറുതേ വാക്കുകള്‍ പറയാന്‍ മാത്രമല്ല വിവിധ സന്ദര്‍ഭങ്ങളില്‍ അര്‍ഥവത്തായി സംസാരിക്കാനും കഴിഞ്ഞിരുന്നു. പക്കിന്റെ ഏറ്റവും പ്രിയപ്പെട്ട വാക്കുകള്‍ ' Give me a Kiss, What’s happening ഇവയൊക്കെയായിരുന്നു.

1728 വാക്കുകള്‍ അറിയാം എന്നുള്ള  അവിശ്വസനീയമായ കഴിവാണ് പക്കിന് 1995 ലെ ഗിന്നസ് റെക്കോര്‍ഡില്‍  ഇടം  നേടിക്കൊടുത്തത്. ആറ് മാസത്തോളം പക്ഷി വിദഗ്ധരും രണ്ട് മൃഗഡോക്ടര്‍മാരും ഉള്‍പ്പടെയുള്ള ഇരുപത്തിയൊന്നംഗ സംഘം വിവിധ സെഷനുകളില്‍ പക്ക് പറഞ്ഞ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും രേഖപ്പെടുത്തുകയും റെക്കോഡ് ചെയ്യുകയും ചെയ്തു.

അമേരിക്കന്‍ കേജ്-ബേര്‍ഡ് മാഗസിനും ബേര്‍ഡ് വേള്‍ഡും പറയുന്നതനുസരിച്ച്, മറ്റ് പക്ഷികളില്‍ നിന്ന് വ്യത്യസ്തമായി പക്കിന് യഥാര്‍ഥ ശൈലികളും വാക്യങ്ങളും രൂപപ്പെടുത്താനുളള കഴിവും ഉണ്ടായിരുന്നു. 1993 ലെ ഒരു ക്രിസ്മസ് രാവില്‍ കോഫി ടേബിളില്‍ കളിച്ചുകൊണ്ടിരുന്ന തന്റെ ഉടമയോട് ' ഇത് ക്രിസ്മസ് ആണെന്നും എല്ലാവരേയും ഞാന്‍ സ്നേഹിക്കുന്നു’വെന്നും പക്ക് പറഞ്ഞതായി ഉടമസ്ഥനായ കാമില്‍ ജോര്‍ദ്ദാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ശരിയായ സന്ദര്‍ഭത്തില്‍ ഭാഷ പ്രയോഗിക്കാൻ പക്കിന് കഴിവുണ്ടായിരുന്നെന്നും ഈ സന്ദര്‍ഭം വെളിവാക്കുന്നു.

കഴിവുകള്‍കൊണ്ട് ഏവരെയും അതിശയിപ്പിച്ച പക്ക് വളരെ കുറച്ചുകാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ എന്നത് ദുഃഖകരമാണ്. 1994 ഓഗസ്റ്റ് 25 ന് തന്റെ അഞ്ചാം വയസില്‍ ഗൊണാഡല്‍ ട്യൂമര്‍ ബാധിച്ചാണ് പക്ക് മരിക്കുന്നത്. ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും ആ പക്ഷിയുടെ കഥ എല്ലാ പക്ഷിപ്രേമികളെയും ആകര്‍ഷിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: A blue parrot from California made it to the Guinness World Records for its ability to speak over 1700 words. Learn more about this incredible bird.