'ഹൈഹീല്‍സില്‍ ഏകാധിപതിയെപ്പോലെ ചുറ്റിത്തിരിയുന്ന മേഗന്‍;പലരെയും കരയിപ്പിച്ചു'

മേഗന്‍ മാര്‍ക്കിള്‍ / ഫോട്ടോ: AFP
മേഗന്‍ മാര്‍ക്കിള്‍ / ഫോട്ടോ: AFP

2020-ല്‍ രാജകീയജീവിതത്തോട് വിടപറഞ്ഞ് പുറത്തുകടന്നതോടെ മേഗന്‍ മാര്‍ക്കിളും ഹാരി രാജകുമാരനും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കേറ്റ് രാജകുമാരിയും വില്യം രാജകുമാരനുമൊക്കെ മേഗനോടും ഹാരിയോടും മോശമായി പെരുമാറിയെന്ന് ഇരുവരും അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞു. അത് രാജകുടുംബത്തിനൊന്നടങ്കം അപമാനമായി മാറി. 

ഇപ്പോഴിതാ മേഗനെതിരെ സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അവരുടെ സ്റ്റാഫുകളിലൊരാള്‍. ''എല്ലാവര്‍ക്കും മേഗനെ പേടിയാണ്. അവര്‍ ആളുകളെ താഴ്ത്തിക്കെട്ടും. അവര്‍ ഉപദേങ്ങളെയൊക്കെ നിസ്സാരമായി തള്ളിക്കളയുകയും ചെയ്യും'', സ്റ്റാഫ് പറയുന്നു. 

തീരുമാനങ്ങളെടുക്കുന്നതില്‍ മേഗനും ഹാരിയും വളരെ പുറകിലാണെന്നും ഇരുവരും ഇടയ്ക്കിടെ തീരുമാനം മാറ്റിക്കൊണ്ടിരിക്കുമെന്നും സ്റ്റാഫ് പറയുന്നു.

ഹൈഹീല്‍സിലുള്ള ഏകാധിപതി എന്നാണ് മറ്റൊരു സ്റ്റാഫ് മേഗനെ വിശേഷിപ്പിക്കുന്നത്. ''ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ആളാണ് മേഗന്‍. ഹൈഹീല്‍സിട്ട് ഏകാധിപതിയെപ്പോലെ അവര്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കും. സ്റ്റാഫിലുള്‍പ്പെട്ട പുരുഷന്‍മാര്‍ വരെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്''. 

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സ്റ്റാഫുകളുടെ ഇടയില്‍ വലിയ കൊഴിഞ്ഞുപോക്കാണ് ഇരുവരും നേരിടുന്നത്. മേഗന്റെ അടുത്ത സഹായിയും പ്രൈവറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമെല്ലാം മാസങ്ങള്‍ക്കിടെ രാജിവെച്ചു. 

ഇതാദ്യമായല്ല സ്റ്റാഫുകളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ മേഗന്‍ വിമര്‍ശിക്കപ്പെടുന്നത്. 2018-ല്‍ ബക്കിങ്ഹാം കൊട്ടാരം മേഗനെതിരെ അന്വേഷണം നടത്തിയിരുന്നു. കൊട്ടാരത്തിലെ രണ്ട് ജീവനക്കാരോട് മോശമായി പെരുമാറിയെന്നതായിരുന്നു ആരോപണം. എന്നാല്‍, അതൊന്നും പുറത്തുവിട്ടിരുന്നില്ല. തനിക്കെതിരെയുള്ള പ്രചാരണമാണിതെന്ന് മേഗന്‍ അവകാശപ്പെട്ടു. 


 

Content Highlights: 'meghan markle is a dictator in heels', her staff saying