നാലുനിലകളിലായി 170 മുറികള്‍, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗികവസതിയായ ബക്കിങ്ഹാം കൊട്ടാരത്തിനേക്കാള്‍ നാലിരട്ടി വലുപ്പം...പറഞ്ഞുവരുന്നത് ഇന്ത്യയിലെ ഏറ്റവും വലുപ്പം കൂടിയ സ്വകാര്യഭവനത്തെക്കുറിച്ചാണ്. ഗുജറാത്തിലെ വഡോദരയിലാണിത് സ്ഥിതി ചെയ്യുന്നത്. 

1890-ല്‍ മഹാരാജ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമനാണ് ഇത് പണിതത്. ബ്രിട്ടീഷ് ആര്‍ക്കിടെക്ടായ ചാള്‍സ് മാന്റിന്റെ ഡിസൈനിലാണ് കൊട്ടാരനിര്‍മാണം തുടങ്ങിയത്. ബിഹാര്‍, കോലാപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊട്ടാരം നിര്‍മിച്ചയാളാണ് ചാള്‍സ്. അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതിയായിരുന്നു ലക്ഷ്മിവിലാസ് പാലസ്. പക്ഷേ അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനിടയില്‍ ചാള്‍സ് ആത്മഹത്യയില്‍ അഭയംതേടുകയായിരുന്നു. കൊട്ടാരത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും പേടിയും അദ്ദേഹത്തെ വിഷാദത്തിലേക്ക് നയിച്ചുവെന്നും അതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പറയപ്പെടുന്നു. കൊട്ടാരനിര്‍മാണം നടക്കുന്നതിനിടയില്‍ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയതായി അദ്ദേഹം ഭയപ്പെട്ടിരുന്നു. ഏത് നിമിഷവും കൊട്ടാരം ഇടിഞ്ഞുപൊളിഞ്ഞ് വീണേക്കാമെന്നും. അതാണ് തന്റെ ജീവന്‍ കളയുന്നതിലേക്ക് വരെ എത്തിച്ചതത്രേ. അതിനുശേഷം റോബര്‍ട്ട് ഫെല്ലോസ് എന്നയാളാണ് പണി പൂര്‍ത്തിയാക്കിയത്. പന്ത്രണ്ട് വര്‍ഷമാണ് പൂര്‍ത്തീകരിക്കാനായി എടുത്തത്.   

ഒരു ആഭ്യന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചും എലിവേറ്ററും വൈദ്യുതിയുമൊക്കെ അന്നേ ഈ കൊട്ടാരത്തിലുണ്ടായിരുന്നു. സോന്‍ഗഢില്‍നിന്നുള്ള സ്വര്‍ണനിറമാര്‍ന്ന കല്ലുകള്‍കൊണ്ടാണ് കൊട്ടാരത്തിന്റെ പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്. അതിരാവിലെയും വൈകുന്നേരവും സൂര്യപ്രകാശമേല്‍ക്കുമ്പോള്‍, ആ സ്വര്‍ണനിറം കൂടുതല്‍ തിളങ്ങും. 

കൊട്ടാരത്തിനുള്ളില്‍ രണ്ട് നടുമുറ്റങ്ങളുണ്ട്. അതിനുചുറ്റും വാട്ടര്‍ ഫൗണ്ടനുകളും. ഒരു ചെറിയ റെയില്‍പ്പാതയും ഇതിനോടനുബന്ധിച്ചുണ്ട്. കൊട്ടാരത്തിലുള്ള കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോവാന്‍ വേണ്ടിയുള്ളതായിരുന്നുവത്. അന്നത്തെ ചെറിയ ട്രെയിന്‍ ഇന്ന് ഇവിടെയുള്ള മ്യൂസിയത്തില്‍ കാണാം. ഒരു സ്വകാര്യ മൃഗശാലയും കൊട്ടാരത്തിലുണ്ട്. 

പാര്‍ക്കുകളും ഗോള്‍ഫ് കോഴ്‌സുകളുമാണ് ഈ കൊട്ടാരത്തിന്റെ പ്രധാന ആകര്‍ഷണം. സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമന്റെ പേരക്കുട്ടിയായ മഹാരാജ പ്രതാപ് സിങ്ങാണ് 1930-കളില്‍ യൂറോപ്യന്‍ അതിഥികള്‍ക്കായി ഗോള്‍ഫ് കോഴ്‌സ് നിര്‍മിച്ചത്. അദ്ദേഹത്തിന്റെ പേരക്കുട്ടിയായ സമര്‍ജിത് സിങ് 90-കളില്‍ അത് നവീകരിക്കുകയും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. അതിന്ന് ബറോഡ ഗോള്‍ഫ് ക്ലബ് എന്നാണ് അറിയപ്പെടുന്നത്. ഒപ്പം ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ടും ബാഡ്മിന്റണ്‍ കോര്‍ട്ടും ഈ കൊട്ടാരത്തിലുണ്ട്. മോത്തിബാഗ് ക്രിക്കറ്റ് ഗ്രൗണ്ട്, മഹാരാജ ഫത്തേസിങ് മ്യൂസിയം, മോത്തി ബാഗ് പാലസ് എന്നിവയും ലക്ഷ്മിവിലാസ് പാലസിന്റെ ഭാഗമാണ്.  

സത്യ പ്രേം കി കഥ, സര്‍ദാര്‍ ഗബ്ബര്‍ സിങ്, ഗ്രാന്‍ഡ് മസ്തി, ദില്‍ ഹി തോ ഹെ തുടങ്ങിയ സിനിമകള്‍ ഇവിടെയാണ് ചിത്രീകരിച്ചത്.