കല്യാണമായോ: പെണ്‍കുട്ടികള്‍ എടുക്കണം ഈ സാമ്പത്തിക തീരുമാനങ്ങൾ

വിവാഹത്തെക്കുറിച്ച് വലിയ സ്വപ്‌നങ്ങളാണ് പെണ്‍കുട്ടികള്‍ക്ക്. വിവാഹം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ സുരക്ഷിതത്വവും സന്തോഷവും സാമ്പത്തിക ഭദ്രതയുമൊക്കെ കൊണ്ടുവരുമെന്നാണ് സിനിമകളിലും കഥകളിലുമൊക്കെയുള്ള സങ്കല്പം. എന്നാല്‍ റിയല്‍ ലൈഫില്‍ പ്രീവെഡിങ് ഷൂട്ടിലും സേവ് ദി ഡേറ്റിലും കല്ല്യാണ പാര്‍ട്ടിയിലുമൊക്കെ കാണുന്ന ആഘോഷങ്ങളായിരിക്കില്ല പിന്നീടങ്ങോട്ട്.
വിവാഹ ജീവിതത്തിലെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് വളരെ പ്രധാനപ്പെട്ടതാണ്. പെണ്‍കുട്ടികളാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കാരണം അങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ ഭാര്യമാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം മിക്ക ഭര്‍ത്താക്കന്മാരും അനുവദിച്ചു തരികയുള്ളൂ. വിവാഹശേഷം തങ്ങളുടെ ശമ്പളം, വരുമാനം, സാമ്പത്തിക ബാധ്യതകള്‍ തുടങ്ങിയവ എങ്ങനെ കൈകാര്യം ചെയ്യും എന്നകാര്യത്തില്‍ ഒരു ധാരണ വിവാഹത്തിന് മുമ്പ് തന്നെ വരനുമായി ഉണ്ടാക്കുന്നത് വളരെ നല്ലതാണ്. അതിനുകഴിഞ്ഞില്ലെങ്കില്‍ വിവാഹശേഷം കഴിയുന്നത്ര വേഗത്തില്‍ ഇരുവരും സംസാരിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണം. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് തോന്നാം. വിവാഹബന്ധത്തില്‍ ഉണ്ടാകുന്ന പല അസ്വാരസ്യങ്ങളുടെയും തുടക്കം വരുമാനം കൈകാര്യം ചെയ്യുന്നതിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും ഭാര്യയും ഭര്‍ത്താവും ജോലിക്കാരോ സ്വന്തമായി വരുമാനമുള്ളവരോ ആണെങ്കില്‍. പണത്തിന്റെ കാര്യം കഴിയാവുന്നത്ര ചര്‍ച്ചചെയ്യാതിരിക്കുക എന്നതാണ് നമ്മളുടെ കുടുംബങ്ങളിലെ ഇത്രകാലത്തെയും രീതി. അത് വീട്ടിലെ പുരുഷന്റെ മാത്രം ഉത്തരവാദിത്തവും തീരുമാനവുമായാണ് കരുതിപ്പോന്നിരുന്നത്. എങ്കിലും ഇപ്പോഴത് മറിവരുന്നുണ്ട്.
1. പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് കഴിയാവന്നത്ര സാമ്പത്തികമായി സുരക്ഷിതരാകാന്‍ ശ്രമിക്കുക. ഒരാള്‍ മറ്റൊരാളുടെ ചെലവിലാണ് കഴിയുന്നത് എന്ന സ്ഥിതി ഉണ്ടാക്കാതിരിക്കുക. ചെറുതെങ്കിലും ഒരു ജോലിയോടെ വിവാഹിതയാകുന്നതാണ് നല്ലത്
2. ചെലവുകള്‍ ഭാര്യയുടെ ശമ്പളത്തില്‍ നിന്ന്. സമ്പാദ്യവും നിക്ഷേപവും ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്ന്. ഈ രീതി കഴിയാവുന്നത്ര ഒഴിവാക്കുക. രണ്ട് പേരും വീട്ടുചെലവിനായി തുല്യമായ ഒരു തുകയോ അവരവരുടെ വരുമാനത്തിന് അനുസരിച്ചുള്ള തുകയോ മാറ്റിവച്ച് ഒരു കോമണ്‍ ഫണ്ട് ഉണ്ടാക്കുക. ഇതിനായി ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാം. ചെലവുകളെല്ലാം അതില്‍ നിന്ന് നടത്തുക. ഭാവി ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള നിക്ഷേപങ്ങള്‍ക്കായും പ്രതിമാസം ഒരു തുക നിശ്ചയിക്കുക. ഇങ്ങനെ ചെലവുകള്‍ക്കായും നിക്ഷേപത്തിനായും മാറ്റിവെച്ചശേഷമുള്ള വരുമാനത്തിലെ അല്ലെങ്കില്‍ ശമ്പളത്തിലെ ബാക്കി തുക ഇരുവരും ഇഷ്ടാനുസരണം ചിലവഴിക്കട്ടെ. അതേക്കുറിച്ച് പരസ്പരം അന്വേഷിക്കുകയും വേണ്ട.
3. വിദ്യാഭ്യാസ വായ്പകള്‍ പോലുള്ള സാമ്പത്തിക ബാധ്യതകളെക്കുറിച്ച് പറ്റുമെങ്കില്‍ വിഹാഹത്തിന് മുമ്പേ ചര്‍ച്ചചെയ്യുന്നത് നല്ലത്. അതിനുകഴിഞ്ഞില്ലെങ്കില്‍ വാവാഹശേഷമായാലും മതി. അതുപോലെ സഹോദരന്മാരുടെ പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ തുടര്‍ന്നും സാമ്പത്തിക സാഹയം ചെയ്യേണ്ടത് ഉണ്ടങ്കില്‍ അക്കാര്യവും ചര്‍ച്ചചെയ്ത് ഒരു ധാരണയിലെത്തുന്നത് നല്ലതാണ്. സ്വന്തം വീട്ടുകാരെ സഹായിക്കുന്നതിന്റെ പേരില്‍ പീന്നീട് ഒരു അഭിപ്രായവ്യത്യാസത്തിന് വഴിവെക്കരുത്.
4. വായ്പയെല്ലാം ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്ന് അടയ്ക്കാം. വീട്ട് ചെലവെല്ലാം ഭാര്യ നടത്തിക്കോ. ഈ രീതിയും അഭികാമ്യമല്ല. ജോയിന്റായി ഭവന വായ്പ എടുത്ത് വീട് വയ്ക്കുന്നുണ്ടെങ്കില്‍ ആ വീടും സ്ഥലവും രണ്ടുപേരുടെയും പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. രണ്ടുപേരും ചേര്‍ന്നാകണം ഇ.എം.ഐ അടയ്‌ക്കേണ്ടത്. എത്ര തുകവീതം രണ്ടുപേരും നല്‍കണം എന്നത് വരുമാനത്തിന് അനുസരിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കാം. വീടിന്റെ ഉടമസ്ഥാവകാശം തുല്യമായോ മുടക്കുന്ന പണത്തിന് ആനുപാതികമായോ രജിസ്റ്റര്‍ ചെയ്യാം. ഭവന വായ്പയ്ക്ക് ലഭിക്കുന്ന ഇന്‍കം ടാക്‌സ് ഇളവ് രണ്ടുപേര്‍ക്കും ലഭിക്കണമെങ്കില്‍ വീട് രണ്ടുപേരുടെയും പേരിലായിരിക്കണം.
5. ഏതു നിക്ഷേപം നടത്തിയാലും അതെല്ലാം രണ്ടുപേരുടെയും പേരിലാക്കാന്‍ പരമാവധി ശ്രദ്ധിക്കുക. നിക്ഷേപങ്ങളില്‍ പങ്കാളിയുടെ പേര് നോമിനിയായിവെച്ചതുകൊണ്ട് മാത്രം അതിന് അയാള്‍ അനന്തര അവകാശി ആയിക്കൊള്ളണം എന്നില്ല. അര്‍ഹതപ്പെട്ട മറ്റാരും അവകാശവുമായി വന്നില്ലെങ്കില്‍ മാത്രമേ നോമിനിക്ക് ഇക്കാര്യത്തില്‍ നിയമസംരക്ഷണം ലഭിക്കുകയുള്ളൂ എന്നത് മറക്കരുത്.
6. നിങ്ങളുടെ പേരിലുള്ള എ.ടി.എം, ക്രഡിറ്റ് കാര്‍ഡുകള്‍ ഭര്‍ത്താവിന് ഉപയോഗിക്കാന്‍ നല്‍കരുത്. നേരെ മറിച്ചും. ഇത്തരം കാര്‍ഡുകള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതാണ്. അങ്ങനെ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നുമാത്രമല്ല, എ.ടി.എം കൗണ്ടറില്‍ നിങ്ങള്‍ തട്ടിപ്പിനിരയായാല്‍ യഥാര്‍ത്ഥ കാര്‍ഡുടമയല്ല ഇടപാട് നടത്തിയതെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരം കിട്ടില്ല.
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: woman must have a financial planning before getting married