ഇനി പാവയ്ക്ക ഒഴിവാക്കേണ്ട; കയ്പ്പ് മാറ്റാന്‍ ചില എളുപ്പവഴികൾ

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

കയ്പ്പനാണെങ്കിലും ഏറെ പോഷകഗുണമുള്ള പച്ചക്കറിയാണ് പാവയ്ക്ക. കയ്പ്പായതിനാൽ ഭൂരിഭാഗം ആളുകളും ഇതിനെ ഒഴിവാക്കാറാണുള്ളത്. എന്നാൽ ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയാണ്‌ പാവയ്ക്ക. അത് നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചില നുറുങ്ങുകൾ പരീക്ഷിച്ചാൽ പാവയ്ക്കയുടെ കയ്പ്പ് എളുപ്പത്തിൽ മാറ്റാനാകും.

1. പുറംതൊലി ചുരണ്ടി കളയുക
പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കുന്നതിന് ആദ്യം അതിന്റെ പരുക്കനായ പുറംതൊലി ചുരണ്ടി കളയുക. ഒരു പീലർ ഉപയോഗിച്ച് പുറംഭാഗം മിനുസപ്പെടുത്തുക. പുറംതൊലി ചുരണ്ടിക്കളഞ്ഞ ശേഷം, പാവയ്ക്ക കഷണങ്ങളാക്കി മുറിച്ച്, അതിലെ വലിയ കുരുക്കൾ നീക്കം ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധി വരെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

2. ഉപ്പ് ഉപയോഗിക്കുക
പാവയ്ക്കയുടെ കയ്പ്പ് കളയാനുള്ള ഏറ്റവും എളുപ്പമായ മാർഗം ഉപ്പാണ്. ഉപ്പ് പാവയ്ക്കയുടെ കയ്പ്പുള്ള നീര് പുറത്തേക്ക് വലിച്ചെടുക്കുന്നു. ഇതിന് പലമാർഗങ്ങളുണ്ട്. അരിഞ്ഞുവെച്ച കഷണങ്ങളിൽ ഉപ്പ് പുരട്ടി കഷണങ്ങൾ 20-30 മിനിറ്റ് നേരം വെക്കുന്നത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ പാവയ്ക്ക ചെറുതായി അരിഞ്ഞ് ചൂടുള്ള ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുന്നതും ഫലപ്രദമാണ്. ഉപ്പ് പുരട്ടിയ ശേഷം പാവയ്ക്കയിലെ നീര് പിഴിഞ്ഞു കളയാൻ മറക്കരുത്. 

3. ശർക്കര ചേർത്ത് വയ്ക്കാം
ശർക്കര ചേർത്ത് പാകം ചെയ്യുന്നതോ ശർക്കര പുറത്ത് തൂകി വയ്ക്കുന്നതോ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

4. തെെരിലോ യോഗർട്ടിലോ മുക്കിവയ്ക്കുക
പാവയ്ക്കയുടെ കയ്പ്പ് മാറ്റാനുള്ള മറ്റൊരു മാർഗ്ഗം, തെെരിൽ മുക്കിവയ്ക്കുന്നതാണ്. പാചകത്തിന് എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പാവയ്ക്ക കഷണങ്ങൾ തെെരിലോ യോഗർട്ടിലോ ഇട്ടുവെക്കുന്നത് കയ്പ്പ് കുറയാൻ സഹായിക്കും.

5. പഞ്ചസാരയും വിനാഗിരിയും ചേർത്ത മിശ്രിതത്തിൽ മുക്കിവയ്ക്കുക
ഒരു പാത്രത്തിൽ അര കപ്പ് വെള്ളം, അര കപ്പ് വിനാഗിരി, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക. അരിഞ്ഞ പാവയ്ക്ക ഈ മിശ്രിതത്തിൽ മുക്കിവയ്ക്കുക. കുറഞ്ഞത് 20-30 മിനിറ്റെങ്കിലും കുതിർക്കാൻ വയ്ക്കുക. ഇനി വെള്ളം മാറ്റി സാധാരണവെള്ളത്തിൽ കഴുകുക. പാവയ്ക്കയുടെ കയ്പ്പ് കുറഞ്ഞുകിട്ടും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: simple methods to reduce the bitterness of bitter gourd and enjoy its health benefits.